ലൊസാഞ്ചലസിലെ റെഡ് കാർപറ്റ് വേദിയിൽ 96-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു.ഓസ്കർ പുരസ്കാരം പോലെ തന്നെ പ്രസിദ്ധമാണ് വിജയികൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും. കഴിഞ്ഞ 22 വർഷമായി ഓസ്കർ വിജയികളാകുന്ന 20 നോമിനികൾക്കും ലഭിക്കുന്ന സമ്മാനം – നിരവധി സമ്മാനങ്ങൾ അടങ്ങിയ ആരും കൊതിക്കുന്ന, വളരെ മൂല്യമുള്ള ഒരു ഗിഫ്റ്റ് ഹാംപർ തന്നെയാണ്. ഓരോ ഓസ്കർ വിജയിക്കും ലഭിക്കുന്ന ഈ ഗിഫ്റ്റ് ഹാംപർ ഉൾക്കൊള്ളുന്നത് ഏകദേശം 1,80,000 ഡോളർ മൂല്യം വരുന്ന സമ്മാനങ്ങളാണ്.
ഇതിൽ തന്നെ ഏറ്റവും വിലയേറിയതും മൂല്യമുള്ളതുമായ സമ്മാനം, സ്വിറ്റ്സർലണ്ടിലെ തടി കൊണ്ട് നിർമിതമായ ഉല്ലാസകേന്ദ്രത്തിൽ മൂന്ന് രാത്രികൾ ചെലവഴിക്കാമെന്നതാണ്. സ്വിറ്റ്സർലണ്ടിലെ ഒരു ഗ്രാമത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന സെർമാറ്റിലെ ദ ഷാലറ്റ് സെർമാറ്റ് പീക് ആണ് ആ ഉല്ലാസകേന്ദ്രം. മനോഹരമായ ആൽപൈൻ അനുഭവമാണ് ഇവിടെത്തെ പ്രത്യേകത. കൂടാതെ, ഇവിടുത്തെ അതിമനോഹരമായ കാഴ്ചകളും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്.
ഓസ്കർ സമ്മാനമായി ലഭിക്കുന്ന ക്ഷണത്തിന് ഏകദേശം 50,000 ഡോളർ ആണ് വിലമതിക്കുന്നത്. ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന താരങ്ങൾക്ക് മുഴുവൻ ഉല്ലാസകേന്ദ്രവും തങ്ങൾക്കും ഒമ്പത് അതിഥികൾക്കുമായി മൂന്നു ദിവസം പൂർണമായും ഉപയോഗിക്കാം. ആറു നിലയിലായാണ് ഈ ഉല്ലാസകേന്ദ്രം നിലകൊള്ളുന്നത്. തറ മുതൽ സീലിങ് വരെ നീളുന്ന ജനാലകളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ സ്പായും ഇവിടെ ലഭ്യമാണ്. മസ്സാജ് തെറാപിസ്റ്റുകളും ഇവിടെ തന്നെയുണ്ട്.
ആകാശം കാണാൻ കഴിയുന്ന വിധത്തിലുള്ള മേൽക്കൂരയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മുഴുവൻ സമയവും ഓടുന്ന കാറുകളും ലഭ്യമായിരിക്കും. വിവിധ വിഭവങ്ങൾ ഉൾക്കൊള്ളുന്ന, ലോകത്തിലെ തന്നെ ഏറ്റവും മികച്ച പാചകക്കാർ തയാറാക്കുന്ന അത്താഴവിരുന്നും വൈനും ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നു. ഓസ്കർ സമ്മാനപ്പെട്ടിയിൽ സഞ്ചാരികളെ കൊതിപ്പിക്കുന്ന മറ്റൊരു ഐറ്റം കൂടിയുണ്ട്. തെക്കൻ കലിഫോർണിയയിൽ ആഡംബര സ്പാ ആയ ഗോൾഡൻ ഡോറിൽ ഏഴ് ദിവസത്തെ താമസമാണ് ലഭിക്കുന്നത്.
#Those #three #nights #Alps #luxury #anyone #could #covet #Come #let's #have #fun