വടകര മുല്ലപ്പള്ളിയെങ്കില്‍ പിന്തുണയ്ക്കാം; ജയരാജനെ തോല്‍പ്പിക്കാന്‍ അറ്റകൈ പ്രയോഗവുമായി ആര്‍.എം.പി നീക്കം

കോഴിക്കോട്:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മുല്ലപ്പള്ളി യുഡിഎഫ്  സ്ഥാനാര്‍ഥിയായാല്‍  പിന്തുണക്കാന്‍ ആര്‍.എം.പി നീക്കം.  ജയരാജനെതിരെ അടുവുകളെല്ലാം പയറ്റാനാണ് ആര്‍.എം.പി യുടെ  ശ്രമം.

കേരളം ഒന്നാകെ ശ്രദ്ധിക്കുന്ന മണ്ഡലങ്ങളിലൊന്നായി ഇതിനകം തന്നെ മാറിയിരിക്കുകയാണ് വടകര.  ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു പടി മുന്നിലെത്താനും എല്‍.ഡി.എഫിന് സാധിച്ചിട്ടുണ്ട്. എതിര്‍ സ്ഥാനാര്‍ഥി ആരെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഏവരും ഉറ്റുനോക്കുന്നത് ആര്‍.എം.പിയുടെ നിലപാടിനെയാണ്.

കെ.കെ രമ ഇവിടെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുല്ലപ്പള്ളിരാമചന്ദ്രന്‍ തന്നെ അവസാനം മത്സരിക്കാനെത്തുമെന്നാണ് കരുതുന്നത്.

അങ്ങനെയെങ്കില്‍ മുല്ലപ്പള്ളിക്ക് പിന്തുണ നല്‍കി കെ.കെ രമയുടെ സ്ഥാനര്‍ഥിത്വം പിന്‍വലിക്കാന്‍ തയ്യാറായിരിക്കുകയാണ് ആര്‍.എം.പി. കാരണം ജയരാജനെ തോല്‍പിക്കാന്‍ ഏതറ്റം വരെയും പോവാന്‍ തയ്യാറാണെന്നാണ് ആര്‍.എം.പി നേതൃത്വം വ്യക്തമാക്കുന്നത്.

മുല്ലപ്പള്ളി ആര്‍.എം.പിക്ക് കൂടി താല്‍പര്യമുള്ള സ്ഥാനാര്‍ഥിയാണ്. അദ്ദേഹത്തിന് പിന്തുണ കൊടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് ആര്‍.എം.പി സംസ്ഥാന പ്രസിഡന്റ് എന്‍.വേണു പ്രതികരിച്ചു.

മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന് വീണ്ടും വീണ്ടും ഉറപ്പിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ഹൈക്കമാന്‍ഡ് അവസാനം മുല്ലപ്പള്ളിയിലേക്ക് തന്നെ എത്തുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരുതുന്നത്.

അതല്ലെങ്കില്‍ നിലവിലെ ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖിനായിരിക്കും നറുക്ക് വീഴുക. ജയരാജന്‍ എന്ന വര്‍ഗ ശത്രുവിനെ തോല്‍പിക്കുക എന്നതാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് ആര്‍.എം.പി സംസ്ഥാന പ്രസിഡന്റ് എന്‍.വേണു വ്യക്തമാക്കുന്നത്.

പക്ഷെ സി.പി.എം ഇവിടെ നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കമിട്ടതോടെ അവര്‍ പ്രചാരണത്തില്‍ ഏറെ മുന്നിലെത്തിയിട്ടുമുണ്ട്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറ്റും ആദ്യ ഘട്ടത്തില്‍ തന്നെ വലിയ ആത്മവിശ്വാസമാണ് നല്‍കിയിട്ടുള്ളത്. പോസ്റ്ററെഴുത്തും ബാനര്‍ പ്രചാരണവും സൈബര്‍ പ്രചാരണവുമെല്ലാം ഒരു പടി മുന്നിലായിരിക്കഴിഞ്ഞിരുന്നു.&

 

Loading...