Categories
Kozhikode

ഓൺലൈൻ ക്ലാസ്‌ സമയം ചുരുക്കണമെന്ന്‌ സംസ്ഥാന ബാലാവകാശ കമീഷൻ

കോഴിക്കോട്‌ : വിദ്യാർത്ഥികൾക്ക് ഗുരുതരമായ ശാരീരിക-മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഓൺലൈൻ ക്ലാസ്‌ സമയം ചുരുക്കണമെന്ന്‌ സംസ്ഥാന ബാലാവകാശ കമീഷൻ.

സംസ്ഥാനത്ത്‌ കേന്ദ്രീയ വിദ്യാലയങ്ങളിലും സിബിഎസ്‌ഇ സ്‌കൂളുകളിലും ഓൺലൈൻ ക്ലാസ്‌ സമയം ചുരുക്കണമെന്ന്‌ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ഉത്തരവിൽ പറയുന്നു.

സിബിഎസ്‌ഇ, ഐസിഎസ്‌ഇ, ജവഹർ നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലെ സമയ ദൈർഘ്യം കുറയ്‌ക്കാനാണ്‌ ഇടക്കാല ഉത്തരവിട്ടത്‌.

എല്ലാ വിദ്യാലയങ്ങളിലും ഓൺലൈൻ ക്ലാസിന്റെ ഒരു സെഷന്റെ സമയം പരമാവധി അരമണിക്കൂറാക്കണമെന്നും കമീഷൻ അംഗം റെനി ആന്റണി നിർദേശിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഒരു ദിവസത്തെ ഓൺലൈൻ ക്ലാസ്‌ രണ്ട്‌ മണിക്കൂറിൽ കൂടാനും പാടില്ല.

പൊതുവിദ്യാലയത്തിലെ കുട്ടികൾ വിക്ടേഴ്‌സ്‌ ചാനലിലെ പാഠഭാഗങ്ങൾ കളിയും ചിരിയുമായി പഠിക്കുമ്പോൾ അൺ എയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ കുട്ടികൾക്ക്‌ പഠനഭാരം ഏറുന്ന സാഹചര്യത്തിലാണ്‌ കമീഷൻ നടപടി.

ഓരോ സെഷനുശേഷവും കുറഞ്ഞത്‌ 15 മുതൽ 30 മിനിറ്റുവരെ വിശ്രമവേള വേണം

. ടേം പരീക്ഷയ്‌ക്ക്‌ സമാനമായ ഓൺലൈൻ എഴുത്തു പരീക്ഷകൾ നടത്തരുത്‌. ഈ വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാർ ഓരോ മാസത്തെയും ഓൺലൈൻ ക്ലാസുകളുടെ ടൈംടേബിൾ കലക്ടർക്കും വിദ്യാഭ്യാസ ഉപഡയറക്ടർക്കും നൽകണം.

അടച്ചുപൂട്ടൽ കാലത്ത്‌ സ്‌കൂൾ വിദ്യാഭ്യാസത്തിന്‌ നേരിട്ട സ്‌തംഭനാവസ്ഥ ഒഴിവാക്കുന്നതിനും കുട്ടികളുടെ വിരസതയും നിരാശയും ഒരുപരിധിവരെ പരിഹരിക്കുന്നതിനുമാണ്‌ ഓൺലൈൻ ക്ലാസ്‌ ആരംഭിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

തിരുവല്ല സെന്റ്‌ മേരീസ്‌ റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർഥിയുടെ രക്ഷിതാവായ ടി പി വിനോദ്‌കുമാർ നൽകിയ പരാതിയിലാണ്‌ ഉത്തരവ്‌.

സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ 47 പേരെ എതിർകക്ഷികളാക്കിയായിരുന്നു ‌ പരാതി.

ഈ വിദ്യാലയത്തിലെ ഓൺലൈൻ ക്ലാസുകൾ രാവിലെ 9 മുതൽ 5.30 വരെ നീളുന്നുവെന്ന്‌ പരാതിയിൽ പറയുന്നു.

ക്ലാസിനുശേഷം കലോത്സവത്തിനും മറ്റ്‌ പരിശീലനങ്ങൾക്കുമൊക്കെയായി കുട്ടികൾ 10 മണിക്കൂറിലധികം മൊബൈൽ ഫോൺ ഉപയോഗിക്കേണ്ടി വരുന്നതിനാൽ കുട്ടികൾക്ക്‌ മാനസിക പ്രശ്‌നങ്ങളും കാഴ്‌ചയുടെ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുവെന്നും പരാതിയിലുണ്ട്‌.

ഇതോടൊപ്പം അധ്യാപകർ നിർദേശിക്കുന്ന അസൈൻമെന്റുകളും മറ്റ്‌ ഹോം വർക്കുകളും ദിവസേനയുള്ള ടെസ്‌റ്റ്‌ പേപ്പറുകളും താങ്ങാൻ കഴിയില്ലെന്നും പരാതിയിൽ പറയുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP