പെരിങ്ങത്തൂർ : യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പെരിങ്ങത്തൂരിൽ വ്യാപക അക്രമം. കടകളും പാർടി ഓഫീസുകളും തീയിട്ടു.
കണ്ണൂരില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ വ്യാപക ആക്രമണം.
സിപിഐഎം ഓഫിസുകൾക്ക് തീയിട്ടു. പെരിങ്ങത്തൂരിലെ സിപിഎം ഓഫീസുകൾക്ക് തീയിട്ടത്.
മുസ്ലിം ലീഗ് പ്രവർത്തകരാണ് ഓഫീസ് ആക്രമിച്ചത്. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീവച്ച് നശിപ്പിച്ചു.
ഇതിന് പുറമെ പാനൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ച് നശിപ്പിച്ചു.
22കാരനായ മൻസൂറിനെ അച്ഛന്റെ മുന്നിൽ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്.
ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിങിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
മുഹ്സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികൾ എത്തിയത്. ആക്രമണത്തിനിടയിൽ മുഹ്സിന്റെ സഹോദരനായ മൻസൂറിനും വെട്ടേറ്റു.
കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ ടാർഗെറ്റ് ചെയ്തിരുന്നെന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഹ്സിൻ പറയുന്നത്. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് ആക്രമിച്ചത്. നിലവിളി ശബ്ദം കേട്ടപ്പോൾ നാട്ടുകാർ ഓടിയെത്തി.
ഈ സമയത്ത് ആക്രമികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അതിൽ ഒരാളെ താൻ പിടിച്ച് വെച്ചു. പിടികൂടിയയാളെ വിട്ടുകിട്ടാൻ പ്രതികൾ ബോംബെറിയുകയായിരുന്നു.
സിപിഎം ശക്തി കേന്ദ്രങ്ങളിൽ മുസ്ലീം ലീഗ് പ്രവർത്തകർ ആളുകളെ ഓപ്പൺ വോട്ട് ചെയ്യിക്കാൻ എത്തിച്ചതിനെ സിപിഎം പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം തുടങ്ങിയത്.
പിന്നാലെ കടവത്തൂർ ഭാഗത്തെ 150, 149 ബൂത്തുകളിൽ വലിയ തോതിലുള്ള വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. പോളിങിനിടെ തന്നെ മുഹ്സിന് നേരെ ഭീഷണിയുണ്ടായിരുന്നു. മന്‍സൂറിന്റേത് രാഷ്ട്രീയക്കൊലയാണെന്ന് പൊലീസും സ്ഥിരീകരിക്കുന്നു.
11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്.
കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആർ ഇളങ്കോ അറിയിച്ചു.
സംഘർഷവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മന്‍സൂറിന്റെ അയല്‍വാസി ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
News from our Regional Network
English summary: Widespread violence in Peringathur; Shops and party offices were set on fire