റഫാൽ കേസ് : രേഖകളുടെ ഫോട്ടോ കോപ്പി പുറത്തുവിട്ടു കേന്ദ്രം സുപ്രീംകോടതിയിൽ

ദില്ലി :  റഫാൽ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് ചോർത്തപ്പെട്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. രേഖകളുടെ ഫോട്ടോകോപ്പികൾ എടുത്ത് പുറത്തേക്ക് കടത്തിയെന്നാണ് കേന്ദ്രസർക്കാരിന്‍റെ ആരോപണം.

ഇത് മോഷണത്തിന് തുല്യമാണെന്നും ഇതിലൂടെ രാജ്യസുരക്ഷയാണ് തുലാസ്സിലായിരിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു. കേസിൽ അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹർജിയിലാണ് കേന്ദ്രസർക്കാരിന്‍റെ സത്യവാങ്മൂലം.

”റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രിയുടെ നോട്ട് അടക്കമുള്ള ഫയൽ മോഷ്ടിച്ച് കടത്തിയതിലൂടെ ശത്രുവിന് പോലും രഹസ്യരേഖകൾ കിട്ടുമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇതിലൂടെ രാജ്യസുരക്ഷയാണ് ഭീഷണിയിലായിരിക്കുന്നത്.

രാജ്യത്തിന് ഒരു യുദ്ധത്തെ നേരിടാനുള്ള കഴിവ് എത്രയുണ്ടെന്ന വിവരങ്ങളടക്കമാണ് കടത്തിയിരിക്കുന്നത്. ഇത് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നതാണ്.” സത്യവാങ്മൂലത്തിൽ പറയുന്നു.

”രാജ്യത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ ഒരിക്കലും പരസ്യമായ പുനഃപരിശോധനാഹർജിക്കൊപ്പം നൽകരുതായിരുന്നു. ഇതോടെ ഈ രേഖകൾ എല്ലാവർക്കും ലഭിക്കുന്ന സ്ഥിതിയാണ്.

മാത്രമല്ല, രഹസ്യരേഖകൾ ഫോട്ടോകോപ്പിയെടുത്ത് കടത്തുന്നത് മോഷണത്തിന് തുല്യമാണ്. ഇത് ഗുരുതരമായ കുറ്റകൃത്യമാണ്.” സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.

നേരത്തേ റഫാൽ രേഖകൾ മോഷ്ടിക്കപ്പെട്ടെന്ന് എജി സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ പ്രസ്താവന വിവാദമായതോടെ എജി മലക്കം മറിഞ്ഞു. മോഷ്ടിക്കപ്പെട്ടെന്നല്ല പറഞ്ഞതെന്നും, ഫോട്ടോകോപ്പിയെടുത്ത് കടത്തിയെന്നാണ് താനുദ്ദേശിച്ചതെന്നും എജി പിന്നീട് പറഞ്ഞു.

റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടെന്നാണ് മാർച്ച് ആറിന് കേന്ദ്രസർക്കാരിന് വേണ്ടി എജി കെ കെ വേണുഗോപാൽ സുപ്രീംകോടതിയിൽ വാദിച്ചത്.

ദ് ഹിന്ദു ദിനപത്രത്തിൽ ചീഫ് എഡിറ്റർ എൻ റാം റിപ്പോർട്ട് ചെയ്ത വാർത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണ്. ഔദ്യോഗിക രഹസ്യ നിയമ (Official Secrets Act) പ്രകാരം ഇത് കുറ്റകരമാണെന്നും വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കാനുള്ള നടപടികൾ തുടങ്ങിയെന്നും കെ കെ വേണുഗോപാൽ പറഞ്ഞു.

പ്രതിരോധമന്ത്രാലയത്തിൽ തന്നെയുള്ള ചിലർക്ക് ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും എജി കോടതിയെ അറിയിച്ചു. മാത്രമല്ല, പ്രതിരോധമന്ത്രിയുടെ മറുപടിക്കുറിപ്പില്ലാതെ തെറ്റിദ്ധരിപ്പിക്കും വിധം പകുതി മാത്രമാണ് പത്രത്തിൽ വന്നത്.

ഇതും കുറ്റകരമാണ്. – എന്നും കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. എന്നാൽ രൂക്ഷമായ വിമർശനമാണ് ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് എജിയ്ക്ക് കേൾക്കേണ്ടി വന്നത്. അഴിമതി നടന്നിട്ടുണ്ടെങ്കിൽ ഔദ്യോഗിക രഹസ്യനിയമത്തിന്‍റെ പേരിൽ രക്ഷപ്പെടാനാകില്ലെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.

ഇതിന്‍റെ പേരിൽ പ്രതിപക്ഷം പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരെ വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കേസിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു.

കേസ് ഇനി ഈ മാസം 14-ന് പരിഗണിക്കാനിരിക്കെയാണ് അറ്റോർണി ജനറൽ നിലപാട് തിരുത്തുന്നത്. സാങ്കേതികമായ വാദമുന്നയിച്ചാണ് രേഖകൾ മോഷണം പോയിട്ടില്ലെന്നും ഉദ്ദേശിച്ചത് ഫോട്ടോകോപ്പി പുറത്തു പോയെന്നുമാണെന്ന് എജി പറയുന്നത്.

 

ആർ.എം.പി നേതാവ് കെ.കെ രമയെ വടകരയിൽ പൊതു സ്ഥാനാർത്ഥിയാക്കാൻ നീക്കം വീഡിയോ കാണാം …………………….. …https://youtu.be/BhzSxR2lCpE

 

 

Loading...