ഒടുവില്‍ കലക്ടര്‍ ബ്രോയ്ക്കും കിട്ടി ‘എട്ടിന്റെ പണി’…അടക്കേണ്ടത് 11,76,688 രൂപ

Loading...

കോഴിക്കോട്: മുന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിന് ഔദ്യാഗിക വാഹനം ദുരുപയോഗം ചെയ്തതിനു 25ലക്ഷം രൂപ പിഴ. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പിഴ അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കോഴിക്കോട് കളക്ടര്‍ ആയിരിക്കെ മണല്‍ സ്‌ക്വാഡിനായി വാങ്ങിയ സര്‍ക്കാര്‍ വാഹനം സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന് നഷ്ടപരിഹാരമായി 25,73,385 രൂപ അടയ്ക്കാനാണ് സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവിട്ടത്. ഈ തുകയില്‍ 11,76,688 രൂപ പലിശയടക്കം ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പണം അടക്കുന്ന അന്തിമ ദിവസം വരെ പലിശ കൂടിക്കൊണ്ടിരിക്കും. പതിനെട്ട് ശതമാനം പലിശ കണക്കാക്കി ഓരോ ദിവസവും 588 രൂപ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. മലബാര്‍ ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2017 ഫെബ്രുവരി ഒമ്പതിനാണ് ബഷീര്‍ വീഡിയോ തെളിവുകള്‍ സഹിതം ചീഫ് സെക്രട്ടറിക്കും സെക്രട്ടറിയേറ്റ് ഫൈനാന്‍സ് വകുപ്പിനും പരാതി നല്‍കിയത്. തുടര്‍ന്ന് കോഴിക്കോട് സെക്രട്ടറിയേറ്റ് ഫൈനാന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തി മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ചീഫ് സെക്രട്ടറിയുടെ അന്തിമ അനുമതിയോടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷിയുടെ അംഗീകാരത്തോടെ ധനകാര്യ വകുപ്പിന്റെ അഡീഷണല്‍ സെക്രട്ടറി അനില്‍കുമാറാണ് പ്രശാന്തിനെതിരായ ഫയലില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

പിഴ നല്‍കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ്

സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി അനുയോജ്യമല്ലാത്ത വാഹനങ്ങള്‍ വാങ്ങുകയും മണല്‍ സ്‌ക്വാഡിന് വേണ്ടി വാങ്ങിയ വാഹനം കോഴിക്കോട് താലൂക്ക് മണല്‍ സ്‌ക്വാഡിന് നല്‍കാതിരിക്കുകയും ചെയ്ത വകയില്‍ 11,76,688 രൂപയാണ് പ്രശാന്ത് സര്‍ക്കാറിന് നഷ്ടമുണ്ടായതെന്ന് ബഷീര്‍ പറഞ്ഞു. കോഴിക്കോട് താലൂക്ക് തല മണല്‍ സ്‌ക്വാഡിനായി വാങ്ങിയ കെ എല്‍ 11 എ സെഡ് 8888 നമ്പര്‍ വാഹനം വകുപ്പിന് നല്‍കാതെ 2015 സപ്തംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ തന്റെ ആവശ്യങ്ങള്‍ക്ക് എന്‍ പ്രശാന്ത് ഉപയോഗിക്കുകയായിരുന്നു. 31,852 കിലോമീറ്റര്‍ ദൂരമാണ് വാഹനം ഇദ്ദേഹത്തിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഓടിയത്. ഇത്രയും കാലം വാഹനത്തിന്റെ ചെലവുകള്‍ക്കായി റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും 2,91,353 രൂപ ചെലവഴിച്ചു. വാഹനത്തിന്റെ ഡ്രൈവറുടെ ശമ്പളം, ഇന്ധന ചെലവുകള്‍, ഇന്‍ഷൂറന്‍സ് ചെലവ്, വാഹനം സര്‍വ്വീസ് ചെയ്യാനുള്ള ചാര്‍ജുകള്‍ എന്നിവയെല്ലാം റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചത്.

മണല്‍ സ്‌ക്വാഡിന് വേണ്ടി രണ്ട് മഹീന്ദ്ര ബൊലോറ വണ്ടികള്‍ വാങ്ങാനായിരുന്നു സര്‍ക്കാറിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇതിന് പകരമായി ഫോര്‍ഡ് ആസ്പയറിന്‍ന്റെ രണ്ട് കാറുകള്‍ വാങ്ങിയാണ് മുന്‍കളക്ടര്‍ ചട്ടലംഘനം നടത്തിയത്. ഇതില്‍ ഒരു വാഹനമാണ് തന്റെ ആവശ്യങ്ങള്‍ക്കായി ഇദ്ദേഹം ഉപയോഗിച്ചത്. മറ്റൊരു വാഹനം മണല്‍ സ്‌ക്വാഡിന് നല്‍കാതെ പരിശീലനത്തിന് വന്ന സബ് കളക്ടര്‍ക്ക് നല്‍കുകയായിരുന്നു. ഇതും ചട്ടലംഘനമാണ്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന് നിയോഗിക്കാത്ത ഒരു ട്രെയിനി സബ് കളക്ടര്‍ക്ക് ഔദ്യോഗിക വാഹനം കൊടുക്കാന്‍ പാടില്ല. എന്നാല്‍ എന്‍ പ്രശാന്ത് ഈ നിയമവും ലംഘിക്കുകയായിരുന്നു.

സര്‍ക്കാറിന്റെ ചുവന്ന ബോര്‍ഡ് അഴിച്ചുമാറ്റിയാണ് വീട്ടില്‍ ഉപയോഗിച്ചത്. വാഹനം ദുരുപയോഗം ചെയ്യുന്നുവന്നെ വിവരം പുറത്ത് അറിയുന്നത് വരെ ഒരു ദിവസം പോലും വാഹനം മണല്‍ സ്‌ക്വാഡിന് വേണ്ടി ഓടിയിട്ടില്ല എന്ന് വ്യക്തമായി. ഇത് സംബന്ധിച്ചുള്ള പരാതി അന്നത്തെ ചീഫ് സെക്രട്ടറിയ്ക്ക് യഥാസമയം എത്തിച്ചു കൊടുക്കുകയും വിഷയം മന്ത്രി സഭയില്‍ ചര്‍ച്ചയാവുകയും കളക്ടറെ കോഴിക്കോട് നിന്നും സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ദുരുപയോഗം ചെയ്ത വാഹനങ്ങള്‍ നിയമാനുസൃതമായി സര്‍ക്കാര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് ആവശ്യകതയുടെ അടിസ്ഥാനത്തില്‍ അടിയന്തിരമായി താലൂക്ക് മണല്‍ സ്‌ക്വാഡുകള്‍ക്ക് കൈമാറണമെന്നാണ് ഉത്തരവില്‍ പറയുന്നതെന്നും ബഷീര്‍ പറഞ്ഞു. വിവരം നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ ചര്‍ച്ചയായപ്പോള്‍ 82,680 രൂപ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ അടച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ എന്‍ പ്രശാന്ത് ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് പ്രശാന്ത് വാഹനം ദുരുപയോഗം ചെയ്തതെന്ന് വ്യക്തമായി തെളിഞ്ഞതായി സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

പിഴ. മുന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ആയിരുന്ന എന്‍ പ്രശാന്ത് സോഷ്യല്‍ മീഡിയ ഇടപെടലിലൂടെ യുവാക്കളുടെ കളക്ടര്‍ ബ്രോ ആവുകയായിരുന്നു. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു സര്‍ക്കാരുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില ഘടകങ്ങള്‍ അഴിമതിയെ തുടര്‍ന്നാണ് കളക്ടറേ മാറ്റിയെത് എന്ന വിശദീകരണവും നല്‍കിയിരുന്നു പിന്നീട് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണംന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയും പ്രവൃത്തിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം