ഇനി ഒരു നാൾ; വിശ്വഫുട്ബോൾ മാമാങ്കത്തിന് റഷ്യയും ലോകവും ഒരുങ്ങി

Loading...

മോസ്കോ :ഇനി ഒരു നാൾ. വിശ്വഫുട്ബോൾ മാമാങ്കത്തിന് റഷ്യയും ലോകവും ഒരുങ്ങി. വ്യാഴാഴ്ച ഇന്ത്യൻസമയം രാത്രി 8.30ന് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ പന്തുരുളും. അതിനുമുമ്പ് ഉദ്ഘാടനചടങ്ങുകൾ. 32 ദിനരാത്രങ്ങൾ ലോകം ഇനി പന്തിനു പിന്നാലെ.

മോസ്കോയിൽ ഉദ്ഘാടനചടങ്ങുകൾ കെങ്കേമമാകും. ബ്രിട്ടീഷ് പോപ് സ്റ്റാർ റോബി വില്യംസാണ് ഉദ്ഘാടനചടങ്ങുകൾക്ക് കൊഴുപ്പേകുക. തുടർന്ന് 500‐ഓളം റഷ്യൻ കലാകാരന്മാർ കാഴ്ചയ്ക്ക് വിരുന്നൊരുക്കും. അരമണിക്കൂറാണ് ഉദ്ഘാടനചടങ്ങുകൾ. മുൻ ബ്രസീൽ താരം റൊണാൾഡോയും ചടങ്ങിലുണ്ടാകും. ‘ലിവ് ഇറ്റ് അപ്’ ആണ് ലോകകപ്പിന്റെ ഒദ്യോഗികഗാനം. ഗായകരായ വിൽ സ്മിത്തും നിക്കി ജാമും ഇറ ഇസ്ട്രഫിയും ഉദ്ഘാടനചടങ്ങുകൾക്കെത്തുമോ എന്ന് ഉറപ്പില്ല.
എൺപതിനായിരം പേരെ ഉൾക്കൊള്ളുന്നതാണ് ലുഷ്നികി സ്റ്റേഡിയം. ആദ്യ മത്സരവും ഫൈനലും ഇവിടെയാണ്. 1950ലാണ് സ്റ്റേഡിയം നിർമിച്ചത്. 1980ലെ ഒളിമ്പിക്സിന് വേദിയായി. റഷ്യൻ ദേശീയ ടീമിന്റെ ഏറ്റവും കൂടുതൽ മത്സരങ്ങൾക്ക് വേദിയായതും ലുഷ്നികി സ്റ്റേഡിയമാണ്. റഷ്യയിലെ പ്രമുഖ ടീമുകളായ സ്പാർട്ടക, സിഎസ്കെഎ, ടൊർപെഡോ ടീമുകളുടെ തട്ടകവുമായിരുന്നു. 2008ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം നേടിയതും ഇതേ വേദിയിൽ.

ടീമുകളൊക്കെ അവസാന ഒരുക്കവും പൂർത്തിയാക്കി. അവസാന സന്നാഹമത്സരം കഴിഞ്ഞ് ബൽജിയവും സെനെഗലും ഒരുങ്ങി. ബൽജിയത്തിന് ഏദെൻ ഹസാർഡിന്റെ പരിക്കിൽ നേരിയ ആശങ്കയുണ്ട്. പരിക്ക് സാരമുള്ളതല്ല. ജർമനിയുടെ മെസൂട്ട് ഒസീലും ബ്രസീലിന്റെ ഫ്രെഡും പരിക്ക് ആശങ്കയൊഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്. നെയ്മറുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ ചിരിവിരിഞ്ഞു. ഒരുദിനം മാത്രം ശേഷിക്കെ ബ്രസീലാണ് കണക്കുകളിൽ മുന്നിൽ. ജർമനിയും സ്പെയ്നും തൊട്ടുപിന്നിൽ നിൽക്കുന്നു. ഫ്രാൻസിനും അർജന്റീനയ്ക്കും സാധ്യതാപട്ടികയിൽ ഇടമുണ്ട്.

Loading...