Categories
Thiruvananthapuram

അവരെന്തിന് ആ മോളെ കൊണ്ട് പോയി? കത്തിയമർന്ന സ്വപ്നങ്ങളിൽ ഇനി ബാക്കി ചാരം മാത്രം

 തിരുവനന്തപുരം: സന്തോഷത്തോടെ ജീവിച്ചുവന്ന മൂന്നംഗ കുടുംബത്തിനുണ്ടായ ദുരവസ്ഥ ഉൾക്കൊള്ളാൻ ആർക്കും കഴിയുന്നില്ല. അവരെന്തിന് ആ മോളെ കൊണ്ട് പോയി?

അയന്തിയിൽ മാതാപിതാക്കളും ഏക മകളുമടങ്ങുന്ന കുടുംബം ആത്മഹത്യചെയ്ത വീട്ടിലെത്തിയ ബന്ധുക്കളും നാട്ടുകാരും ദുഃഖത്തിനിടയിലും പരസ്പരം ചോദിച്ചത് ഒരേയൊരു ചോദ്യമായിരുന്നു… ആ മകളെ ഒഴിവാക്കാമായിരുന്നില്ലേ?….

പഠിക്കാൻ മിടുക്കിയായിരുന്നു അനന്തലക്ഷ്മി. തക്കല നൂറുൽ ഇസ്‌ലാം കോളേജിൽ നിന്ന് എയ്‌റോ സ്‌പേസിൽ ബി.ടെക്കും മാംഗ്ലൂർ മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ എം.ടെക്കും നേടിയിട്ടുണ്ട്.

എം.ടെക്. നേടിയശേഷം തക്കല നൂറുൽ ഇസ്‌ലാം കോളേജിൽ കുറച്ചുനാൾ ഗസ്റ്റ് ലക്‌ചററായും പ്രവർത്തിച്ചു. തുടർന്നാണ് പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എയ്‌റോ സ്‌പേസ് എൻജിനീയറിങ്ങിൽ ഗവേഷണത്തിനായി പോയത്.

ലോക്ഡൗണിനു തൊട്ടുമുമ്പാണ് വീട്ടിലെത്തിയത്. പിന്നീട് വീട്ടിൽ അച്ഛനും അമ്മയും മകളും ഒന്നിച്ചായിരുന്നു.

കരമനയിലും ഇവർക്ക് ഫ്‌ളാറ്റുണ്ടായിരുന്നു. ലോക്‌ഡൗൺ ആയതോടെ പൂർണസമയവും അയന്തിയിലെ വീട്ടിലാണ് കുടുംബം കഴിഞ്ഞത്.

സമൂഹത്തിൽ ഉന്നതനിലയിൽ ജീവിച്ചുവന്ന ഇവരെക്കുറിച്ച് ബന്ധുക്കൾക്കെല്ലാം നല്ല അഭിപ്രായം മാത്രമാണുള്ളത്.

സമീപവാസികളോടു കൂടുതൽ ഇടപഴകാറില്ലെങ്കിലും എല്ലാവർക്കും കുടുംബത്തെക്കുറിച്ച് പറയാൻ നല്ലതുമാത്രം.

10 വർഷം മുമ്പാണ് അയന്തിയിലെ പഴയവീട് ആധുനിക രീതിയിൽ പുതുക്കിപ്പണിതത്. അച്ഛന്റെയും മകളുടെയും പേരുകൾ ചേർത്ത് ശ്രീലക്ഷ്മിയെന്ന് പേരുമിട്ടു.

ഇന്ന് ഈ വീട് അനാഥമാണ്. നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് കെട്ടിയുയർത്തിയ വീടുതന്നെ കുടുംബം ഇല്ലാതാകുന്നതിനും സാക്ഷിയായി.

വർക്കലയിൽ അച്ഛനും അമ്മയും ഏകമകളുമുൾപ്പെട്ട കുടുംബം വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയനിലയിൽ.

സാമ്പത്തിക ബാധ്യത കാരണം പെട്രോളൊഴിച്ച് കത്തിച്ച് കുടുംബം ആത്മഹത്യചെയ്തതായാണ് പോലീസിന്റെ നിഗമനം.

വർക്കല കയറ്റാഫീസ് ജങ്ഷനു സമീപം അയന്തി വളവിൽ ശ്രീലക്ഷ്മിയിൽ ശ്രീകുമാർ(58), ഭാര്യ മിനി(52), മകൾ അനന്തലക്ഷ്മി(25) എന്നിവരാണ് മരിച്ചത്. ശ്രീകുമാറും മിനിയും ഒപ്പിട്ട ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.

ഇരുനില വീട്ടിലെ താഴത്തെ നിലയിലെ കിടപ്പുമുറിയിൽ കട്ടിലോടെ കത്തിയമർന്നനിലയിലാണ് മിനിയുടെയും ശ്രീലക്ഷ്മിയുടെയും മൃതദേഹം കണ്ടത്.

കിടപ്പുമുറിയിലെ ബാത്ത്‌റൂമിൽ കിടക്കുന്ന നിലയിലായിരുന്നു ശ്രീകുമാറിന്റെ മൃതദേഹം. കിടപ്പുമുറി പൂർണമായും കത്തിനശിച്ചു.

മുകളിലത്തെ നിലവരെ തീ പടർന്നിരുന്നു. അഗ്നിരക്ഷാസേനയാണ് തീ കെടുത്തിയത്.

പുലർച്ചെ നിലവിളിയും ശബ്ദങ്ങളും കേട്ട് സമീപവാസികൾ നോക്കുമ്പോഴാണ് വീട്ടിൽനിന്നു തീയും പുകയും ഉയരുന്നതു കണ്ടത്.

വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. പൂട്ടിയിരുന്ന ഗേറ്റും കതകും ബലംപ്രയോഗിച്ച് തുറന്ന് അകത്തുകടന്നാണ് തീ കെടുത്തിയത്.

തുടർന്ന് കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടത്.

മുറികളും കോണിപ്പടിയുമുൾപ്പെടെ തടികൊണ്ട് നിർമിച്ചിരുന്നതിനാൽ തീ പെട്ടെന്ന് ആളിപ്പടർന്ന് മുകളിലെ നില വരെയെത്തി.

പോലീസ് പരിശോധനയിൽ മറ്റൊരു കിടപ്പുമുറിയിൽനിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്.

സാമ്പത്തിക ബാധ്യത കാരണമാണ് ജീവനൊടുക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. കോൺട്രാക്ട് ജോലിയുമായി ബന്ധപ്പെട്ട് ഒരാൾ വഞ്ചിച്ചെന്നും പരാമർശമുണ്ട്.

ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാർ പറഞ്ഞു.

ഫൊറൻസിക്, സയന്റിഫിക് വിഭാഗങ്ങളും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.

മൃതദേഹങ്ങൾ കോവിഡ് പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റി.

മിലിറ്ററി എൻജിനീയറിങ് സർവീസിൽ എ ഗ്രേഡ് കോൺട്രാക്ടറായിരുന്നു ശ്രീകുമാർ.

വീട്ടമ്മയായിരുന്നു മിനി. മകൾ അനന്തലക്ഷ്മി പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷക വിദ്യാർഥിനിയായിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP