(truevisionnews.com) ഐഫോൺ ഉപഭോക്താക്കൾക്ക് ഇതാ ഒരു സന്തോഷവാർത്ത. നിങ്ങൾക്കായി പാസ് കീ വെരിഫിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സാപ്പ്.
ആറുമാസങ്ങൾക്ക് മുൻപ് ആൻഡ്രോയിഡ് പതിപ്പിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. അക്കൗണ്ടുകളുടെ വെരിഫിക്കേഷൻ പ്രക്രിയ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിലവിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം ഇല്ലാതാവും.
ഇതിന് പകരമായി ഫേഷ്യൽ റെക്കഗ്നിഷൻ, ബയോമെട്രിക്‌സ്, ആപ്പിൾ പാസ് കീ മാനേജറിൽ ശേഖരിച്ച പിൻ എന്നിവ ഉപയോഗിച്ചാൽ മതിയാകും അക്കൗണ്ട് വെരിഫൈ ചെയ്യാനായി.
ഇത് നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. ഈ ഫീച്ചർ ലഭിക്കാനായി ആദ്യം വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്യണം. അതിലെ സെറ്റിങ്‌സിൽ അക്കൗണ്ട് തിരഞ്ഞെടുത്താൽ പാസ് കീ ഓപ്ഷൻ കാണാം.
എക്‌സ്, ഗൂഗിൾ, പേപാൽ, ടിക് ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഇതിനകം പാസ് കീ സുരക്ഷാ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. വാട്ട്സാപ്പും ഈ കൂട്ടത്തിലേക്ക് വരുന്നതോടെ ഐഒഎസ് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായി വാട്ട്സാപ്പ് ഉപയോഗിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.
നിരവധി ഫീച്ചറുകളാണ് വാട്ട്സാപ്പ് അടുത്തിടെയായി പരീക്ഷിക്കുന്നത്. ഉപഭോക്താക്കളുടെ ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. അൽപസമയം മുൻപ് വരെ ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സഹായിക്കുന്ന ഫീച്ചർ അടുത്ത ദിവസങ്ങളിലായാണ് അവതരിപ്പിച്ചത്.
ന്യൂ ചാറ്റ് ബട്ടൺ ക്ലിക്ക് ചെയ്താലാണ് ഇത് കാണാൻ സാധിക്കുക. കോൺടാക്റ്റിൽ അൽപസമയത്തിന് മുമ്പ് ഓൺലൈനിൽ ഉണ്ടായിരുന്നവരെ കണ്ടെത്താൻ സാധിച്ചാൽ ഉപഭോക്താക്കൾക്ക് അവരെ ചാറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാനാവും എന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീൻ സമയവും ഓൺലൈൻ സ്റ്റാറ്റസും ഈ പട്ടികയിൽ കാണിക്കില്ല. നിലവിൽ ചുരുക്കം ചില ബീറ്റാ ടെസ്റ്റർമാർക്കിടയിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
#iPhone #users #can #rejoice #WhatsApp #now #more #secure