ഇത് ഇന്ത്യ പാക്കിസ്ഥാന് നല്‍കിയ മറ്റൊരു സ്ട്രൈക്ക്: അമിത് ഷാ

Loading...

ന്യൂഡല്‍ഹി: ലോകകപ്പിലെ ഇന്ത്യയുടെ മിന്നും വിജയത്തെ പ്രശംസിച്ച്‌ കേന്ദ്രമന്ത്രി അമിത് ഷാ. ഇത് ഇന്ത്യ പാക്കിസ്ഥാന് നല്‍കിയ മറ്റൊരു സ്ട്രൈക്കാണ് എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ലോകകപ്പില്‍ പാക്കിസ്ഥാനെ ഏഴാം തവണയും ഇന്ത്യ മുട്ടുകുത്തിച്ചു. ആ വിജയത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തോട് ഉപമിച്ചാണ് അമിത് ഷായുടെ ട്വീറ്റ്.

ഇത് ഇന്ത്യ പാകിസ്ഥാനു നല്‍കിയ മറ്റൊരു സ്‌ട്രൈക്ക്, ഫലത്തില്‍ മാറ്റമുണ്ടായില്ല. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. വിജയത്തില്‍ ഓരോ ഭാരതീയനും ആഘോഷിക്കുന്നു. അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

മഴ മുടക്കിയ മത്സരത്തില്‍ 89 റണ്‍സിനായിരുന്നു കൊഹ്‌ലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വറി പ്രകടനത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സ് നേടി.

ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തും രാഹുലും അടിച്ചുകൂട്ടിയത് 136 റണ്‍സായിരുന്നു. രാഹുല്‍ മടങ്ങിയതിന് പിന്നാലെയെത്തിയ നായകന്‍ കൊഹ്‌ലിയെ കൂട്ടുപിടിച്ച്‌ രോഹിത്ത് ആഞ്ഞടിച്ചു. അതോടെ രോഹിത്തിന്‍റെ ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയും പിറന്നു.

മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166 ല്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

Loading...