ഫൈനല്‍ ടിക്കറ്റ് ആരുനേടും; ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെതിരേ

Loading...

മാഞ്ചെസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ- ന്യൂസീലന്‍ഡ് സെമി ഫൈനല്‍
ഇന്ന് വൈകീട്ട് മൂന്നുമുതല്‍ മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തില്‍. പ്രാഥമികഘട്ടത്തില്‍ ഇന്ത്യ പാകിസ്താനെതിരേ 336 റണ്‍സ് അടിച്ച്‌ 89 റണ്‍സിന് ജയിച്ചത് ഇതേ ഗ്രൗണ്ടിലാണ്. ചൊവ്വാഴ്ച മഴയ്ക്ക് സാധ്യത പറയുന്നുണ്ടെങ്കിലും കളിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

പന്ത്രണ്ടാം ലോകകപ്പിലെ ആദ്യ സെമിയാണിത്. രണ്ടാം സെമിയില്‍ വ്യാഴാഴ്ച ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. പ്രാഥമിക റൗണ്ടില്‍, കളിച്ച എട്ടില്‍ ഏഴു മത്സരങ്ങളും ജയിച്ച്‌ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലന്‍ഡ് ഒടുവില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്.

ഒരു ഘട്ടത്തില്‍ സെമി കാണാതെ പുറത്താകുമെന്ന ഭീഷണിയെ ന്യൂസീലന്‍ഡ് നേരിട്ടു. ഒടുവില്‍ പോയന്റ് പട്ടികയില്‍ പാകിസ്താനൊപ്പമായിരുന്നെങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സെമിയിലെത്തി. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെക്കാള്‍ ഒരുപടി മുന്നിലായിരിക്കും.

ഏഴാം സെമിഫൈനലിനാണ് ഇന്ത്യ ചൊവ്വാഴ്ച ഇറങ്ങുന്നത്. ഇതിനിടെ രണ്ടുവട്ടം കിരീടം നേടി. 1983 ലോകകപ്പില്‍ ഇന്ത്യ ആദ്യമായി കിരീടം നേടിയത് ഇംഗ്ലണ്ടിലായിരുന്നു. നിലവിലെ റണ്ണറപ്പായ ന്യൂസീലന്‍ഡിന് ഇത് എട്ടാം സെമി.

മുന്നേറ്റത്തില്‍ വിശ്വസിച്ച്‌ ഇന്ത്യയും

ഏറക്കുറെ ആധികാരികമായിരുന്നു ഇക്കുറി ഇന്ത്യയുടെ മുന്നേറ്റം. പ്രാഥമിക ഘട്ടത്തില്‍ തോറ്റത് ഇംഗ്ലണ്ടിനോട് മാത്രം. ഓപ്പണര്‍ രോഹിത് ശര്‍മ എട്ട് ഇന്നിങ്സില്‍ അഞ്ച് സെഞ്ചുറിയടക്കം 647 റണ്‍സടിച്ച്‌ ലോകകപ്പ് റണ്‍വേട്ടയില്‍ ഒന്നാമതുണ്ട്. തുടര്‍ച്ചയായി അഞ്ച് അര്‍ധസെഞ്ചുറിയടക്കം 442 റണ്‍സടിച്ച ക്യാപ്റ്റന്‍ കോലിയും 359 റണ്‍സുമായി കെ.എല്‍. രാഹുലും തൊട്ടുപിന്നിലുണ്ട്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇവര്‍ മൂന്നുപേര്‍ ചേര്‍ന്ന് 1347 റണ്‍സ് അടിച്ചുകഴിഞ്ഞു. ഈ ആക്രമണനിരയെ ആരായാലും പേടിക്കും.

അതേസമയം, ലോക്കി ഫെര്‍ഗൂസന്‍ (17 വിക്കറ്റ്), ട്രെന്റ് ബോള്‍ട്ട് (15 വിക്കറ്റ്), മാറ്റ് ഹെന്റി (10) എന്നിവര്‍ ചേര്‍ന്ന പേസ് ആക്രമണമാണ് ന്യൂസീലന്‍ഡിന്റെ ശക്തി. ഈ സഖ്യം 42 വിക്കറ്റ് നേടിയിട്ടുണ്ട്. പരിക്കിലായിരുന്ന ലോക്കി ഫെര്‍ഗൂസന്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ കളിച്ചിരുന്നില്ല. സുഖംപ്രാപിച്ച്‌ ചൊവ്വാഴ്ച ഇറങ്ങുമെന്ന് കരുതുന്നു.

ബാറ്റിങ്ങില്‍ പക്ഷേ, ന്യൂസീലന്‍ഡിന് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരേയൊരാള്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മാത്രം. ഇതുവരെ ഫോമിലാകാത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ ഒരുവേള നിലയുറപ്പിച്ചാല്‍ അപകടകാരിയാകും.

ശനിയാഴ്ച ശ്രീലങ്കയ്‌ക്കെതിരേ കളിച്ച ഇന്ത്യ ഞായറാഴ്ച മാഞ്ചെസ്റ്ററിലെത്തി. തിങ്കളാഴ്ച പരിശീലനം നടത്തി. ജൂലായ് മൂന്നിന് ഇംഗ്ലണ്ടിനെതിരേയായിരുന്നു ന്യൂസീലന്‍ഡിന്റെ അവസാന മത്സരം. ഒരുങ്ങാന്‍ അവര്‍ക്ക് ധാരാളം സമയം കിട്ടി.

പരിക്കുകാരണം ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാനും വിജയ് ശങ്കറും മടങ്ങിയതിനാല്‍ ഇന്ത്യ ടീമില്‍ പല മാറ്റങ്ങളും പരീക്ഷിച്ചു. 16 പേരെ ഇതിനകം കളിപ്പിച്ചു.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍- മൂന്ന് പേസര്‍മാരെയും ചൊവ്വാഴ്ച കളിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരിലൊരാളെ മാറ്റിനിര്‍ത്താം. ആറാം നമ്ബറിലെ ബാറ്റ്സ്മാനെ (കേദാര്‍ ജാദവ്/ദിനേഷ് കാര്‍ത്തിക്) മാറ്റി രവീന്ദ്ര ജഡേജയെ കൊണ്ടുവരാനും സാധ്യതയുണ്ട്.

പിച്ച്‌

ഓള്‍ഡ് ട്രാഫഡില്‍ ഇന്ത്യ പാകിസ്താനെതിരേ കളിച്ച പിച്ചിലല്ല, പുതിയൊരു പിച്ചിലാകും ചൊവ്വാഴ്ചത്തെ മത്സരം. പിച്ച്‌ മാറിയാലും ബാറ്റിങ്ങിന് അനുകൂലമാകുമെന്നാണ് റിപ്പോര്‍ട്ട്.

ടീം ഇവരില്‍നിന്ന്: ഇന്ത്യ

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, എം.എസ്. ധോനി, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ചാഹല്‍, കുല്‍ദീപ്, ഭുവനേശ്വര്‍, ഷമി, ബുംറ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ്.

ന്യൂസീലന്‍ഡ്: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്ലര്‍, ടോം ലാതം, ടോം ബ്ലന്‍ഡല്‍, കെ. ഗ്രാന്ദോം, ജിമ്മി നീഷാം, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, മിച്ചല്‍ സാന്റ്നര്‍, ഹെന്റി നിക്കോള്‍സ്, ടിം സൗത്തി, ഇഷ് സോഥി.

അവഗണനയുടെ കാലമല്ലിത്…ഉന്നതവിദ്യാഭ്യാസത്തിനൊരുങ്ങി ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍

Loading...