കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള പതിനൊന്നാം വട്ട ചർച്ച, അടുത്ത യോഗതീയതി പോലും നിശ്ചയിക്കാതെ പിരിഞ്ഞു.

കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന നിർദേശം തള്ളിയത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ കർഷക സംഘടനകളോട് ആവശ്യപ്പെട്ടു.
കേന്ദ്രം മുന്നോട്ടുവച്ചതിനേക്കാൾ മികച്ച നിർദേശമുണ്ടെങ്കിൽ അക്കാര്യം അറിയിക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് വിഗ്യാൻ ഭവൻ സീൽ ചെയ്യും. എന്തെങ്കിലും നിദേശമുണ്ടെങ്കിൽ അതിന് മുൻപ് അറിയിച്ചാൽ പ്രത്യേക ചർച്ചയാകാമെന്നും നരേന്ദ്രസിംഗ് തോമർ വ്യക്തമാക്കി.
നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാട് കർഷക സംഘടനകൾ ആവർത്തിച്ചു. ഇതോടെ, കേന്ദ്രം നിലപാട് കടുപ്പിച്ചു.
ഇതിൽ കൂടുതൽ വഴങ്ങാനാവില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രിമാർ വീണ്ടും ചർച്ചയ്ക്കിരിക്കണമെങ്കിൽ കർഷക സംഘടനകൾക്ക് തീയതി അറിയിക്കാമെന്ന് അറിയിച്ച് പുറത്തേക്ക് പോയി.
വിഷയം ചർച്ച ചെയ്യുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡ് നടത്തുമെന്നും കർഷക സംഘടനകൾ കൂട്ടിച്ചേർത്തു.
News from our Regional Network
English summary: The 11th round of talks between the central government and the farmers also failed