Categories
headlines

പീഢന കേസിന് കോവിഡ് – 19 മറയാവുകയാണോ ? പാലത്തായി യു.പി.സ്കൂളിലെ പീഢന കേസ്, പാനൂർ പോലീസിന് അപമാനം – പി.ഹരീന്ദ്രൻ

പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് പാനൂർ പോലീസിനെതിരെ കടുത്ത വിമർശനവുമായി സിപിഎം ജില്ലാ കമ്മിറ്റി അംഗം പി ഹരീന്ദ്രന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

പി ഹരീന്ദ്രന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം  

 

പീഢന കേസിന് കോവിഡ് – 19 മറയാവുകയാണോ ?

പാലത്തായി യു.പി.സ്കൂളിലെ പീഢന കേസ്, പാനൂർ പോലീസിന് അപമാനം.

പാനൂരിലെ പാലത്തായി യു.പി.സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ക്രൂരമായി പീഢിപ്പിക്കപ്പെട്ടിട്ട് മാസങ്ങൾ പിന്നിടുന്നു.

സ്വന്തം പിതാവിന്റെ പരിലാളന ഏറ്റ് വാങ്ങാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ആ കുരുന്ന്, കാമഭ്രാന്തന്റെ ക്രൂര പീഢനമേറ്റ് വാങ്ങി പത്താമത്തെ വയസ്സിൽ ചോരയൊലിക്കുന്ന ശരീരവുമായി ക്ലാസ്സ് മുറിയിൽ ഇരിക്കേണ്ടി വന്ന ദയനീയത ആരും മറന്ന് കളയരുത്.

മെഡിക്കൽ പരിശോധനക്ക് വിധേയയായ ആ പിഞ്ചു കുഞ്ഞ് ക്രൂരമായ ലൈംഗിക പീഢനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി.

തന്റെ അദ്ധ്യാപകനായ പപ്പൻ മാഷാണ് ( BJP തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായ പത്മരാജൻ ) തന്നെ പീഢിപ്പിച്ചത് എന്ന് രാഷ്ട്രീയമെന്തെന്ന് നിശ്ചയമില്ലാത്ത നിഷ്കളങ്കയായ ആ കുട്ടി പോലീസിന് മൊഴി നല്കുകയും, അതിന്റെ അടിസ്ഥാനത്തിൽ പാനൂർ പോലീസ് FlR രജിസ്റ്റർ ചെയ്യുകയും ചെയ്തു.

മുമ്പ് ഇതേ അദ്ധ്യാപകൻ തന്റെ മകളേയും ലൈംഗികോദ്ദേശത്തോടെ ഉപദ്രവിച്ചിരുന്നതായി മറ്റൊരു പെൺകുട്ടിയുടെ രക്ഷിതാവും രേഖാമൂലം പാനൂർ പോലീസിൽ പരാതിപ്പെട്ടു.

മേൽ പറഞ്ഞ പപ്പൻ മാസ്റ്ററുടെ പേരിൽ സമാന സ്വഭാവമുള്ള ആരോണങ്ങൾ മുമ്പും ഉന്നയിക്കപ്പെട്ടിരുന്നതും, അപ്പോഴെല്ലാം സഹപ്രവർത്തകരും മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് താക്കീത് ചെയ്ത് പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിച്ചതായ വിവരങ്ങളും ഇതേ ഘട്ടത്തിൽ പുറത്ത് വന്നു.

പക്ഷെ, പീഢന കേസിലെ പ്രതി ഇപ്പോഴും വളരെയേറെ സുരക്ഷിതനായി സുഖജീവിതം നയിക്കുന്നു.

ഒരു പിഞ്ചു കുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിക്ക് (നിലവിൽ നിയമപരമായ യാതൊരു സംരക്ഷണത്തിനും അവകാശമില്ലാതിരിക്കെ ) എങ്ങിനെയാണ് ഇത്ര വലിയ സംരക്ഷണം ലഭിക്കുന്നത് ?!

അസാധാരണമായ ഈ സാഹചര്യത്തിന്റെ അർത്ഥമെന്താണ് ?

കുട്ടി പീഢിപ്പിക്കപ്പെട്ടുവെന്നത് യാഥാർത്ഥ്യമായിരിക്കെ പീഢിപ്പിച്ചയാളെ എത്രയും വേഗം വിലങ്ങ് വെച്ച് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ പോലീസിന് ബാദ്ധ്യതയില്ലേ ?

പീഢന കേസിലെ പ്രതികളായവരെ, തെളിവ് ശേഖരണമോ, വിചാരണയോ കൂടാതെ പോലീസുകാർ വെടിവെച്ച് കൊന്ന രാജ്യമാണ് നമ്മുടേത് ( ഒരിക്കലും അത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല )

മറ്റൊരു കേസിൽ 4 പേരെ ഏറ്റവും കടുത്ത ശിക്ഷയായ തൂക്കിക്കൊല്ലലിന് ഇരയാക്കിയ രാജ്യവുമാണ് നമ്മുടേത് ( മരണ ശിക്ഷ ഒരു പ്രാകൃത ശിക്ഷാരീതിയാണെന്നും യാതൊരു കേസിലും അത്തരമൊരു ശിക്ഷ നല്കരുത് എന്നതുമാണ് എന്റെ അഭിപ്രായം )

വാളയാറിലെ പീഢന കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിക്കൊടുക്കുന്ന നാണം കെട്ട നടപടികളും നമ്മൾ കണ്ടതാണ്.

ഈ ദിശയിൽ പാനൂർ പോലീസ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന മാതൃക ഏത് രൂപത്തിലുള്ളതാണ് ?

കേസിലെ പ്രതി BJP നേതാവായതാണോ പോലീസിനെ നിഷ്ക്രിയമാക്കുന്നത് ?

BJP യുടെ മുൻ ജില്ലാ അദ്ധ്യക്ഷൻ ശ്രീ. സത്യപ്രകാശ്, മുസ്ലീംലീഗ് മണ്ഡലം പ്രസിഡണ്ട് ശ്രീ. പി.കെ. അബ്ദുള്ള ഹാജിയോട് ഈ കേസിൽ നിന്ന് പപ്പൻ മാസ്റ്ററെ രക്ഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഭാരതീയ കർഷ മോർച്ചയുടെ ജില്ലാ ഉപാദ്ധ്യക്ഷനും, BJP മണ്ഡലം നേതാവുമായ ശ്രീ.പി.ടി.കെ.നാണുവും, മേൽ പരാമർശിച്ച പപ്പൻ മാസ്റ്ററും സഹായമഭ്യർത്ഥിച്ച് SDPI മണ്ഡലം പ്രസിഡണ്ട് ശ്രീ. ഹാറൂണിനെ ബന്ധപ്പെട്ടതായി അദ്ദേഹവും പറഞ്ഞ് കഴിഞ്ഞിട്ടുണ്ട്.

BJP ജില്ലാ അദ്ധ്യക്ഷൻ ശ്രീ.എൻ.ഹരിദാസ് സഹായമഭ്യർത്ഥിച്ച് ഉയർന്ന പോലീസ് ഓഫീസർമാരെ സമീപിച്ചതും ഇതിനകം പുറത്ത് വന്നു കഴിഞ്ഞു.

അതേ സമയം തന്നെ പീഢന വീരനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് CPI(M) നേതാക്കളും, നാട്ടുകാരുണ്ടാക്കിയ ആക്ഷൻ കമ്മിറ്റിക്കാരും പോലീസുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തു.

പക്ഷെ, ഇളം പ്രായത്തിൽ കാമഭ്രാന്തനാൽ പീഢിപ്പിക്കപ്പെട്ട ആ പിഞ്ചു ബാലിക തകർന്ന മാനസീകാവസ്ഥയുമായി നിസ്സഹായയായി ഇപ്പോഴും തേങ്ങിക്കൊണ്ടിരിക്കുന്നു.

തന്റെ കൊച്ചുമകൾക്ക് വന്ന് പെട്ട ഈ ദുരവസ്ഥയിൽ, ചെറുപ്രായത്തിൽ തന്നെ വൈധവ്യം പേറേണ്ടി വന്ന കുട്ടിയുടെ മാതാവ് ഹൃദയം തകർന്ന് വിലപിക്കുന്നത് കുടുംബാംഗങ്ങൾക്കോ നാട്ടുകാർക്കോ കണ്ട് നില്ക്കാനാവുന്നില്ല.

പാനൂർ പോലീസിന് നാണമോ, മാനമോ ഉണ്ടോ എന്നല്ല നിയമപരമായ ഉത്തരവാദിത്തം നിർവ്വഹിക്കാനുള്ള ചുമതലയില്ലേ എന്ന ചോദ്യമുന്നയിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.

ഈ കൊറോണ കാലത്ത്, മണിക്കൂറുകളോളം പൊരിവെയിലിൽ വിയർത്ത്, സമൂഹത്തിലെ ഓരോ മനുഷ്യന്റേയും സംരക്ഷണത്തിനായി പെടാപാടുപെടുന്ന പോലീസ് സേന നമ്മുടെ അഭിമാനമാണ്. അവരുടെ ത്യാഗവും സേവനവും ഈ മലയാളക്കര എന്നും സ്നേഹ ബഹുമാനങ്ങളോടെ ഹൃദയത്തിൽ ചേർത്ത് വെക്കും.

പക്ഷെ അതിനിടയിലും വല്ലാത്തൊരു നീറ്റലായി, അപമാനമായി മേൽപറഞ്ഞ വസ്തുതകൾ നമ്മുടെ നാടിനെ അസ്വസ്ഥമാക്കിക്കൊണ്ടേയിരിക്കുന്നു……

പി.ഹരീന്ദ്രൻ
പാനൂർ.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP