തൃശ്ശൂര്‍: (truevisionnews.com) സഹോദരനുവേണ്ടി പ്രാര്‍ഥിക്കില്ല എന്ന സഹോദരിയും ബി.ജെ.പി. പ്രവര്‍ത്തകയുമായ പത്മജ വേണുഗോപാലിന്റെ പ്രസ്താവനയ്‌ക്കെതിരെ തൃശ്ശൂര്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍.
പത്മജയുടെ പ്രാര്‍ഥന തനിക്ക് ആവശ്യമില്ലെന്നും കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം എന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. പത്മജ ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാര്‍ഥിച്ചുകൊണ്ട് അവിടെ ഇരുന്നോട്ടെ, എനിക്കുവേണ്ടി പ്രാര്‍ഥിക്കണ്ട. ദൈവത്തിനറിയാം കള്ളനാണയങ്ങളെ.
ദൈവത്തിനെ പറ്റിക്കാനാവില്ല എന്നാണ് ദൈവവിശ്വാസിയായ എന്റെ വിശ്വാസം - മുരളീധരന്‍ പറഞ്ഞു. വോട്ട് ചെയ്ത് പുറത്തുവന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഞാന്‍. അതിന്റെ ഗുണം സാധാരണയായി ഉണ്ടാകാറുണ്ട്. അത് ഇത്തവണയും ഉണ്ടാകും എന്നുതന്നെയാണ് വിശ്വാസം. അതൊന്നും എന്റെ മാത്രം മിടുക്കല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കൂടി ഗുണമാണ്.
ഇത്തവണ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അത് വലിയ ആത്മവിശ്വാസം പകരുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി എന്നെ ഏല്‍പിച്ച കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ സംതൃപ്തി. യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒറ്റക്കെട്ടായി നിന്നു.
അതുതന്നെയാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഒരു അപശബ്ദവുമില്ലാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നു. കേരളത്തില്‍ മൊത്തത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടുണ്ട്.
അതിനര്‍ത്ഥം നിലവിലുള്ള സര്‍ക്കാരിനെതിരായി സാധാരണക്കാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട് എന്നാണ്. പാചകവാതകമൊക്കെ വാങ്ങുന്നതും ഉപയോഗിക്കുന്നതും സ്ത്രീകളാണല്ലോ.
അവര്‍ എന്തായാലും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് ഒരിക്കലും വോട്ട് ചെയ്യില്ല. കേരളത്തിലും സ്ഥിതി വ്യത്യാസമല്ല. സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമാണ്.
മാവേലി സ്‌റ്റോറുകളില്‍ വേണ്ട സാധനങ്ങളില്ല. അതിലും കഷ്ടമാണ് സപ്ലൈകോയുടേയും മറ്റും അവസ്ഥ. സ്ത്രീകള്‍ വലിയ തോതില്‍ പോളിങ് ബൂത്തിലേക്ക് എത്തുന്നു എന്നതിനര്‍ത്ഥം ഭരണപക്ഷത്തിന് തട്ടുകിട്ടും എന്നാണ്. ബി.ജെ.പിക്കും സി.പി.എമ്മിനും നല്ല തട്ടുകിട്ടും - മുരളീധരന്‍ പറഞ്ഞു.
#God #knows #fake #coins #Padmaja #don't #pray #me #KMuralidharan