(truevisionnews.com) ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമര്‍നാഥ് .ഈ ഗുഹാക്ഷേത്രത്തിലേക്ക് വർഷത്തിലൊരിക്കൽ മാത്രം നടത്താവുന്ന തീര്‍ഥാടന യാത്രയുടെ ഈ വർഷത്തെ തീയതികൾ പ്രഖ്യാപിച്ചു.
ശ്രീ അമര്‍നാഥ് ക്ഷേത്രം ബോര്‍ഡാണ് യാത്രയുടെ തിയ്യതികള്‍ പ്രഖ്യാപിച്ചത്. ഇത് പ്രകാരം ജൂണ്‍ 29 മുതല്‍ ആഗസ്റ്റ് 19 വരെയാണ് ഇത്തവണത്തെ അമര്‍നാഥ് യാത്രയുണ്ടാവുക. 52 ദിവസം നീണ്ടു നില്‍ക്കുന്ന അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഇത്തവണത്തെ യാത്രയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 15 മുതല്‍ ആരംഭിച്ചു. കര്‍ശനമായ നിയന്ത്രണത്തോടെയും സുരക്ഷ ക്രമീകരണങ്ങളോടെയുമായിരിക്കും ഇത്തവണത്തെ യാത്ര ആരംഭിക്കുക.
ഇതിനായി ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങള്‍ സര്‍ക്കാര്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ജമ്മു കശ്മീര്‍ പോലീസിന്റെ ഭാഗമായ മൗണ്ടന്‍ റസ്‌ക്യു ടീമും ഇതിനോട് സഹകരിക്കും.അമര്‍നാഥ് യാത്രികര്‍ക്കായുള്ള മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
യാത്രയുമായി ബന്ധപ്പെട്ട സമ്പൂര്‍ണ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും. യാത്രയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ റിസര്‍വേഷനുകളിലേക്കുള്ള ലിങ്കുകളും കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പുകളും ആപ്പില്‍ ലഭിക്കും.
ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെ ഹിമാലയന്‍ മലനിരകളില്‍ 3880 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം.ജമ്മു കശ്മീരിലെ അനന്ദനാഗ് ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഠിനമായ കാലാവസ്ഥയും ഹിമാലയന്‍ ഭൂപ്രകൃതിയും കാരണം ഇന്ത്യയിലെ തന്നെ ഏറ്റവും അപകടകരമായ യാത്രകളിലൊന്ന് കൂടിയാണിത്.
ശിവന്‍ തന്റെ അമരത്വത്തിന്റെ രഹസ്യം പാര്‍വ്വതിക്ക് വെളിപ്പെടുത്തിയ ഇടം എന്നു വിശ്വസിക്കപ്പെടുന്ന അമര്‍നാഥില്‍ വര്‍ഷത്തില്‍ പ്രത്യേക സമയത്തു മാത്രമാണ് പൂജകള്‍ നടക്കുന്നത്. പ്രകൃതി നിര്‍മ്മിതമായ ഈ ഗുഹാ ക്ഷേത്രം വര്‍ഷത്തില്‍ കൂടുതല്‍ സമയവും മഞ്ഞു മൂടിയ നിലയിലാണു കാണപ്പെടുന്നത്.
സര്‍ക്കാരില്‍ നിന്നും മുന്‍കൂട്ടി പ്രത്യേക അനുമതി ലഭിച്ചവര്‍ക്കു മാത്രമേ ഇവിടം സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ. വര്‍ഷത്തില്‍ മുപ്പത് മുതല്‍ 40 ദിവസം വരെയാണ് ഇവിടെ തീര്‍ഥാടനത്തിനെത്തുവാന്‍ സാധിക്കുക.
ഇന്ത്യന്‍ സൈന്യത്തിന്റെ കര്‍ശനമായ സുരക്ഷയിലാണ് തീര്‍ഥാടകര്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര നടത്തുക. പ്രധാനമായും രണ്ട് വഴികളിലൂടെയാണ് ക്ഷേത്രത്തിലെത്താന്‍ സാധിക്കുക. ശ്രീനഗറില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള വാല്‍ത്താല്‍ താഴ്‌വര വരെ ബസിലോ ടാക്സികളിലോ എത്തിയ ശേഷം കാല്‍നടയായി അമര്‍നാഥിലെത്താം.
14 കിലോമീറ്റര്‍ ദൂരമാണ് ഇതിനായി നടക്കേണ്ടി വരിക. കൂടുതല്‍ സാഹസികത നിറഞ്ഞ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പഹല്‍ഗാം വഴിയുള്ള പാത തിരഞ്ഞെടുക്കാം. ജമ്മുവിലെ ഭഗവതി നഗറാണ് ഈ യാത്രയുടെ ബേസ് ക്യാമ്പ്. ഈ യാത്രയില്‍ 16 കിലോമീറ്റര്‍ കൊടും വനത്തിലൂടെ നടക്കണം.
പഞ്ചതരണയില്‍ രാത്രി ക്യാമ്പ് ചെയ്ത ശേഷം 6 കിലോമീറ്റര്‍ അകലെയുള്ള അമര്‍നാഥിലേക്ക് പോകാം. ചുണ്ണാമ്പു കല്ലുകള്‍ കൊണ്ട് പ്രകൃതി ദത്തമായി നിര്‍മ്മിക്കപ്പെട്ടതാണ് അമര്‍നാഥ് ഗുഹാ ക്ഷേത്രം. 150 അടി ഉയരവും 90 അടി വീതിയും ഈ ഗുഹയ്ക്കുണ്ട്. ഇപ്പോള്‍ അമര്‍നാഥിലേക്ക് ഹെലിക്കോപ്റ്റര്‍ സര്‍വീസും ലഭ്യമാണ്.
#Amarnath #Temple #Yatra #2024