(truevisionnews.com) ഒരുമാസത്തെ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ആത്മീയ ചിന്തകളുടെയും പരിസമാപ്തി കുറിച്ച് ഈദുൽ ഫിത്ത്വർ (ചെറിയ പെരുന്നാൾ) സമാഗതമായി.
തീഷ്ണമായ പരീക്ഷണത്തിന്റെ പുതിയ അവസ്ഥയായ ചുട്ടുപൊള്ളുന്ന വേനലിനെ ആത്മീയ ചൈതന്യത്തിന്റെ മേലാപ്പ് കൊണ്ട് കീഴടക്കി സർവസവും ജഗന്നിയന്താവിന് സമർപ്പിച്ച് വിശ്വാസി സമൂഹം ഈദ് ആഘോഷിക്കുമ്പോൾ, കഴിഞ്ഞ 29 ദിനരാത്രങ്ങളിൽ നേടിയെടുത്ത ഉൽകൃഷ്ടമായ ആശയ സമ്പുഷ്ടത വരും നാളുകളിൽ സിരകളിൽ ഒഴുകുന്ന രക്തത്തിന് ഉത്തേജനമായി തീരണം എങ്കിലേ നാം നേടിയെടുത്ത ആത്മ വിശുദ്ധിക്ക് ഫലപ്രാപ്തിയുണ്ടാകുകയുള്ളൂ.
"ഈദ് "എന്നാൽ ആഘോഷം എന്നാണ് അർത്ഥം ഫിത്ത്വർ എന്നാൽ നോമ്പ് തുറക്കൽ എന്നുമാണ് അർത്ഥം.
സൂര്യോദയത്തിനും സന്ധ്യക്കും ഇടയിൽ അന്നപാനീയം ഉപേക്ഷിച്ച് നേടിയെടുത്ത ഭക്തി, സംയംമനം,സ്നേഹം, സാഹോദര്യം, നന്മകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ദയ എന്നിവ ജീവിതത്തിലു ടനീളം കാത്തുസൂക്ഷിക്കാൻ ചെറിയ പെരുന്നാളിന്റെ സന്തോഷ നിമിഷത്തിൽ നമുക്ക് കഴിയേണ്ടതായിട്ടുണ്ട്.
പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക എന്നാൽ ഈദുൽ ഫിത്ത്വറിന്റെ സന്ദേശം വർത്തമാനകാലത്ത് പ്രസക്തമാണ്, ജീവിതം ഇലക്ട്രോണിക് യന്ദ്രങ്ങളുടെ ഇടയിൽ കുരുക്കിട്ട് അന്യോനം മിണ്ടാനും വർത്തമാനം പറയാനും കഴിയാത്ത യാന്ത്രിക അവസ്ഥയിൽ നിന്നും ഉദാത്ത മനുഷ്യ ജൈവീകാവസ്ഥയിലേക്ക് മാറി വരാനുള്ള ഏറ്റവും യുക്തമായ അവസരമാണ് ചെറിയ പെരുന്നാൾ ദിനം.
പരമകാരുണ്യവാൻ നൽകിയ ഭക്ഷണത്തിൽ നാം മുഴുകുമ്പോഴും ചുറ്റുവട്ടത്ത് ആരും പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത നമുക്കുണ്ട്. ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ 19 % വും പാഴാക്കി കളയുന്ന ലോകത്താണ് നാം ജീവിക്കുന്നത്.
105 കോടി ടൺ ഭക്ഷണം ഒരു വർഷം പാഴാകുന്നു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. 78 കോടി പട്ടിണിപ്പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൃത്യമായി ലഭിക്കുന്നില്ല എന്ന അവസ്ഥയും ഭക്ഷണം ലഭിക്കാത്ത 600 ദശലക്ഷം പേരും മുസ്ലിം രാജ്യങ്ങളിലാണ് എന്ന കാര്യവും സൂചിപ്പിക്കുന്നത് ആവശ്യത്തിനുമാത്രം ഭക്ഷണം ഉണ്ടാക്കുകയും വലിയ പൊങ്ങച്ചങ്ങൾക്ക് വേണ്ടി ഭക്ഷണം പാഴാക്കിക്കളയുന്ന അവസ്ഥ ഉണ്ടാക്കാതിരിക്കുവാൻ ഈദുൽ ഫിത്ത്വറിന്റെ പൊൻപുലരിയിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.
വെള്ളം കിട്ടാക്കനി ആകുന്ന അവസ്ഥയിൽ മഴ മാറി നിൽക്കുന്നു, ലഭിക്കുന്ന മഴവെള്ളം അറബിക്കടലിലേക്ക് 24 മണിക്കൂറിനകം ഒഴുകി പോകുന്നു,ചൂട് അതിവേഗം കൂടുന്നു.
ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ നാൾക്കുനാൾ വർദ്ധിക്കുന്നു, പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കൾ പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്നു,ജീവിതശൈലി രോഗം പിടി മുറക്കുന്നു, എല്ലാം വലിച്ചെറിയുന്ന സംസ്കാരം ചിലരൊക്കെ ഇപ്പോഴും തുടരുന്നു ഇതൊക്കെ മാറ്റി പ്രകൃതിയോട് ഇണങ്ങി പ്രകൃതി മനുഷ്യരായി ജീവിക്കാൻ ഈ ദിനത്തിൽ നമുക്ക് മനസ്സ് തുറക്കാം.
കുട്ടികളെ വഴിതെറ്റിക്കുന്ന ഘടകങ്ങളെ സ്നേഹചാർത്തിൽ നമുക്ക് ഇല്ലാതാക്കാം.
ആഗോള ജനസംഖ്യയുടെ 24 % വരുന്ന 60 രാജ്യങ്ങളിൽ വലിയ സ്വാധീനമുള്ള സമൂഹം അവരുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ആഘോഷം ആഘോഷിക്കുമ്പോൾ നിലവിലുള്ള ജീവിതശൈലിയിൽ ചെറിയ രീതിയിൽ മാറ്റം വരുത്തിയാൽ പ്രകൃതിയെ നമുക്ക് വീണ്ടെടുക്കാൻ സാധിക്കും.
അസമത്വം കൊടികുത്തി വാഴുന്ന ലോകത്ത് രാജ്യത്തിന്റെ സമ്പത്തിന്റെ 22.6% വെറും ഒരു ശതമാനം സമ്പന്നർ കയ്യടക്കി വെക്കുമ്പോൾ സാമ്പത്തിക രംഗത്ത് പുതു വെളിച്ചം പകർന്നു സക്കാത്ത്,ഫിത്ത്വർ സക്കാത്ത് എന്നിവ നൽകി അസമത്വം ഇല്ലാതാക്കാൻ കഴിയുന്ന ഒരു വലിയ സിദ്ധാന്തം മുന്നോട്ടുവെച്ച ഒരു സമൂഹമാണ് ഈദുൽ ഫിത്ത്വർ ആഘോഷിക്കുന്നത്.
ചെറിയ പെരുന്നാൾ ദിനത്തിൽ കുടുംബ വീടുകളിൽ സന്ദർശനം നടത്തി, സമ്മാനങ്ങൾ നൽകി,പുതുവസ്ത്രം ധരിച്ച്,സ്വാദിഷ്ടമായ ആഹാരം കഴിച്ച്,സുഗന്ധം പൂശി സന്തോഷാനുഗ്രാത്താൽ നാം ചിലവഴിക്കുമ്പോൾ ലോകത്ത് ഇതൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത ജനസമൂഹം ഉണ്ട് എന്ന കാര്യം വിസ്മരിക്കരുത്.
23 ലക്ഷം പേർ കൊടിയ യാതനയിലും ദുഃഖത്തിലും ദുരിതത്തിലും ആയി ജീവിക്കുന്ന ഫലസ്തീനിലെ ഗസ്സയിലെ സഹോദരന്മാരെ നാം ഓർക്കുക, അവിടെ 70% പേരും പട്ടിണിക്കാരാകുമ്പോൾ അവരിൽ ബഹുഭൂരിഭാഗത്തിനും ഒരു നേരത്തെ ആഹാരം കൃത്യമായി ലഭിക്കാതിരിക്കുമ്പോൾ നമ്മുടെ ആഘോഷത്തിന് തീർച്ചയായും അതിർ വരമ്പുകൾ നിശ്ചയിക്കുന്നത് ഗുണകരമായിരിക്കും.
ഈദുൽഫിത്ത്വറിന്റെ കേന്ദ്രബിന്ദു നന്ദിയാണ് പടച്ചവനോട് നന്ദി പറയുക എന്നത് ഈ സുദിനത്തിന്റെ സന്ദേശമാണ്. ജഗന്നിയന്താവുമായി ആത്മീയ ബന്ധം പുലർത്തി മുൻകാല പാപത്തിൽ നിന്ന് മോചനം നേടി വ്യക്തിപരമായ വളർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോഴും ചുറ്റുവട്ടത്ത് ദീനാനുകമ്പ വേണ്ടവരെ ചേർത്തുപിടിക്കാൻ നമുക്ക് സാധിക്കേണ്ടതായിട്ടുണ്ട് എങ്കിലേ ചൈതന്യമുള്ള പെരുന്നാൾ നമ്മളിൽ സന്നീവേശിക്കപ്പെടുകയുള്ളൂ.
ജീവകാരുണ്യ പ്രവർത്തനങ്ങളും, ദയയും നമ്മുടെ കൂടപ്പിറപ്പുകളായി ജീവിതത്തിലുടനീളം ഉണ്ടാകണം. ശവ്വാൽ മാസത്തിലെ ഒന്നാമത്തെ ദിവസം ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ ജീവിതം നന്മയായി മാറ്റാൻ ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്ന കണ്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ തിന്മകളെ ഇല്ലാതാക്കാൻ നന്മ ഹൃദയത്തിൽ ചാർത്തി നമുക്ക് മുന്നോട്ടു പോകാം.
Article by ടി ഷാഹുൽ ഹമീദ്
*
#message #love #EidulFitr