(truevisionnews.com) തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വ്യക്തിഹത്യയും അപവാദ പ്രചാരണങ്ങളും വ്യാപകം. സ്ഥാനാര്‍ഥിയെ മാത്രമല്ല, കുടുംബത്തെ പോലും അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
വ്യാജ വീഡിയോ ക്ലിപ്പുകളുണ്ടാക്കി തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്ന പരാതിയുമായി വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി.
തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രവും, പാനൂരിലെ സ്‌ഫോടന കേസിലെ പ്രതിയുമൊത്ത് നില്‍ക്കുന്ന വ്യാജ ചിത്രവും കുടുംബ ഗ്രൂപ്പുകളില്‍ വരെ എതിര്‍ കക്ഷികള്‍ പ്രചരിപ്പിക്കുന്നതായി അവര്‍ പരാതിപ്പെടുന്നു.
മുന്‍ തെരഞ്ഞെടുപ്പുകളിലൊന്നും ഇതുപോലുള്ള അപവാദ പ്രചാരണത്തിന് താന്‍ വിധേയയായിട്ടില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ അപവാദ പ്രചാരണ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. മോദിയുടെ വിരുന്നില്‍ പങ്കെടുത്തത് ചൂണ്ടിക്കാണിച്ചാണ് തനിക്കെതിരെ പ്രചാരണം അരങ്ങേറുന്നതെന്നും താന്‍ മനസ്സില്‍ വിചാരിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ തന്റേതെന്ന പേരില്‍ വാര്‍ത്തകളാക്കി പ്രചരിപ്പിക്കുന്നതായും പ്രേമചന്ദ്രന്‍ പറയുന്നു.
പൊന്നാനി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി അബ്ദുസ്സമദ് സമദാനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയില്‍ എതിര്‍ ചേരിയിലെ ചിലര്‍ക്ക് നോട്ടീസയച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍.
തൃശൂരില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കെ മുരളീധരനെതിരെ ബി ജെ പി സൈബര്‍ പടയാളികള്‍ വ്യാജ വാര്‍ത്തകളും നുണപ്രചാരണങ്ങളും അഴിച്ചു വിടുന്നതായി കോണ്‍ഗ്രസ്സ് ആരോപിക്കുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിന് ബി ജെ പി നേതാവ് ദിലീപ് ഘോഷും ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്ന് മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ഥി കങ്കണാ റണാവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ്സിലെ സുപ്രിയയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമ നടപടിക്ക് വിധേയമാകുകയുണ്ടായി.
തൂത്തുക്കുടിയിലെ ഡി എം കെ സ്ഥാനാര്‍ഥി എം കനിമൊഴിയെക്കുറിച്ച് എതിര്‍പക്ഷം വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഡി എം കെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ബി ജെ പി എംപി ഹേമമാലിനിക്കെതിരെ കോൺഗ്രസ്സ് നേതാവ് രൺദീപ് സിംഗ് സുർജേവാല നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് അദ്ദേഹത്തെ 48 മണിക്കൂർ വിലക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഏറ്റവും ചെലവു കുറഞ്ഞ പ്രചാരണോപാധിയെന്ന നിലയില്‍ വലിയ പങ്കാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഹിക്കുന്നത്. എന്നാല്‍ സൈബര്‍ ഇടങ്ങളിലെ പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഥാനാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പ്രയോഗങ്ങളും സഭ്യമല്ലാത്ത കമന്റുകളും പാടില്ല.
സാമൂഹിക മാധ്യമങ്ങളിലെ വോട്ടുപിടിത്തവും കമന്റുകളും നിരീക്ഷിക്കാന്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസാരം മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയതുമാണ്.
ഈ നിര്‍ദേശങ്ങളെയെല്ലാം കാറ്റില്‍ പറത്തിയുള്ള പ്രചാരണങ്ങളാണ് പക്ഷേ നടന്നുവരുന്നത്. പാര്‍ട്ടികളുടെയോ സ്ഥാനാര്‍ഥികളുടെയോ നിലപാടുകളെയും കാഴ്ചപ്പാടുകളെയും മാന്യമായ രീതിയില്‍ വിമര്‍ശിക്കാം. എതിര്‍ കക്ഷിയുടെ നയപരിപാടികളില്‍ അപാകതയുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം.
സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മയും വ്യക്തമായ തെളിവുകളുള്ള അഴിമതികളും തുറന്നു കാണിക്കാം. ഇതിലപ്പുറം വ്യക്തിഹത്യയും അപകീര്‍ത്തിപ്പെടുത്തലും അപവാദ പ്രചാരണവും തിരഞ്ഞെടുപ്പിലെന്നല്ല ഒരു ഘട്ടത്തിലും അരുതാത്തതാണ്. എല്ലാ വ്യക്തികള്‍ക്കുമുണ്ട് അന്തസ്സും മാന്യതയും.
അത് മാനിക്കാന്‍ എല്ലാവരും എപ്പോഴും ബാധ്യസ്ഥമാണ്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറലോ കുളിമുറിയില്‍ ഒളിഞ്ഞു നോക്കലോ അല്ല രാഷ്ട്രീയം. വ്യക്തിഹത്യക്കും അപവാദ പ്രചാരണത്തിനുമെതിരെ കോടതികള്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യക്തികളുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടം തട്ടുന്ന ഒരു പരാമര്‍ശവും അരുതെന്നാണ് കോടതി നിര്‍ദേശം.
സ്ത്രീകളുമായി ബന്ധപ്പെട്ട വാക്കുകളില്‍ സുപ്രീംകോടതി ഒരു ശൈലീ പുസ്തകം തന്നെ ഇറക്കുകയുണ്ടായി കഴിഞ്ഞ വര്‍ഷം. സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. എങ്കിലും വ്യാജ-അപവാദ പ്രചാരണങ്ങള്‍ക്ക് യാതൊരു കുറവുമില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് സംഭവിച്ചതും ജനങ്ങള്‍ മറന്നു കഴിഞ്ഞതുമായ അനിഷ്ട സംഭവങ്ങള്‍ വരെ ചികഞ്ഞെടുത്ത് അവതരിപ്പിക്കുന്നു.
ഗുരുതരമായിരിക്കും പലപ്പോഴും ഇതിന്റെ പ്രത്യാഘാതങ്ങള്‍. മുന്‍ തെരഞ്ഞെടുപ്പ് കാലങ്ങളെക്കാള്‍ കൂടുതലാണ് ഇത്തവണ വ്യക്തിഹത്യ. അവയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ സൈബര്‍ സെല്‍ പരാജയവുമാണ്.
സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട നിയമത്തിലെ പരിമിതികളും പഴുതുകളും ഉപയോഗപ്പെടുത്തിയാണ് അപവാദ പ്രചാരകര്‍ തങ്ങളുടെ പ്രവര്‍ത്തനം തുടരുന്നത്.
അപകീര്‍ത്തിയും വ്യക്തിഹത്യയും തങ്ങളുടെ ശൈലിയല്ലെന്ന് എല്ലാ പാര്‍ട്ടികളും ആണയിടുന്നു. അതേസമയം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന സൈബര്‍ പോരാളികളെയും നേതാക്കളെയും അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും അതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് നേതൃത്വത്തില്‍ നിന്നുണ്ടാകുന്നത്.
തെറിപ്രസംഗങ്ങളെ നാക്കുപിഴ എന്ന് പറഞ്ഞ് നിസ്സാരവത്കരിക്കും. ഇങ്ങനെ എത്രയെത്ര “നാക്കുപിഴ’കളാണ് ജനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. മാന്യമായി സംസാരിക്കുകയും അനാരോഗ്യകരമായ വിമര്‍ശനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയുമാണ് ഒരു നല്ല നേതാവിന്റെയും പ്രവര്‍ത്തകന്റെയും ലക്ഷണം.
#Personal #assassination #slander #campaigns #field #election #campaign