കൊച്ചി: (truevisionnews.com) പശ്ചിമ ബംഗാള്‍ സംസ്ഥാനത്ത് വ്യാജ എന്‍ജിന്‍ ഓയില്‍ ഉല്‍പ്പാദനത്തിനും വിതരണത്തിനുമെതിരെ നിര്‍ണായക നടപടിയുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ).
കമ്പനിയുടെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി (ഐപി) നടത്തിയ പരിശോധനയില്‍ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അനധികൃത വിതരണ ശൃംഖലയെ പൂട്ടിക്കുകയും ചെയ്തു.
ഉപഭോക്തൃ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും, ഹോണ്ടയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനുമുള്ള സുപ്രധാനമായ മുന്നേറ്റത്തിന്റെ ഭാഗമായി കൊല്‍ക്കത്ത പൊലീസ്, മറ്റ് നിയമ നിര്‍വഹണ ഏജന്‍സികള്‍ എന്നിവരുമായി സഹകരിച്ചായിരുന്നു ഈ രഹസ്യ ഓപ്പറേഷന്‍ നടത്തിയത്.
വാഹനത്തിന്റെ പ്രകടനത്തിനും സുരക്ഷയ്ക്കും കടുത്ത ഭീഷണി ഉയര്‍ത്തുന്ന വ്യാജ എന്‍ജിന്‍ ഓയില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടായിരുന്നു പരിശോധന.
കൊല്‍ക്കത്തയിലെ ജോറാസങ്കോ, നില്‍മോണിമിത്ര സ്ട്രീറ്റ്, പട്യാറ്റ്‌ലോവ ലെയ്ന്‍ എന്നിവിടങ്ങളിലാണ് തുടര്‍ച്ചയായ പരിശോധനകള്‍ നടന്നത്.
ഈ കേന്ദ്രങ്ങളില്‍ നിന്ന് ലൂബ്രിക്കന്റുകള്‍, ഡൈ-കാസ്റ്റ് ഘടകങ്ങള്‍, പ്രിന്റിങ് പ്ലേറ്റുകള്‍, പാക്കേജിങ് സാമഗ്രികള്‍, ലേബലുകള്‍, ഒഴിഞ്ഞ കണ്ടെയ്‌നറുകള്‍ എന്നിവയുള്‍പ്പെടെ 8,000 വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
വ്യാജ എഞ്ചിന്‍ ഓയിലുകള്‍, വാഹനത്തിന്റെ എഞ്ചിന്‍ കേടുപാടുകള്‍ക്കും ഇന്ധനക്ഷമത കുറയ്ക്കുന്നതിനും കാരണമാവുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അറിയിച്ചു.
അനധികൃത വിതരണ ശൃംഖലയെ പ്രതിരോധിക്കുന്നതിലൂടെ വ്യാജ ഉല്‍പ്പന്നങ്ങളുടെ അപകടങ്ങളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനും, യഥാര്‍ഥ എഞ്ചിന്‍ ഓയില്‍ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം ശക്തിപ്പെടുത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും എച്ച്എംഎസ്‌ഐ അറിയിച്ചു.
അംഗീകൃത ഡീലര്‍മാരില്‍ നിന്നും വിതരണക്കാരില്‍ നിന്നും മാത്രം ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ജാഗ്രത പാലിക്കാനും കമ്പനി ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു.
#Honda #take #strict #action #against #fake #engineoil #production #distribution #WestBengal