മലയാളക്കര കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി തിയേറ്ററില്‍ എത്തി.. പ്രതികരണം അറിയാം

Loading...

മലയാളക്കര കാത്തിരുന്ന ബ്രഹ്മാണ്ഡ സിനിമയായ കായംകുളം കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തുന്ന സിനിമയില്‍ നിവിന്‍ പോളി നായകനാവുമ്പോള്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നു എന്നതായിരുന്നു സിനിമയെ ഏറെയും ശ്രദ്ധേയമാക്കിയത്.

ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നതോടെ ലാലേട്ടന്റെ ഫാന്‍സ് ദിവസങ്ങള്‍ക്ക് മുന്‍പേ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ഫാന്‍സ് ഷോ യും മറ്റുമായിട്ടാണ് കായംകുളം കൊച്ചുണ്ണിയുടെ ആദ്യ പ്രദര്‍ശനം. മലയാള സിനിമ ചരിത്രത്തിലാദ്യമായി 351 ല്‍ പരം തിയറ്ററുകളിലായി 1700 ഓളം പ്രദര്‍ശനവുമായിട്ടാണ് കൊച്ചുണ്ണി റിലീസ് ചെയ്തിരിക്കുന്നത്.

ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം കായംകുളം കൊച്ചുണ്ണിയുടെ ആദ്യ പകുതി ഗംഭീരമാണെന്നാണ് പറയുന്നത്.

ട്വിറ്ററിലൂടെ വരുന്ന പ്രതികരണമനുസരിച്ച് കായംകുളം കൊച്ചുണ്ണിയുടെ ആദ്യ പകുതി ഗംഭീരമായിരിക്കുകയാണ്. കാത്തിരുന്നത് പോലെ ഇത്തിക്കരപക്കിയായിട്ടുള്ള ലാലേട്ടന്റെ എന്‍ട്രി മാസ് ആയിരുന്നു.

ആദ്യ പകുതി കഴിയുമ്പോള്‍ നല്ല അഭിപ്രായമാണ് പറയാനുള്ളത്. ഇന്റര്‍വെല്ലിന് മുന്‍പ് ആകാംഷ നിറഞ്ഞൊരു ത്രില്ലാണ് കൊച്ചുണ്ണി സമ്മാനിച്ചിരിക്കുന്നത്.

ഒറ്റ വാക്കില്‍ കിടിലനെന്ന് പറയാവുന്ന ഇടപെടലുകളാണ് കായംകുളം കൊച്ചുണ്ണിയുടെ ആദ്യ ഭാഗത്തുള്ളത്. നിവിന്‍ പോളിയുടെ പ്രകടനം അതിശയിപ്പിച്ചിരിക്കുകയാണ്.

നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തുന്ന കായംകുളം കൊച്ചുണ്ണിയ്ക്ക് മലയാളം കണ്ട എക്കാലത്തെയും വലിയ റിലീസാണ് ലഭിച്ചിരിക്കുന്നത്. ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയ്ക്ക് കേരളത്തില്‍ ലഭിച്ചതിനെക്കാള്‍ വരവേല്‍പ്പോടെ കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തി. 351 തിയറ്ററുകളാണ് റിലീസ് ദിവസം ലഭിച്ചിരിക്കുന്നത്. അതില്‍ നിന്നും 1700 ഓളം പ്രദര്‍ശനം സിനിമയ്ക്കുണ്ടാവും

കേരളത്തിലെത്തുന്നതിന് മുന്‍പ് വിദേശത്തേക്ക് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒക്ടോബര്‍ പതിനൊന്നിന് ലോകത്ത് എല്ലായിടത്തുമായിട്ടാണ് കൊച്ചുണ്ണി റിലീസ് ചെയ്തത്. യുഎഇ/ജിസിസി മേഖലകളില്‍ 102 സ്‌ക്രീനുകളിലാണ് ചിത്രമെത്തിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുകയാണ് യുഎഇ/ജിസിസി യില്‍ നിന്നും കായംകുളം കൊച്ചുണ്ണിയ്ക്ക് ലഭിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിന് ഇത്രയധികം റിലീസ് ലഭിക്കുന്നത്. റിസര്‍വേഷന്‍ ആരംഭിച്ച ദിവസം മുതല്‍ സിനിമയുടെ ആദ്യദിവസത്തെ ടിക്കറ്റിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

കായംകുളം കൊച്ചുണ്ണിയുടെ റിലീസ് മാത്രമല്ല ഒക്ടോബര്‍ പതിനൊന്നിന് നിവിന്‍ പോളിയുടെ ജന്മദിനമാണെന്നുള്ളതാണ് മറ്റൊരു വലിയ പ്രത്യേകത. നിവിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടെത്തുന്ന കൊച്ചുണ്ണി പ്രതീക്ഷകള്‍ ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

കൊച്ചുണ്ണിയായി നിവിന്‍ പോളി അഭിനയിക്കുമ്പോള്‍ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയാണ് ശ്രദ്ധേയമായ കഥാപാത്രം. സണ്ണി വെയിന്‍, പ്രിയ ആനന്ദ്, ബാബു ആന്റണി, ഷെയിന്‍ ടോം ചാക്കോ, പ്രിയങ്ക തിമേഷ്, മണികണ്ഠന്‍, സിദ്ധാര്‍ത്ഥ ശിവ, ജൂഡ് ആന്റണി, സുദേവ് നായര്‍, സുനില്‍ സുഗത, തെസ്‌നി ഖാന്‍, ഇടവേള ബാബു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

40 കോടിയോളം മുതല്‍ മുടക്കിലെത്തിയ കായംകുളം കൊച്ചുണ്ണിയുടെ ആദ്യ പ്രദര്‍ശനം രാവിലെ 7 മുതല്‍ ആരംഭിച്ചിരിക്കുകയാണ്. നിവിന്‍ പോളി ഫാന്‍സ്, മോഹന്‍ലാല്‍ ഫാന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ ആര്‍പ്പുവിളികളുമായിട്ടാണ് സിനിമ കാണാന്‍ പ്രേക്ഷകരെത്തിയത്. ഇരുന്നൂറിനടുത്ത് ഫാന്‍സ് ഷോ കള്‍ സിനിമ ഫസ്റ്റ് ഡേ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി മള്‍ട്ടിപ്ലെക്‌സിലും കായംകുളം കൊച്ചുണ്ണിയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ദിവസം 60 പ്രദര്‍ശനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഇത്രയും വലിയ റിലീസ് ലഭിക്കുന്ന സിനിമ എന്ന് പ്രത്യേകതയും കൊച്ചുണ്ണിയ്ക്കുണ്ട്.

കോട്ടയം അഭിലാഷ് തിയറ്ററിന് മുന്നില്‍ കൊച്ചുണ്ണിയായി മാറിയ നിവിന്റെയും ഇത്തിക്കര പക്കിയായ മോഹന്‍ലാലിന്റെയും കട്ടൗട്ടുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബാന്റ് മേളവും മറ്റുമായി ആരാധകര്‍ വലിയ ആഘോഷത്തിലാണ്.

ഇന്നലെ രാത്രി ഒരുപാട് വൈകിയും ആരാധകര്‍ സിനിമയുടെ റിലീസിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നു. 6.30 ന് റെക്കോര്‍ഡ് കണക്കിന് ഫാന്‍സ് ഷോ ആണ്.

Loading...