#LokSabhaElection2024 | രാജ്യം വേണോ? വേണം നന്മയുടെ, നേരിൻ്റെ പക്ഷം

#LokSabhaElection2024 | രാജ്യം വേണോ? വേണം നന്മയുടെ, നേരിൻ്റെ പക്ഷം
Apr 24, 2024 08:46 AM | By VIPIN P V

(truevisionnews.com) ഇന്ത്യയുടെ ഭാവിയിൽ ഇരുൾ വീഴ്ത്താൻ ഒരു ദുഷ്ടശക്തിക്കും ഇടം കൊടുത്തുകൂടാ. മാതൃരാജ്യത്തെ സ്നേഹിക്കുന്ന ഏവരും ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കേണ്ട ചരിത്ര സന്ദർഭമാണിത്.

ഈ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും സംഘപരിവാർ ഭൂരിപക്ഷം നേടിയാൽ നിലവിലെ ഇന്ത്യ ഇല്ലാതാകും. നമ്മുടെ ചിന്തകൾ പിഴച്ചാൽ അത് ഇന്ത്യ എന്ന മതേതര ജനാധിപത്യ രാഷ്ട്രത്തിന് അന്ത്യം കുറിക്കുന്ന വീഴ്ചയാവും.

ലോകമാകെ മാനിക്കുന്ന മതനിരപേക്ഷ പാരമ്പര്യവും സാഹോദര്യവുമുള്ള നമ്മുടെ പ്രിയപ്പെട്ട ജന്മദേശത്ത് മതാധിഷ്ഠിത ഭരണം അടിച്ചേല്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ് സംഘപരിവാർ.

പഴഞ്ചൻ വിശ്വാസങ്ങളും സങ്കുചിത വീക്ഷണങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഗ്രാമാന്തരങ്ങളിൽ സ്വതന്ത്രചിന്തയുടെ നേരിയ വെട്ടമെങ്കിലും പരത്താൻ ശ്രമിക്കുന്ന സാഹിത്യ- സാംസ്ക്കാരിക നായകരെയും വനിതാ പത്രപ്രവർത്തകയെയുംവരെ വെടിവെച്ചു കൊല്ലുന്ന അവരുടെ ക്രൗര്യം.

അന്ധമായ പശുപ്രേമം മനസ്സിൽ കുത്തിനിറച്ച വർഗീയ കോമരങ്ങളക്കൊണ്ട് മതന്യൂനപക്ഷക്കാരെയും ദളിതരെയും തെരുവിൽ തല്ലിക്കൊല്ലിക്കുന്ന ഭരണകൂട ഒത്താശ. പൗരത്വംപോലും മതം നോക്കി നിർണയിക്കുന്ന തീവ്രഹിന്ദുത്വ വാഴ്ചയുടെ രഥയോട്ടം.

ഭരണഘടനാപരമായ മർമസ്ഥാനങ്ങളിലും വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തും ജനാധിപത്യ മര്യാദയോ കാര്യപ്രാപ്തിയോ തെല്ലുമില്ലാത്ത ചൊല്പടിക്കാരെ അവരോധിക്കുന്ന ഔദ്ധത്യം.

ശാസ്ത്രാവബോധം തല്ലിക്കെടുത്തി മൂഢവിശ്വാസങ്ങളുടെ വിത്തെറിയാൻ കാണിക്കുന്ന യുക്തിനിരാസത്തിൻ്റെ വ്യഗ്രത, ചരിത്രസ്മൃതികളും പാഠപദ്ധതികളും ദുഷ്ടലാക്കോടെ പൊളിച്ചെഴുതുന്ന താന്തോന്നിത്തം, പൊതുമേഖലയിൽ അവശേഷിക്കുന്ന വ്യവസായങ്ങൾ ഒന്നൊന്നായി അദാനി- അംബാനിമാർക്ക് അടിയറവെച്ചുള്ള കീശവീർപ്പിക്കലും ധൂർത്തും.

ഹിമാലയൻ അഴിമതിയായ ഇലക്ടറൽ ബോണ്ട് വഴി 8250 കോടി രൂപ വാങ്ങി വിഴുങ്ങിയ കേന്ദ്ര ഭരണകക്ഷിയുടെ ഉളുപ്പില്ലായ്മ. വികലമായ സാമ്പത്തിക നയംമൂലം കൃഷി നഷ്ടത്തിലായി നടുവൊടിഞ്ഞ കർഷകരോടുള്ള നിർദയമായ അവഗണന.

പൊതുമേഖലാ ബാങ്കുകളിൽനിന്ന് വഴിവിട്ട് വായ്പ നൽകിയ വമ്പന്മാരുടെ പതിനായിരക്കണക്കിന് കോടി രൂപ എഴുതിത്തള്ളുന്ന സ്വജനപക്ഷപാതം. രാജ്യരക്ഷയുമായി ബന്ധപ്പെട്ട അതിപ്രധാന ഇടപാടുകളിൽ വരെ നാണംകെട്ട സാമ്രാജ്യത്വ വിധേയത്വവും പെരുത്ത കോഴയും.

സാധാരണ ജനങ്ങളെ ബാധിക്കുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, സാധന വിലക്കയറ്റം തുടങ്ങിയ രൂക്ഷമായ പ്രശ്നങ്ങളിൽ തരിമ്പും ആശ്വാസമേകാത്ത ഭരണകൂട നിർമമത.

എല്ലാറ്റിനും മറയിടാൻ മാധ്യമ സ്ഥാപനങ്ങളെ വിലയ്ക്കെടുത്തും വഴിവിട്ട് സ്വാധീനിച്ചും ഭീഷണിപ്പെടുത്തി മെരുക്കിയും ഒപ്പിച്ചെടുക്കുന്ന മോദി സ്തുതിയും ! ഈ ദുരവസ്ഥയിൽ നിന്നുള്ള മോചനസമരത്തിൽ പ്രതിപക്ഷപങ്ക് നിറവേറ്റുമെന്ന് കരുതിയ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ്സാകട്ടെ ബി ജെ പിയുടെ ബി ടീംപോലെ അധഃപതിച്ചിരിക്കയാണ്.

രാജ്യത്തെ മുടിക്കുന്ന സമ്പദ് നയങ്ങളിലും അഴിമതിയിലും അവർ ഒപ്പത്തിനൊപ്പമാണ്. പൗരത്വനിയമ ഭേദഗതി മുതൽ കാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കലിൽ വരെ ഏതാണ്ട് യോജിപ്പിലാണവർ.

മാത്രമല്ല, ത്രിവർണാഭിമുഖ്യവും ഖാദിയും വെടിഞ്ഞ് കാവിക്കുപ്പായം തുന്നിച്ച് തഞ്ചം പാർത്തിരിക്കുന്നവരാണ് അതിന്റെ നേതാക്കളിലേറെയും. മതാധിഷ്ഠിത രാഷ്ട്രത്തിന്റെ ധിക്കാര നെഗളിപ്പുകൾ പ്രകടമാവുന്ന അലർച്ചകളിലും അമറലുകളിലും ജനങ്ങളിൽ നല്ലൊരു വിഭാഗം ഭീതിതരായി കഴിയുന്ന ഈ ദു:സ്ഥിതിയിൽ രാജ്യസ്നേഹം അല്പമെങ്കിലുമുള്ളവർക്ക് മൗനികളായി മാറി നില്ക്കാനാവുമോ.

ഇങ്ങ് കേരളത്തിലാണെങ്കിലോ - രാജ്യത്തിനുതന്നെ മാതൃകയായ ഒട്ടേറെ ജനക്ഷേമ പദ്ധതികളുമായി ബദൽ വഴി തെളിയിച്ച്, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും പ്രതികൂല സാഹചര്യങ്ങളും മറികടന്ന്, സാധാരണക്കാർക്ക് കഴിയുന്നത്ര ആശ്വാസമേകുന്ന അഴിമതി രഹിത ഭരണം.

അതിനെ അട്ടിമറിക്കാൻ സകല പിന്തിരിപ്പൻ ശക്തികളും സദാ ഒത്തുചേർന്ന് കാട്ടിക്കൂട്ടുന്ന പ്രക്ഷോഭ പേക്കൂത്തുകൾ... അവർക്ക് താങ്ങും തണലുമായി നിൽക്കുന്ന നേരും നെറിയും കെട്ട മാധ്യമ കൂട്ടുകെട്ടുകൾ; അവർ മെനഞ്ഞെടുത്ത് വിതറുന്ന നുണക്കഥാ പരമ്പരകൾ...

