കൊവിഡ് വാക്സിൻ സ്വീകരിച്ചതിനു പിന്നാലെ സർക്കാർ ആശുപത്രി ജീവനക്കാരൻ മരിച്ചു. വാക്സിൻ സ്വീകരിച്ച് 24 മണിക്കൂറുകൾക്ക് ശേഷമാണ് മഹിപാൽ സിംഗ് എന്ന 46കാരൻ മരണപ്പെട്ടത്.

ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. എന്നാൽ, ഇയാളുടെ മരണം കൊവിഡ് വാക്സിൻ മൂലമല്ലെന്നാണ് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസറുടെ പ്രസ്താവന.
വാർഡ് ബോയ് ആയിരുന്ന മഹിപാൽ മരണപ്പെടുന്നതിനു മുൻപ് നെഞ്ച് വേദനയും ശ്വാസം മുട്ടലും അനുഭവിച്ചിരുന്നു എന്ന് വീട്ടുകാർ പറയുന്നു. വാക്സിൻ സ്വീകരിക്കുന്നതിന് മുൻപ് തന്നെ ഇയാൾ ആരോഗ്യകരമായി മെച്ചപ്പെട്ട അവസ്ഥയിൽ ആയിരുന്നില്ല എന്നും കുടുംബം പറയുന്നു.
“ശനിയാഴ്ച ഉച്ചയോടെയാണ് അയാൾ വാക്സിൻ സ്വീകരിച്ചത്. ഞായറാഴ്ച ശ്വാസം മുട്ടലും നെഞ്ച് വേദനയും അനുഭവപ്പെട്ടു. മരണകാരണം അന്വേഷിക്കുന്നുണ്ട്. ശരീരം പോസ്റ്റ്മാർട്ടം ചെയ്യും.
വാക്സിൻ സ്വീകരിച്ചതിനാലാണ് മരിച്ചതെന്നു കരുതുന്നില്ല. ശനിയാഴ്ച അദ്ദേഹത്തിനു നൈറ്റ് ഡ്യൂട്ടി ആയിരുന്നു. അപ്പോൾ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല.”- മൊറാദാബാദ് ചീഫ് മെഡിക്കൽ ഓഫീസർ എംസി ഗാർഗ് പറഞ്ഞു.
വാക്സിനേഷനു മുൻപ് തന്നെ പിതാവിന് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്ന് മകൻ പറഞ്ഞു. വാക്സിൻ സ്വീകരിച്ചതിനു പിന്നാലെ അസുഖം വഷളായി. ഉച്ചക്ക് 1.30ഓടെയാണ് പിതാവ് വാക്സിനേഷൻ സെൻ്ററിൽ നിന്ന് മടങ്ങിയത്.
താൻ അദ്ദേഹത്തെ വീട്ടിലെത്തിച്ചു. അദ്ദേഹത്തിനു ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ചുമയും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ന്യുമോണിയ അതിൻ്റെ ഭാഗമായുള്ള ചുമയും മറ്റുമാണ് ഉണ്ടായിരുന്നത്. എന്നാൽ, വാക്സിൻ എടുത്തതോടെ അത് വഷളായെന്നും മഹിപാലിൻ്റെ മകൻ വിശാൽ പറഞ്ഞു.
News from our Regional Network
English summary: Hospital employee dies after receiving covid vaccine; Officials say there is no connection with the vaccine