മദ്യാസക്തി നിര്‍ത്താം:ഇതു വായിക്കാന്‍ മറക്കരുത് !

Loading...

നാടൊട്ടുക്കും ഉത്രാടപ്പാച്ചിലിൽ അമരുമ്പോൾ നടുവേ ഓടേണ്ടവർ വടി നാട്ടിയ പോലെ വരി നിൽക്കുന്ന മദ്യശാലകൾ ഇന്ന് സ്ഥിരം ഓണക്കാഴ്ചയാണ്. മദ്യാസക്തി ഒരു രോഗമായ് ബാധിച്ച സമൂഹമായി മാവേലിയുടെ പ്രജകൾ മാറിയോ ?
മദ്യത്തിന്റെ ഉപഭോഗം ദിനം പ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ.് മദ്യ ഉപയോഗവും അതിന്റെ ഫലമായുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെയും സാമൂഹിക പ്രശ്‌നങ്ങളുടെയും കണക്കുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ.്
ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യയുടെ 16 ശതമാനം ജനങ്ങള്‍ മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. 30 ലക്ഷത്തില്‍പരം ജനങ്ങള്‍ മദ്യപാന ജന്യരോഗങ്ങളാല്‍ മരണപ്പെടുന്നു. ഞെട്ടിക്കുന്ന കണക്കുകളാണിവ.
ഇന്ത്യയിലാകട്ടെ 2006 – 2016 കാലയളവില്‍ മദ്യത്തിന്റെ ഉപയോഗം രണ്ടു മടങ്ങായി വര്‍ധിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തുന്നു.

;മദ്യത്തെ കുറിച്ചും മദ്യപാനത്തെ കുറിച്ചും മദ്യപാന ജന്യരോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചും ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വളരെ വിപുലമായി പ്രതിപാദിച്ചിട്ടുണ്ട്. മദാവസ്ഥ ഉണ്ടാക്കുന്നതും ബുദ്ധിശക്തിയെ നശിപ്പിക്കുന്നതുമായ ഒരു ദ്രവ്യമാണ് മദ്യം.
മദ്യത്തിനെ വിഷതുല്യമായ ഗുണങ്ങളുള്ള വസ്തുവായാണ് ആചാര്യന്‍മാര്‍ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നത്. ഇങ്ങനെയുള്ള മദ്യത്തെ ജിതേന്ദ്രിയനായ ഒരാള്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. ജിതേന്ദ്രിയനെന്നാല്‍ സര്‍വ ഇന്ദ്രിയങ്ങളേയും നിയന്ത്രിക്കാന്‍ കഴിവുളളവന്‍ എന്നര്‍ഥം. അല്ലാത്തവന്‍ മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാനാകാതെ അതിന് അടിമയായി മാറുന്നു.
മദ്യത്തിന്റെ അമിതവും അപകട
കരവുമായ ഉപയോഗം ഓരോ മദ്യപന്റെയും ദഹന പ്രക്രിയയെ സാരമായി ബാധിക്കുകയും തല്‍ഫലമായി വിവിധ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ സമാന്തരമായി പലതരം മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. വ്യക്തികള്‍ക്കനുസൃതമായി ഗൗരവതരമായോ അല്ലാതെയോ ഇത്തരം പാര്‍ശ്വഫലങ്ങളില്‍ വ്യതിയാനങ്ങള്‍ കാണപ്പെടാറുണ്ട്.

മദ്യപാനം കൂടാന്‍ കാരണങ്ങള്‍

1. സുഹൃത്തുക്കളുടെ നിര്‍ബന്ധം.
2. മദ്യത്തിന്റെ ഗുണമറിയാനുളള അതിയായ കൗതുകം.
3. പലതരത്തിലുളള വിഷാദാവസ്ഥകളും ഉത്കണ്ഠകളും മറികടക്കാന്‍ മദ്യ ഉപയോഗത്തിന് കഴിയും എന്ന തെറ്റായ ധാരണ.
4. ഏകാന്തത ഇല്ലാതാക്കാന്‍ കൂടുതലും വാര്‍ധക്യത്തില്‍ ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷവും, പങ്കാളിയുടെ മരണാനന്തരവുമുളള ഏകാന്തത മറികടക്കാന്‍ വേണ്ടിയും മദ്യം ഉപയോഗിച്ച് തുടങ്ങുന്നു.
5. വ്യക്തിപരമായതും ദാമ്പത്യപരമായതുമായ പ്രശ്‌നങ്ങള്‍ അതിജീവിക്കാന്‍.

മദ്യ ആശ്രിതത്വം
മദ്യത്തിന്റെ ഉപയോഗം എല്ലാ വ്യക്തികളിലും മദ്യാസക്തി ഉണ്ടാക്കണമെന്നില്ല. ഏതൊരു വ്യക്തിയാണോ സ്ഥിരമായി ഉയര്‍ന്ന അളവില്‍ മദ്യം കഴിക്കുന്നത് അയാള്‍ക്ക് മദ്യ ആശ്രിതത്വം അഥവാ ആല്‍ക്കഹോള്‍ ഡിപ്പന്‍ഡെന്‍സ് എന്ന അസുഖം ഉണ്ടാകുന്നു. ലക്ഷണങ്ങളിലൂടെ മദ്യ ആശ്രിതത്വം മനസിലാക്കാവുന്നതാണ്.

1. മദ്യം അധിക അളവില്‍ അധിക കാലമായി ഉപയോഗിക്കുക.

2. മദ്യത്തിന്റെ അളവ് കുറയ്ക്കാനോ, മദ്യം നിയന്ത്രിക്കാനോ അതിയായ ആഗ്രഹമുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കുന്നതില്‍ പരാജയപ്പെടുക.

3. മദ്യം കണ്ടെത്താനും ഉപയോഗിക്കാനും വളരെയധികം സമയം ചെലവഴിക്കുക.

4. മദാവസ്ഥയില്‍ നിന്ന് മുക്തി നേടാന്‍ വളരെയധികം സമയം എടുക്കേണ്ടി വരിക.

5. മദ്യ ഉപയോഗം കാരണം മറ്റു കടമകള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വരിക.

6. സാമൂഹികവൂം വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ മദ്യ ഉപയോഗം മൂലമാണ് ഉണ്ടാകുന്നതും വര്‍ധിക്കുന്നതും എന്നുളള തിരിച്ചറിവ് ഉണ്ടെങ്കിലും മദ്യത്തിന്റെ ഉപയോഗം തുടരുക.

7. ശരീരത്തിനും മനസിനും നല്ലതല്ല എന്നറിഞ്ഞിട്ടും മദ്യത്തിന്റെ ഉപയോഗം തുടരുക.

8. ഓരേ അളവില്‍ മദ്യം കഴിച്ചിട്ടും മദാവസ്ഥ ലഭിക്കാതിരിക്കുകയും മദാവസ്ഥ ലഭിക്കുന്നതിന് വേണ്ടി കൂടുതല്‍ അളവ് ഉപയോഗിക്കേണ്ടി വരികയും ചെയ്യുക.

9. എപ്പോഴാണോ മദ്യത്തിന്റെ അളവ് കുറക്കുകയോ അല്ലെങ്കില്‍ മദ്യ ഉപയോഗം നിയന്ത്രിക്കുകയോ ചെയ്യുന്നത് അപ്പോള്‍ മദ്യവിമുക്തജന ലക്ഷണങ്ങള്‍ കാണിക്കും.
നിയന്ത്രിക്കുമ്പോള്‍ മാറ്റങ്ങള്‍
1. കൈ, കാല്‍, ശരീരത്തിന് വിറയല്‍
2. അമിതമായ വിയര്‍പ്പ്
3. അമിതമായ ഉത്കണ്ഠ
4. അസ്വാസ്ഥ്യം
5. ഓക്കാനം വരിക, ഛര്‍ദ്ദിക്കുക
6. ശരീരത്തില്‍ പാറ്റകളോ, ഉറുമ്പുകളോ ഇഴയുന്ന പോലെയുളളതോ, സൂചികൊണ്ട് തറക്കുന്നത് പോലെയുളളതോ ആയ അനുഭവങ്ങള്‍
7. തലവേദന
8. വിഷാദാവസ്ഥ
9. ഉറക്കക്കുറവ്
10. ചെവിയില്‍ ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക.
11. നിഴലുകളും മറ്റും, ചലിക്കുന്നതായി കാണുക.
12. മനസിന്റെ ഏകാഗ്രത നഷ്ടപ്പെടുക, ഒന്നിലും വ്യക്തതയില്ലാതിരിക്കുക.
13. അപസ്മാരം രോഗികളില്‍ കാണാവുന്നതു പോലുളള പലതരം വിഭ്രാന്ത ചേഷ്ടകള്‍. ഇവയില്‍ ഏറ്റവും അവസാനം പറഞ്ഞ രണ്ടു ലക്ഷണങ്ങള്‍ കാണാനിടയായാല്‍ പെട്ടെന്നു തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍&l
മദ്യത്തിന്റെ അമിതമായ ഉപയോഗം ശാരീരികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
1. നാഡീവ്യൂഹ സംബന്ധമായ പ്രശ്‌നങ്ങള്‍. ഇത് പലതരത്തിലുളള മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
2. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍
3. ഹൃദ്രോഗം
4. അമിതമായ രക്ത സമ്മര്‍ദം
5. ദഹന വ്യവസ്ഥയെ സംബന്ധമായ പ്രശ്‌നങ്ങള്‍
6. അന്നനാളത്തിലുണ്ടാകുന്ന തകരാറുകള്‍
7. അള്‍സര്‍ പോലുളള രോഗങ്ങള്‍
8. കുടലുകളെ ബാധിച്ച് വയറിളക്കം പോലെയുളള രോഗങ്ങള്‍
9. പിത്താശയ രോഗങ്ങള്‍
10. കരള്‍ രോഗങ്ങള്‍
11. വിറ്റാമിനുകളുടേയും മറ്റു പോഷകങ്ങളുടേയും ആഗിരണത്തെയും അവയുടെ ഉപയോഗത്തെയും ദോഷകരമായി ബാധിക്കുക.
12. ലൈംഗികശേഷി പ്രശ്‌നങ്ങള്‍
13. പ്രതിരോധശേഷി പ്രശ്‌നങ്ങള്‍
ഇവയെല്ലാം മദ്യപാനികളുടെ ജീവിത ദൈര്‍ഘ്യത്തെ തന്നെ സാരമായി ബാധിക്കുന്നു

ആയുര്‍വേദത്തില്‍ വളരെയധികം പ്രാധാന്യത്തോടെ കൂടി തന്നെ ആചാര്യന്‍മാര്‍ മദ്യപാനരോഗങ്ങളുടെ ചികിത്സ പ്രതിപാദിച്ചിരിക്കുന്നു. ചികിത്സയെ ശോധനം, ശമനം എന്നീ തരത്തില്‍ രണ്ടായി തരം തിരിക്കാവുന്നതാണ്.

ശരീരത്തില്‍ ദോഷങ്ങള്‍ കൂടിയ അവസ്ഥയില്‍ ശരീര ശുദ്ധിക്കായി ശോധന ചികിത്സയും അല്ലാത്ത പക്ഷം ശമന ചികിത്സയും ചെയ്യേണ്ടതാകുന്നു. പ്രാരംഭഘട്ടത്തില്‍ തന്നെ മദ്യ നിമിത്തം ഉണ്ടായിട്ടുളള അഗ്നി മാന്ദ്യത്തിന് ചികിത്സകള്‍ ചെയ്യേണ്ടതാണ്. അതിന് ശേഷം വിഷതുല്യഗുണമുളള മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ ശരീരത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യുന്നതിനായി ശോധന ചികിത്സകള്‍ ചെയ്യേണ്ടതാണ.് ഇതിന് വിഹിതങ്ങളായ നെയ്യ് സേവിച്ച് ശരീരത്തെ സജ്ജമാക്കണം.
അതിന് ശേഷം എണ്ണ തേച്ച് ശരീരത്തെ വിയര്‍പ്പിച്ച് വിരേചനം എന്ന ചികിത്സ അനുവര്‍ത്തിക്കേണ്ടതാണ്. തുടര്‍ന്ന് ശിരസിലെ ദോഷങ്ങളെ പുറത്തു കളയുന്നതിന് നസ്യം എന്ന ചികിത്സയും കൈകൊള്ളേണ്ടതാണ്.
ഓരോ ചികിത്സയ്ക്കുമുള്ള മരുന്നുകള്‍ യഥാക്രമം വൈദ്യന്‍ യുക്തിപൂര്‍വ്വം തെരഞ്ഞെടുക്കാവുന്നതാണ്. ഇത് കൂടാതെ വസ്തി, ഛര്‍ദിപ്പിക്കല്‍ എന്നീ പഞ്ചകര്‍മ്മങ്ങളും ആവശ്യാനുസരണം ചികിത്സയില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്. ഇതു കൂടാതെ തക്രധാര, ശിരോധാര, തലപൊതിച്ചില്‍ മുതലായ ചികിത്സകള്‍ രോഗിയുടേയും രോഗത്തിന്റെയും ശാന്തതയ്ക്കായ് ഉപയോഗിക്കാവുന്നതാണ്.യുക്തമായ ഔഷധങ്ങളും ആഹാരങ്ങളും ചിട്ടകളും കൊണ്ട് ആശുപത്രിയില്‍ കിടത്താതെ ഒ പി രീതിയില്‍ തന്നെ വൈദ്യന് മദ്യപാനത്തെ ചികിത്സിക്കാവുന്നതാണ്. ഇതിനെ ശമന ചികിത്സയെന്ന് അറിയപ്പെടുന്നു. സൈക്കോ തെറാപ്പി
മുകളില്‍ പറഞ്ഞ ചികിത്സകള്‍ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ആയുര്‍വേദ രീതിയിലുള്ള സൈക്കോ തെറാപ്പിയായ സത്വാവജയ ചികിത്സ. സത്വാവജയ ചികിത്സയിലൂടെ രോഗത്തെ കുറിച്ചും മദ്യത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും മദ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട ആവശ്യകതയെ കുറിച്ചും രോഗിയ്ക്ക് ക്യത്യമായ അറിവ് പകരേണ്ടതാണ്. അതോടൊപ്പം തന്നെ മദ്യത്തിന്റെ ഉപയോഗം വീണ്ടും തുടങ്ങാതിരിയ്ക്കാനുളള പരിഹാരങ്ങള്‍ കൂടി സത്വാവജയ ചികിത്സയിലൂടെ ഉറപ്പിക്കണം. കൂടാതെ യോഗ, സ്മൃതി മെഡിറ്റേഷന്‍ മുതലായ റിലാക്‌സേഷന്‍ ക്രിയകളും ചെയ്യേണ്ടതാണ്. നാം പത്രത്തിലൂടെയും മറ്റും, രോഗിയറിയാതെ മരുന്നു നല്‍കണമെന്നും മദ്യപാനം നിര്‍ത്താമെന്നുമുളള നിരവധി പരസ്യ വാചകങ്ങള്‍ കാണാറുണ്ട്. എന്നാല്‍ യാഥാര്‍ഥത്തില്‍ മദ്യപനറിഞ്ഞു തന്നെ ചികിത്സ ചെയ്യണം എന്നാലേരോഗിക്ക് വിജയകരമായി മദ്യത്തില്‍ നിന്ന് മോചനം ലഭിക്കുകയുളളൂ. അത് പോലെ ഇത്തരം ചൂഷണങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടതുമാണ്.
മദ്യപാന ചികിത്സയില്‍ രോഗിയുമായി നല്ല രീതിയിലുളള ബന്ധം പുലര്‍ത്തുകയും ക്യത്യമായ തുടര്‍ പരിശോധനകളും അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ രോഗപുനരാഗമനം തടയുവാന്‍ സാധിക്കൂ.
ഡോ. എ. ജില്‍ജിത്ത്
സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍
ഹര്‍ഷം പ്രൊജക്ട്, കണ്ണൂര്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം