ന്യൂഡല്‍ഹി: ടീം മാനേജ്മെന്റ് അര്‍പ്പിച്ച സമയത്തിനോടും വിശ്വാസത്തോടും നീതിപുലര്ത്താനായില്ലെങ്കില് ഋഷഭ് പന്തിന് ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്.
പന്തിന് അനുവദിച്ച സമയം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും ഫോമിലേക്കെത്താനായില്ലെങ്കില് പന്തിന്റെ സ്ഥാനത്ത് സഞ്ജു എത്തുമെന്നും ലക്ഷ്മണ് കൂട്ടിച്ചേര്‍ത്തു.
വിന്‍ഡീസ് പരമ്ബരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയത് പന്തിനുള്ള ശക്തമായ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”സഞ്ജു സാംസന്റെ രൂപത്തില്‍ തങ്ങള്‍ക്ക് ഒരു ബാക്കപ്പ് ലഭിച്ചിരിക്കുന്നുവെന്ന ശക്തമായ സന്ദേശമാണ് ടീം മാനേജുമെന്റും സെലക്ഷന് കമ്മിറ്റിയും പന്തിന് കൈമാറുന്നത്. അദ്ദേഹത്തിന് ഇതിനോടകം തന്നെ ധാരാളം അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞു, അത് തുടരുമെന്നും എനിക്കുറപ്പുണ്ട്. എന്നാല്‍ ആത്യന്തികമായി കളിക്കാരന് ടീം മാനേജ്മെന്റും സെലക്ഷന് കമ്മിറ്റിയും തന്നിലര്‍പ്പിക്കുന്ന ഈ വിശ്വാസത്തോട് നീതിപുലര്ത്തേണ്ടതായിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ പന്തിന് അതിന് സാധിച്ചിട്ടില്ല. പക്ഷേ പന്ത് ഒരു എക്സ് ഫാക്ടറാണ്. മത്സരത്തിന്റെ ഗതിമാറ്റാന്‍ സാധിക്കുന്ന ഒരു താരമാണ് അദ്ദേഹമെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു”, ലക്ഷ്മണ് പറഞ്ഞു.
അതേസമയം വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമിലേക്കുള്ള അവസരത്തിന് സഞ്ജുവിനേക്കാള്‍ സാധ്യത പന്തിന് തന്നെയാണെന്നും എന്നാല്‍ എം.എസ് ധോനി കൂടി ഈ സ്ഥാനത്തിന് ഒരു വെല്ലുവിളിയായി ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.