ദുരന്തം വിതച്ച് മഴയുടെ താണ്ഡവം; മരണം 38 ആയി; ഗതാഗതം സ്തംഭിച്ചു; മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു; പത്തനംതിട്ടയില്‍ സ്ഥിതി അതീവ ഗുരുതരം

വെബ് ഡെസ്ക്

Loading...

കനത്ത മഴയില്‍ സംസ്ഥാനത്ത് പൊലിഞ്ഞത് 38 ജീവനുകളാണ്. മണ്ണിടിച്ചിലും മഴക്കെടുതിയിലും ഒറ്റപ്പെട്ട് നിരവധിപ്പേര്‍ കുടുങ്ങി കിടക്കുകയാണ്. ഗതാഗത സംവിധാനം താറുമാറായി. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് പത്തനംതിട്ട ജില്ലയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സൈന്യം രംഗത്തിറങ്ങി. ഇവര്‍ക്കുപുറമെ ദേശീയ ദുരന്തനിവാരണ സേന, നാവിക സേനയുമെത്തും. ഇരുട്ടും കനത്ത മലവെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ടെന്നാണ് വിവരം. പാങ്ങോട് മിലിട്ടറി ക്യാമ്പില്‍നിന്നുള്ള 30 അംഗ സേനയാണ് പത്തനംതിട്ടയിലേക്ക് എത്തുന്നത്. അതേസമയം പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തും. ഇവര്‍ക്കൊപ്പം എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ് സേനകളുമുണ്ട്.

നീണ്ടകരയില്‍ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന്. ഇതില്‍ മൂന്നെണ്ണം എത്തിക്കഴിഞ്ഞു. ഏഴ് എണ്ണം ഒരു മണിക്കൂറിനുള്ളില്‍ എത്തും. റബര്‍ ഡിങ്കിക്കു പോകാന്‍ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വലിയ ഫിഷിംഗ് ബോട്ട് സഹായകമാകും. എന്‍ഡിആര്‍എഫിന്റെ പത്ത് ഡിങ്കികള്‍ അടങ്ങുന്ന രണ്ട് ടീമും ആര്‍മിയുടെ ഒരു ബോട്ടും തിരുവനന്തപുരത്തു നിന്നു പത്തനംതിട്ടയിലേക്കു പുറപ്പെട്ടു. പുലര്‍ച്ചെ മുതല്‍ ഇവ രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. ഹെലികോപ്ടര്‍ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനവും ഇതോടൊപ്പം നടക്കും.

ജില്ലയിലാകെ കുടുങ്ങിക്കിടക്കുന്നവര്‍ നൂറിനുമുകളില്‍ വരും. ഇപ്പോള്‍ നാടന്‍ ബോട്ടുകള്‍ ഉള്‍പ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. പുതുതായി 23 ബോട്ടുകള്‍ കൂടി ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകള്‍, പോലീസിന്റെ ആറ് ബോട്ടുകള്‍, കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ബോട്ടുകള്‍, നേവിയുടെ രണ്ട് ബോട്ടുകള്‍, കൊല്ലത്തു നിന്ന് രണ്ട് ബോട്ടുകള്‍, എന്‍ഡിആര്‍എഫിന്റെ ആറ് ബോട്ടുകള്‍, ഫയര്‍ഫോഴ്‌സിന്റെ ഒരു ബോട്ട്, എറണാകുളത്തു നിന്ന് രണ്ട് ബോട്ട് എന്നിവയാണ് ഉടന്‍ എത്തുന്നത്. ഇതിനു പുറമേ ആര്‍മിയുടെ 69 സൈനികര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നു. നൂറനാട് ഐടിബിപിയില്‍നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തു നിന്നും റാന്നിയിലേക്ക് പുറപ്പെട്ടു. രണ്ട് ഹെലികോപ്ടറുകളാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനായി കോഴഞ്ചേരിയിലും റാന്നിയിലുമായി സൈന്യത്തിന്റെ 10 ബോട്ടുകളാണ് എത്തിച്ചിരിക്കുന്നത്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് 24 യന്ത്രവത്കൃത ബോട്ടുകളും എത്തുന്നുണ്ട്. നേരം പുലരുന്നതിന് മുമ്പ് തന്നെ പരമാവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അച്ചന്‍കോവില്‍, ഗവി, പൊക്കത്തോട് എന്നിവിടങ്ങളില്‍ ഇന്ന് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത് സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്.

റാന്നിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കുട്ടവഞ്ചി ഉപയോഗിക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സര്‍ക്കാര്‍ വെബ്‌സൈറ്റും പ്രയോജനപ്പെടുത്താന്‍ സാധിക്കും. കേരളാറെസ്‌ക്യു ഡോട്ട് ഇന്‍ (keralarescue.in) എന്നതാണ് വെബ്‌സൈറ്റ് അഡ്രസ്. ഇതില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകളുണ്ട്. രക്ഷാപ്രവര്‍ത്തകരെ അറിയിക്കാനായി ആളുകള്‍ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്. എന്‍ഡിആര്‍എഫിന്റെ സംഘങ്ങളെ ബന്ധപ്പെടാനുള്ള നമ്പര്‍ ഇവയാണ്. പരമാവധി ആളുകള്‍ തങ്ങളുടെ ജിപിഎസ് ലൊക്കേഷനുകള്‍ ഇവര്‍ക്കായി പങ്കുവെക്കാന്‍ ശ്രമിക്കുക.

ഈരാറ്റുപേട്ടയില്‍ മണ്ണിടിച്ചില്‍; നാല് പേര്‍ മരിച്ചു

കോട്ടയം: ഈരാറ്റുപേട്ടയില്‍ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. തീക്കോയി വെണ്ണിക്കുളത്താണ് മണ്ണിടിച്ചിലുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരിമറ്റത്തില്‍ കൊട്ടിരിക്കല്‍ മാമി (85), അല്‍ഫോന്‍സ (11), മോളി (49), ടിന്റു (ഏഴ്) എന്നിവരാണ് മരിച്ചത്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുകയാണ് . 2,390.80 ആണ് നിലവിലെ ജലനിരപ്പ്. മുല്ലപെരിയാറിലെ പുതിയ കണക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. 142 അടി എന്നു തന്നെയാണ് ഇപ്പോഴും വ്യക്തമാക്കുന്നത്.

ഇരു ഡാമിലേക്കും ശക്തമായ നീരൊഴുക്കാണ് ഉള്ളത്. വൃഷ്ടിപ്രദേശങ്ങളിലെ മഴയ്ക്കും ശമനമായിട്ടില്ല.

ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴമൂലം അഞ്ച് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍ കൊച്ചവേളി, കൊലലം പുനലൂര്‍, കൊല്ലം ചെങ്കോട്ട, ഉടമണ്‍ പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. എന്നാല്‍ ഐലന്റ് എക്സ്പ്രസ്, ജയന്തി ജനത, ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വൈകുമെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാലുദിവസത്തേക്ക് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിരിക്കുകയാണ്. ശനിയാഴ്ച മാത്രം വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. റണ്‍വേയും പാര്‍ക്കിങ് ഒപ്പറേഷന്‍സ് ഏരിയയുമടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം താത്കാലികമായി അടച്ചിരിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍വ്വീസ് നടത്തേണ്ട എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്തു നിന്ന് സര്‍വ്വീസ് നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ആശുപത്രിയുടെ ഐസിയുവിലടക്കം വെള്ളം

ആശുപത്രി കെട്ടിടങ്ങളിലടക്കം വെള്ളപൊക്കത്തിന്റെ പിടിയിലാണ്. പത്തനംതിട്ട കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയുടെ ഐസിയുവിലടക്കം വെള്ളം കയറി, രണ്ടു രോഗികളെ വെന്റിലേറ്റര്‍ സഹിതം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

മുണ്ടക്കയത്ത് തോപ്പില്‍ക്കടവ് പാലം ഒലിച്ചുപോയി

കോട്ടയം: ജില്ലയുടെ കിഴക്കന്‍ മേഖലയായ മുണ്ടക്കയത്ത് അഴുതയാറിനു കുറുകെയുള്ള പാലം ഒലിച്ചു പോയി. കോരുത്തോട്ടിലെ തോപ്പില്‍ക്കടവ് പാലമാണ് ഒലിച്ചു പോയത്. ഇടുക്കി-കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം ഒലിച്ചുപോയതോടെ പാലത്തിനക്കരെയുള്ള മൂഴിക്കല്‍ ഭാഗത്ത് ആയിരങ്ങളാണ് ഒറ്റപ്പെട്ടത്.

കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വന്‍മരം ഒഴുകിയെത്തി ഈ പാലത്തിനു താഴെ തടഞ്ഞുനിന്നിരുന്നു. ഇത് ഇവിടെ നിന്നും നീക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് വെള്ളം സുഗമമായി ഒഴുകുന്നതിന് തടസം നേരിട്ടിരുന്നു.

കളമശേരി സബ്‌സ്‌റ്റേഷനില്‍ വെളളം കയറി; വൈദ്യുതി വിതരണം റദ്ദാക്കിയേക്കും

കൊച്ചി: കളമശേരിയില്‍ കെഎസ്ഇബിയുടെ 110 കെവി സബ്‌സ്റ്റേഷനില്‍ വെള്ളം കയറി. ജലനിരപ്പ് ഉയര്‍ന്നാല്‍ ഇവിടെ നിന്നുള്ള വൈദ്യുതി വിതരണം റദ്ദാക്കിയേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കളമശേരി കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനിയറാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

എം.സി റോഡില്‍ വെള്ളം കയറി; കാലടി ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു

കൊച്ചി:എം.സി റോഡില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് പെരുമ്പാവൂരില്‍ നിന്ന് എം സി റോഡ് വഴി കാലടി ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പെരുമ്പാവൂരില്‍ വച്ച് പൊലീസ് വഴി തിരിച്ച് വിടുകയാണ്.അണക്കെട്ടുകള്‍ തുറന്ന് പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

ആലുവ തീരം പൂര്‍ണമായും വെള്ളത്തിനടിയിലാണ്. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോള്‍ ഇതിനോടകം തുടുങ്ങിയത്. കരസേനയുടെ ഒരു ബറ്റാലിയന്‍ ആലുവയില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്.

Loading...