സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കും

Loading...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കുന്നു. ഗാര്‍ഹിക ഉപഭോക്തക്കളുള്‍പ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ധനയുണ്ടാകും. ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ വിഭാഗക്കാര്‍ക്ക് നിരക്ക് കുറയും. നാലു വര്‍ഷത്തേക്കുള്ള നിരക്കാണ് കമ്മിഷന്‍ പ്രഖ്യാപിക്കുക. നിലവിലുള്ള രീതിയില്‍ നിന്നും വ്യത്യസ്തമായി നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയും നിരക്കും ഒരുമിച്ചാണ് കമ്മിഷന്‍ പ്രഖ്യാപിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 15 മുതല്‍ 25 പൈസ വരെയാണ് വര്‍ധിപ്പിക്കുന്നത്.

ലോ ടെന്‍ഷന്‍ വിഭാഗത്തിലുള്ള എല്ലാ വിഭാഗത്തിലും നിരക്ക് വര്‍ധനയുണ്ട്. 51 മുതല്‍ 100 വരെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിലവിലുള്ള നിരക്കില്‍ നിന്നും 20 പൈസയുടെ വര്‍ധനവാണുള്ളത്. വൈദ്യതി ബോര്‍ഡിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത് ഈ വിഭാഗത്തിലാണ്. നോണ്‍ ടെലിസ്‌കോപിക് വിഭാഗത്തിലുള്ളവര്‍ക്ക് നിരക്ക് വര്‍ധനയില്ല. ലോടെന്‍ഷന്‍ വിഭാഗത്തിലുള്ള എല്‍.റ്റി 3 ബി, വിഭാഗത്തലുള്ള താല്‍ക്കാലിക കണ്‍ക്ഷനുകള്‍ക്കും എല്‍റ്റി ഫോര്‍ വിഭാഗത്തിലുള്ള വ്യവസായങ്ങള്‍ക്കും നിരക്ക് വര്‍ധനയില്ല. ഇവര്‍ ഇപ്പോള്‍ തന്നെ യഥാര്‍ത്ഥ വൈദ്യുതി വിലയുടെ 120 ശതമാനം നല്‍കുന്നുണ്ടെന്ന് വിലയിരുത്തിയാണിത്.

ഗാര്‍ഹിക ഉപഭോക്താക്കളുടേയും വ്യവസായ ഉപഭോക്താക്കളുടേയും ഡിമാന്റ് നിരക്കും വര്‍ധിപ്പിക്കുന്നുണ്ട്. ഹൈടെന്‍ഷന്‍, എക്‌സട്രാ ഹൈടെന്‍ഷന്‍ വിഭാഗങ്ങള്‍ക്ക് നിരക്ക് കുറയും. നിലവിലുള്ള നിരക്കായ 5.50 രൂപയില്‍ നിന്നും 5,30 യായിട്ടാണ് നിരക്ക് കുറയുക. പകരം ഇവരുടെ ഡിമാന്റ് ചാര്‍ജ് വര്‍ധിപ്പിക്കും. നിലവിലുള്ള മൂന്നൂറ് രൂപയില്‍ നിന്നും നാന്നൂറു രൂപയായിട്ടാകും നിരക്ക് വര്‍ധിപ്പിക്കുകയെന്നാണ് സൂചന.

ഗാര്‍ഹിക ഉപഭോക്താക്കളുടെ ഡിമാന്റ് നിരക്കലും വര്‍ധനയുണ്ടാകും. ഇതിനു പുറമെ കെ.എസ്.ഇ.ബി ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് തുക വകയിരുത്തും. പെന്‍ഷന്‍ ഫണ്ട് രൂപീകരിച്ചിരുന്നെങ്കിലും മുന്‍വര്‍ഷങ്ങളില്‍ ഇതിലേക്ക് തുക നീക്കിവച്ചിരുന്നില്ല. പവര്‍ഫാക്ടര്‍ ഉത്തരവിലെ അപാകതകള്‍ പരിഹിരിക്കാനും കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ സാമ്പത്തിക ഭാരം കുറച്ചുകൊണ്ട് ബാധ്യതയുണ്ടാകാത്ത തരത്തില്‍ പവര്‍ഫാക്ടര്‍ റേഞ്ച് 0.95 ല്‍ നിശ്ചയിക്കാനാണ് തീരുമാനം. ഇതിനായി മുന്‍ കമ്മിഷന്റെ ഉത്തരവില്‍ ഭേദഗതി വരുത്തും. ബോര്‍ഡിന്റെ ചെലവുകളിലും കമ്മിഷന്‍ കുറവ് വരുത്തിയിട്ടുണ്ട്. ഈ മാസം 25നകം പുതുക്കിയ നിരക്ക് പ്രഖ്യാപിക്കാനാണ് കമ്മിഷന്റെ തീരുമാനം. രണ്ടു വര്‍ഷത്തിനുശേഷം ബോര്‍ഡിന് നിരക്ക് പുന:പരിശോധിക്കാന്‍ റെഗുലേറ്ററി കമ്മിഷനെ സമീപിക്കാം.

നിരക്കില്‍ വലിയ മാറ്റം വരുത്തണമെന്ന ബോര്‍ഡിന്റെ ശുപാര്‍ശ റെഗുലേറ്ററി കമ്മീഷന്‍ തള്ളുകയായിരുന്നു. സംസ്ഥാനത്ത് താരിഫ് ഷോക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് റെഗുലേറ്ററി കമ്മീഷന്‍. ബോര്‍ഡ് പറയുന്ന നഷ്ടം വരും വര്‍ഷങ്ങളിലുണ്ടാകില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. 2018 മുതല്‍ 2022 വരെയുള്ള പ്രതീക്ഷിത വരവ് ചെലവു കണക്കുകളും നഷ്ടം നികത്തുന്നതിനുള്ള ശുപാര്‍ശയുമാണ് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനു നല്‍കിയത്.

2018-19 സാമ്പത്തിക വര്‍ഷം 1100 കോടിയും 19-20 ല്‍ 1399 കോടിയും നഷ്ടമുണ്ടാകുമെന്നാണ് ബോര്‍ഡിന്റെ കണക്ക്. 20-21ല്‍ ഇത് 2065 കോടിയായും 21-22 ല്‍ 2518 കോടിയായും നഷ്ടം വര്‍ധിക്കും.ഇതു മറികടക്കാന്‍ വന്‍തോതില്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം. 2018-19 ല്‍ 1101 കോടിയുടെ വര്‍ധന വേണം. ഇതിനായി 51 മുതല്‍ 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് 700 കോടി അധികമായി ഈടാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. മാത്രമല്ല, ഹൈടെന്‍ഷന്‍ ഉപഭോക്താക്കളുടെ ഡിമാന്റ് ചാര്‍ജ് 300 ല്‍ നിന്നും 600 രൂപയായി ഉയര്‍ത്തണം.

51 മുതല്‍ 100 യൂണിറ്റു വരെ പ്രതിമാസം ഉപയോഗിക്കുന്ന ഗാര്‍ഹിക വിഭാഗക്കാര്‍ക്ക് 80 പൈസ വീതം യൂണിറ്റിനു വര്‍ധിപ്പിക്കണമെന്നും 101 മുതല്‍ 150 വരെ ഉപയോഗിക്കുന്നവരില്‍ നിന്ന് 70 പൈസയും 151 മുതല്‍ 200 യൂണിറ്റുവരെയുള്ളവരില്‍ നിന്ന് 30 പൈസയും 201 മുതല്‍ 250 വരെ ഉപയോഗിക്കുന്നവരില്‍ നിന്ന് 80 പൈസയും അധികമായി ഈടാക്കണമെന്നുമായിരുന്നു ബോര്‍ഡിന്റെ ആവശ്യം. 151 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് ഡിമാന്റ് ചാര്‍ജായി 75 രൂപ വാങ്ങണമെന്നും ബോര്‍ഡ് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതു അംഗീകരിച്ചാല്‍ സംസ്ഥാനത്ത് താരിഫ് ഷോക്കുണ്ടാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. മാത്രമല്ല ക്രോസ് സബ്‌സിഡി ഒറ്റയടിക്ക് എടുത്തുകളയാന്‍ കഴിയില്ലെന്നുമാണ് കമ്മീഷന്റെ വിലയിരുത്തല്‍. ചെലവു ചുരുക്കിയും ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിച്ചും ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താമെന്നാണ് കമ്മീഷന്‍ നിലപാട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം