ഇനി ചെങ്ങന്നൂരില്‍ നിന്ന് ശബരിമലയിലേക്ക് ബുള്ളറ്റില്‍ പോകാം; പദ്ധതിയുമായി റെയില്‍വെ

Loading...

ചെങ്ങന്നൂര്‍: ശബരിമലയിലേക്ക് പോകുന്നവര്‍ ഏറ്റവുംകൂടുതല്‍ വന്നിറങ്ങുന്ന റെയില്‍വെ സ്റ്റേഷനാണ് ചെങ്ങന്നൂര്‍. ഇവിടെനിന്ന് ബസുകളിലും ടാക്‌സികളിലുമൊക്കെയായാണ് ഭക്തര്‍ പമ്ബവരെ പോകുന്നത്. ഇപ്പോഴിതാ ശബരിമലയിലേക്ക് പോകാന്‍ വാടകയ്ക്ക് ബൈക്ക് നല്‍കുന്ന പദ്ധതിക്ക് ചെങ്ങന്നൂരില്‍ തുടക്കമായിരിക്കുകയാണ്. ദക്ഷിണ റെയില്‍വെയാണ് പദ്ധതിക്ക് പിന്നില്‍.

തീര്‍ഥാടകര്‍ക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയാല്‍ റോയല്‍ എന്‍ഫീല്‍ഡ് 500 സി.സി ബുള്ളറ്റ് ബൈക്ക് വാടകയ്‌ക്കെടുക്കാം. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. ഒരാള്‍ക്കുള്ള ഹെല്‍മെറ്റും ഇതിനൊപ്പം നല്‍കും. 24 മണിക്കൂറിന് 1200 രൂപയാണ് വാടക. 200 കിലോമീറ്റര്‍ സഞ്ചരിക്കാം.

അധിക കിലോമീറ്ററിന് ആറുരൂപ വീതം ഈടാക്കും. ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചാണ് ബൈക്ക് നല്‍കുക. തിരികെ ഏല്‍പ്പിക്കുമ്ബോഴും അത്രതന്നെ പെട്രോള്‍ ഉണ്ടാകണമെന്നാണ് നിബന്ധന. പരീക്ഷണാടിസ്ഥാനത്തില്‍ ആറുബൈക്കുകളാണ് എത്തിച്ചിരിക്കുന്നത്.

ദക്ഷിണ റെയില്‍വേയുടെ കീഴില്‍ ആദ്യമായാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. റെയില്‍വേ ടെന്‍ഡര്‍ വിളിച്ചത് പ്രകാരം കൊച്ചി ആസ്ഥാനമായ കഫെ റൈഡ്‌സ് ബൈക്കെന്ന സ്വകാര്യ ഏജന്‍സിയാണ് പദ്ധതി ഏറ്റെടുത്തത്. മണ്ഡല-മകരവിളക്കുത്സവം അവസാനിക്കുന്നത് വരെ ബൈക്കുകള്‍ ലഭിക്കും.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള എല്ലാ സ്‌റ്റേഷനുകളിലും പദ്ധതി നടപ്പാക്കാനാണ് റെയില്‍വെ ആലോചിക്കുന്നത്. ചെങ്ങന്നൂരിന് പിന്നാലെ, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക. നിരവധി കമ്ബനികള്‍ പദ്ധതിയുമായി സഹകരിക്കാന്‍ രംഗത്ത് വന്നിട്ടുണ്ടെന്ന് ഡിവിഷണല്‍ കൊമേഷ്യല്‍ മാനേജര്‍ ബാലമുരളി പറഞ്ഞു. ഇതേ മാതൃകയില്‍ റെന്റ് എ കാര്‍ പദ്ധതി നടപ്പാക്കാനും റെയില്‍വെയ്ക്ക് ആലോചനയുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം