ന്യൂഡല്‍ഹി : രാജ്യത്ത് രണ്ടു കോവിഡ് വാക്സിനുകള്‍ക്ക് അടിയന്തിര അനുമതി. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീൽഡിനും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ് അടിയന്തര ഉപയോഗ അനുമതി. നിയന്ത്രിതമായ രീതിയിലാകും വാക്സിൻ വിതരണം നടത്തുക.

വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമതീരുമാനമെടുത്തത്. ഇന്നലെ നൽകിയ റിപ്പോർട്ട് ഇന്ന് പുലർച്ചെ വരെ നീണ്ട യോഗം വിശദമായി ചർച്ച ചെയ്തു. രാവിലെ ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വാക്സിന് അനുമതി നൽകിയതായി ഡിജിസിഐ അറിയിച്ചത്.
പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്തും പുറത്തും നടത്തിയ ക്ലിനിക്കൽ ട്രയലുകളുടെ വിവരങ്ങൾ ഡിജിസിഐയ്ക്ക് സമർപ്പിച്ചിരുന്നു. അത് വിശദമായി വിദഗ്ധസമിതി പരിശോധിച്ചു.
അതിന് ശേഷമാണ് അനുമതി നൽകിയതെന്ന് ഡിജിസിഐ വ്യക്തമാക്കി. കൊവിഷീൽഡ് വാക്സിന് 70.42 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി ഡിജിസിഐ വ്യക്തമാക്കി. ഈ വാക്സിനുകൾ 2 മുതൽ 3 വരെ ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം.
കൊവിഷീൽഡ് ഡോസിന് 250 രൂപ കമ്പനി നിർദ്ദേശിച്ചു. കൊവാക്സിന് 350 രൂപയാണ് ഭാരത് ബയോടെക്ക് നിർദേശിച്ചിരിക്കുന്നത്.
നിലവിൽ രണ്ട് വാക്സിനുകളുടെ അടിയന്തര അനുമതിക്കാണ് വിദഗ്ധ സമിതി ഡിജിസിഐയ്ക്ക് ശുപാർശ നൽകിയത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡും തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് ഡിജിസിഐയുടെ അനുമതി കാത്തിരിക്കുകയാണ്. ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.
News from our Regional Network
English summary: Urgent approval for two covid vaccines in the country