നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Loading...

പാലക്കാട്:  കൊപ്പം ലയണ്‍സ് സ്‌കൂളില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് അപമാനിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അതിനിടെ പരീക്ഷാ ഹാളിലുണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍മാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.

ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കണം. പരീക്ഷ ഹാളിലുണ്ടായിരുന്ന സൂപ്പര്‍വൈസര്‍മാരെയും ജീവനക്കാരെയും ചോദ്യം ചെയ്ത് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കേസില്‍ പാലക്കാട് നോര്‍ത്ത് പൊലീസ് അന്വേഷണം തുടരുകയാണ്. കൊപ്പം ലയണ്‍സ് സ്‌കൂളിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. വിദ്യാര്‍ഥിനിയെ തുറിച്ച് നോക്കി അപമാനിച്ചിന് കേസുള്ള ഉദ്യോഗസ്ഥന്‍ തെലുങ്കാനയില്‍ നിന്നാണെന്നാണ് വിവരം. ഇയാളെ ഉടന്‍ ചോദ്യം ചെയ്യും. അതിനിടെ സിബിഎസ്ഇ സംഘം കഴിഞ്ഞ ദിവസം സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട് സിബിഎസ്ഇ ഡല്‍ഹി ആസ്ഥാനത്തേക്ക് അയച്ചതായും സിബിഎസ്ഇ തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.

നീറ്റ് പരീക്ഷ എഴുതുന്നതിന് ഹാളില്‍ കയറുന്നതിനു മുന്‍പ് മെറ്റല്‍ ഹുക്ക് ഉണ്ടെന്ന കാരണം പറഞ്ഞു വിദ്യാര്‍ത്ഥിനിയോടു ബ്രാ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് മറ്റു സ്‌കൂളുകളില്‍ ഒന്നും ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥിനി മനസിലാക്കിയത്.

നീറ്റ് പരീക്ഷ എഴുതുന്നവര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ചു ഇളം നിറത്തിലുള്ള കൈ നീളം കുറഞ്ഞ ടോപ് ആണ് പരീക്ഷയ്ക്ക് എത്തുമ്പോള്‍ വിദ്യാര്‍ത്ഥിനി ധരിച്ചിരുന്നത്. ഹാളില്‍ കയറിയ ശേഷം ഇന്‍വിജിലേറ്ററുടെ നോട്ടം ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി എറണാകുളം ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ ഇവര്‍ പറയുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ചോദ്യപേപ്പര്‍ ഉപയോഗിച്ച് മാറ് മറച്ചു പിടിക്കേണ്ടി വന്നു എന്ന് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു.

അടിവസ്ത്രം അഴിച്ചുമാറ്റിച്ചു, അധ്യാപകന്റെ തുറിച്ച് നോട്ടം; നീറ്റ് പരീക്ഷ അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതി

പാലക്കാട് : നഗരത്തിലെ ലയണ്‍സ് സ്‌കൂളില്‍ ഞായറാഴ്ച നടന്ന അഖിലേന്ത്യ മെഡിക്കല്‍, ദന്തല്‍ പ്രവേശനപരീക്ഷയില്‍(നീറ്റ്) അശ്ലീലകരമായ രീതിയില്‍ അധ്യാപകന്‍ തുറിച്ചു നോക്കിയെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി.

പരീക്ഷയ്ക്ക് പ്രവേശിപ്പിക്കുന്നതിനുള്ള പരിശോധനയുടെ ഭാഗമായി മെറ്റല്‍ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റേണ്ടി വന്ന വിദ്യാര്‍ത്ഥിനിക്കാണ് മോശം അനുഭവമുണ്ടായത്. മെറ്റല്‍ ഉള്ള വസ്തുക്കള്‍ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കരുത് എന്ന് സിബിഎസ്ഇ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മെറ്റല്‍ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റുന്നതിന് കുട്ടിയോട് നിരീക്ഷകര്‍ നിര്‍ദേശിച്ചത്.

അധ്യാപകന്റെ നെഞ്ചിലേക്കുള്ള തുറിച്ചുനോട്ടം അസഹ്യമായതോടെ ചോദ്യ പേപ്പര്‍ കൊണ്ട് ശരീരം മറച്ചതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഷാള്‍ ധരിച്ചിരുന്നില്ല.

പരാതിക്കാരിക്കു മാത്രമല്ല ആ ഹാളില്‍ പരീക്ഷയ്ക്ക് വന്ന 25 പെണ്‍കുട്ടികളുടെയും മെറ്റല്‍ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റിച്ചതിന് ശേഷമാണ് ഹാളില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒഴിഞ്ഞ ചാക്കിന്റെ മറവില്‍ നിന്നാണ് പെണ്‍കുട്ടികള്‍ക്ക് അടിവസ്ത്രം മാറ്റേണ്ടി വന്നത്. ഇതും നീറ്റ് പരിശോധനയുടെ നിയമത്തിന്റെ ഭാഗമാണെന്ന ധരിച്ച പെണ്‍കുട്ടി ഹാളില്‍ വച്ച് പ്രതികരിച്ചില്ല. പിന്നീട് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചു വന്ന ശേഷം സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് മറ്റു സെന്ററുകളില്‍ ഇത്തരം സംഭവങ്ങള്‍ ഇല്ലായിരുന്നുവെന്ന് അറിഞ്ഞത്. ഇതോടെയാണ് കുട്ടി പൊലീസിനെ സമീപിച്ചത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ടൗണ്‍ നോര്‍ത്ത് എസ്ഐ , ആര്‍ രഞ്ജിത്ത് അറിയിച്ചു. നീറ്റ് പരീക്ഷയുടെ ഡ്രസ് കോഡിനെ ചൊല്ലി കഴിഞ്ഞ വര്‍ഷവും വന്‍വിവാദങ്ങളുണ്ടായിരുന്നു. ഐപിസി 509, 354 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം