ദില്ലി: (truevisionnews.com) ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഒരൊറ്റ മത്സരത്തോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതാ പട്ടികയില്‍ സഞ്ജു സാംസണെക്കാള്‍ ഒരുപടി മുന്നിലെത്തി റിഷഭ് പന്ത്.
ഗുജറാത്തിനെതിരെ തകര്‍പ്പന്‍ പ്രകടനമായിരുന്നു പന്തിന്റേത്. ടീം മൂന്നിന് 44 എന്ന നിലയില്‍ തകര്‍ന്നിരിക്കെ അഞ്ചാമനായി ക്രീസിലെത്തിയ പന്ത് 43 പന്തില്‍ 88 റണ്‍സാണ് പന്ത് അടിച്ചെടുത്തത്.
എട്ട് സിക്‌സും അഞ്ച് ഫോറും പന്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. മാത്രമല്ല, റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാനും പന്തിന് സാധിച്ചു.
ഒമ്പത് മത്സരങ്ങളില്‍ 342 റണ്‍സാണ് പന്ത് നേടിയത്. 48.86 ശരാശരിയും 161.32 സ്ട്രൈക്ക് റേറ്റും പന്തിനുണ്ട്.
അതേസമയം, പന്തിനേക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ച സഞ്ജു 62.80 ശരാശരിയില്‍ 314 റണ്‍സുമായി ഏഴാമതാണ്.
എട്ട് മത്സരം കളിച്ച സഞ്ജുവിന് 152.43 സ്‌ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. ഇതിനിടെ മറ്റൊരു കാര്യത്തില്‍ കൂടി പന്ത് മുന്നിലെത്തി. 2024 ഐപിഎല്ലില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പറായിരിക്കുകയാണ് പന്ത്.
കഴിഞ്ഞ ദിവസത്തെ ഇന്നിംഗ്‌സോടെ സഞ്ജുവിനെ മറികടക്കാന്‍ പന്തിനായി. ഇപ്പോള്‍ പന്തിനേക്കാള്‍ 28 റണ്‍സ് പിറകിലാണ് സഞ്ജു.
സോഷ്യല്‍ മീഡിയ പിന്തുണയും കൂടുതല്‍ പന്തിന് തന്നെ. താരത്തെ എന്തുകൊണ്ടും ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിക്കുന്നവരുണ്ട്.
എന്നാല്‍ മറിച്ച് പന്തിന് ലഭിച്ചത് താരതമ്യേന മോശം ബോളുകളാണെന്നും മറ്റൊരു വാദം. അവസാന ഓവറുകളില്‍ യഥേഷ്ടം ഫുള്‍ടോസുകളും പന്തിന് ലഭിച്ചു.
എന്തായാലും ആര് ടീമില്‍ വരണമെന്നുള്ള കാര്യത്തില്‍ പല പല അഭിപ്രായങ്ങളും വരുന്നു. ഗുജറാത്തിനെതിരെ മത്സരത്തില്‍ നാല് വിക്കറ്റിന് ഡല്‍ഹി ജയിച്ചിരുന്നു.
225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല് റണ്‍സകലെ ഗുജറാത്ത് വീഴുകയായിരുന്നു.
സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 224-4, ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 220-8.
#Ball #holding #field #through #single #match; #Sanju #step #possible #WorldCupteam