സ്ഥാപിത താല്പര്യങ്ങളോടെ വസ്തുതകളെ മറച്ചുവെച്ചും വളച്ചൊടിച്ചും വിശ്വാസ്യതയുടെ അവസാന കണികയും നഷ്ടപ്പെടുത്തുന്ന ദൃശ്യമാധ്യമ ലോബികൾ... കിടയറ്റ സാങ്കേതിക മികവുള്ള നവമാധ്യമ തന്ത്രങ്ങളിൽ വശപ്പെട്ടുപോവുന്ന നിഷ്കളങ്കരായ ആളുകളെത്ര...

സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതി- ധനവിഹിതമുൾപ്പെടെ തടഞ്ഞുവെച്ച് പാവപ്പെട്ട ജനങ്ങൾക്കുള്ള ക്ഷേമപെൻഷൻപോലും മുടക്കുന്ന രാഷ്ട്രീയപ്പക. രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം മുമ്പൊരിക്കലും ഇല്ലാത്തവിധം തകർത്തു ശിഥിലമാക്കിയ അധികാര ഹുങ്ക്.

എന്തിനേറെ- കിടപ്പാടമില്ലാതെ കഷ്ടപ്പെടുന്ന ദുർബല വിഭാഗങ്ങൾക്ക് വീടൊരുക്കുന്ന ലൈഫ് പദ്ധതിയടക്കം ഏത് നല്ല സംരംഭത്തിലും ഇടങ്കോലിട്ടും പാരവെച്ചും പൊളിക്കാനുള്ള ശ്രമവും. അതിസമ്പന്ന- കോർപ്പറേറ്റ് പ്രമാണിമാർക്കും വർഗീയ ദുഷ്ടശക്തികൾക്കും കണ്ണിലെ കരടായ പിണറായിസർക്കാരിനെതിരെ നിരന്തരം വ്യാജപ്രചാരണം നടത്തി ജനങ്ങളെ ഇളക്കിവിടാനാവുമോ എന്നാണ് ചില വാർത്താ മാധ്യമങ്ങളുടെ നോട്ടം.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലോ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അതിരുവിട്ട ചെയ്തികളിലോ ഒട്ടും എതിർപ്പ് പ്രകടിപ്പിക്കാതെ ബി ജെ പിയുടെ തോളോടുതോൾ ചേർന്നുനിൽക്കുകയാണ് ഇവിടെ യു ഡി എഫ് നേതൃത്വം.

കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രഫണ്ട് നിഷേധത്തിലും അവർക്ക് പ്രതിഷേധമില്ല. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധജ്വരം ബാധിച്ച സംഘപരിവാർനീക്കവും സംസ്ഥാനത്തെ ജനങ്ങളുടെ പൊതുതാല്പര്യങ്ങൾക്ക് തികച്ചും എതിരാണ്.

ഓരോ ചുവടിലും അങ്ങേയറ്റം കരുതൽ വേണ്ട ഈ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടിൽ വികാര - വിചാരങ്ങൾ മരവിക്കാത്ത മനുഷ്യപ്പറ്റുള്ളവർ എന്ത് ചെയ്യും. നാടിന്റെയും ജനതയുടെയും നന്മയ്ക്കുവേണ്ടി ഇടതുപക്ഷ-ജനാധിപത്യ മുന്നണിക്കൊപ്പം ചേർന്നുനിൽക്കുകയല്ലാതെ മറ്റെന്ത് വഴി...

ന്യായയുക്തമായ നിലപാടുകളെടുത്ത് വോട്ടുകൾ ചെയ്യേണ്ട ഈ നിർണായക ഘട്ടത്തിൽ നിസ്സംഗതയോടെ പെരുമാറുന്നത് തീരേ ഉചിതമല്ല.

അത് നാടിനോട് ഒട്ടും കൂറില്ലാത്ത രാഷ്ട്രീയ വന്ധ്യതയാണ്. സുപ്രധാനമായ ഈ ദൗത്യനിർവഹണത്തിൽ നിസ്സാര കാര്യങ്ങളിലുള്ള വിയോജിപ്പുകൾ മറക്കാം; അറിയാതെ വന്നുപോവുന്ന ചെറിയ പിഴവുകൾ പൊറുക്കാം; ഏത് പാർട്ടിയിൽ ഏത് തലത്തിൽ നിൽക്കുന്നവരായാലും... ഇപ്പോൾ നമ്മൾ അറച്ചുനിന്നാൽ നാളെ അതിന് വലിയ വില നൽകേണ്ടിവരും.

വിവരണാതീതമായ ത്യാഗസഹനങ്ങളിലൂടെ പൂർവീകർ പൊരുതിനേടിയ പൗരാവകാശങ്ങളാണ് നാമിന്ന് അനുഭവിച്ചാസ്വദിക്കുന്നത്.

അതിനൊരു ഹാനിയുമേൽക്കാതെ വരുംതലമുറകൾക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്. അത് നിറവേറ്റിയില്ലെങ്കിൽ കാലം നമ്മളെ ചോദ്യംചെയ്യും. 

- കെ വി കുഞ്ഞിരാമൻ

#Want #country? #must #side #goodness #righteousness

Next TV

Related Stories
പഞ്ചായത്ത് രാജ് ലക്ഷ്യം കണ്ടോ?'ദേശീയ പഞ്ചായത്ത് ദിനം' ഏപ്രിൽ 24

Apr 19, 2025 07:37 PM

പഞ്ചായത്ത് രാജ് ലക്ഷ്യം കണ്ടോ?'ദേശീയ പഞ്ചായത്ത് ദിനം' ഏപ്രിൽ 24

യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കുവാനും അവരിലേക്ക് ഇട കലർന്ന് പ്രവർത്തിക്കുവാൻ പഞ്ചായത്തുകൾ സമയം...

Read More >>
സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ  ഒളിഞ്ഞിരിപ്പുണ്ട്...

Apr 12, 2025 04:03 PM

സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്...

ഒറ്റനോട്ടത്തിൽ യഥാർത്ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി...

Read More >>
കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

Apr 10, 2025 05:19 PM

കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

മനുഷ്യജീവനുകൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ലേ ഇവിടുത്തെ ജനാധിപത്യ ഭരണകൂടം?...

Read More >>
മനുഷ്യത്വം കരയിലടിഞ്ഞ ഒരു ഓർമ്മ - മറന്നോ ഐലാൻ കുർദ്ദിയെ...

Apr 8, 2025 11:09 AM

മനുഷ്യത്വം കരയിലടിഞ്ഞ ഒരു ഓർമ്മ - മറന്നോ ഐലാൻ കുർദ്ദിയെ...

അഭയാർത്ഥി പ്രശ്നത്തിന്റെ തീവ്രത ലോകത്തോട് വിളിച്ചുപറഞ്ഞത് അയ്‌ലന്റെ മരണം തന്നെയായിരുന്നു....

Read More >>
പൂക്കളെ  നുള്ളിയെറിയാം... വസന്തത്തെ നിങ്ങൾക്ക് തടയാനൊക്കുമോ?; ആവിഷ്കാര സ്വാതന്ത്ര്യത്തിനു മുകളിൽ ചങ്ങലയിടുന്നത് ജനാധിപത്യ വിരുദ്ധം..

Apr 1, 2025 07:21 PM

പൂക്കളെ നുള്ളിയെറിയാം... വസന്തത്തെ നിങ്ങൾക്ക് തടയാനൊക്കുമോ?; ആവിഷ്കാര സ്വാതന്ത്ര്യത്തിനു മുകളിൽ ചങ്ങലയിടുന്നത് ജനാധിപത്യ വിരുദ്ധം..

മോഹൻലാൽ,പൃഥ്വിരാജ് അടക്കമുള്ള എമ്പുരാൻ ടീം മാപ്പ് ചോദിച്ചപ്പോൾ അത് മറ്റൊരു പ്രശ്നത്തിലേക്...

Read More >>
നേരിനെതിരെ വാളെടുക്കുമ്പോൾ.......മുറിച്ചു മാറ്റിയാൽ മായുമോ? ബാബു ബജ്‌രംഗിയുടെ ഭീകരമുഖം

Mar 31, 2025 08:34 PM

നേരിനെതിരെ വാളെടുക്കുമ്പോൾ.......മുറിച്ചു മാറ്റിയാൽ മായുമോ? ബാബു ബജ്‌രംഗിയുടെ ഭീകരമുഖം

ആ​ൾ​ക്കൂ​ട്ട​ങ്ങ​ളു​ടെ​യും നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​രു​ടെ​യും സ​മ്മ​ർ​ദ​ത്തി​ന് വി​ധേ​യ​മാ​യി ഉ​ള്ള​ട​ക്കം മാ​റ്റാ​ൻ നി​ർ​മാ​താ​ക്ക​ൾ...

Read More >>
Top Stories