മുംബൈയിലെ തെരുവില്‍ നടി പാര്‍വതിയും…

Loading...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് നടി പാര്‍വതി തിരുവോത്ത്. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന പ്രതിഷേധ സായാഹ്നത്തിലാണ് പാര്‍വതിയും പങ്കാളിയായത്. പ്രതിഷേധ വേദിയില്‍ നിന്നുള്ള പാര്‍വതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

സമൂഹമാധ്യമത്തിലൂടെ പ്രതിഷേധിക്കാന്‍ മാത്രമല്ല വേണ്ടിവന്നാല്‍ തെരുവിലിറങ്ങി സമരം ചെയ്യാനും തനിക്കറിയാമെന്ന് തെളിയിച്ച താരത്തെ പിന്തുണച്ച്‌ നിരവധി ആളുകള്‍ രംഗത്തെത്തി. നട്ടെല്ലുള്ള നടിയാണ് പാര്‍വതി എന്ന തലക്കെട്ടോടെ സന്ദീപ് ദാസ് എഴുതിയ കുറിപ്പും ആളുകള്‍ ഏറ്റെടുത്തു.

സന്ദീപ് ദാസിന്റെ കുറിപ്പ് :

ഇതാണ് പാര്‍വതി തിരുവോത്ത്.മലയാളസിനിമയുടെ അഭിമാനമായ അഭിനേത്രി. ഇത്രയേറെ ശാപവചനങ്ങളും തെറിവാക്കുകളും ഏറ്റുവാങ്ങിയിട്ടുള്ള മറ്റൊരു നടി ഉണ്ടാവില്ല.പക്ഷേ പാര്‍വതി പരാതികളില്ലാതെ സമൂഹത്തിനുവേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്നു. നമുക്കുവേണ്ടി പാര്‍വതി തെരുവിലിറങ്ങിയിരിക്കുന്നു.

അങ്ങേയറ്റം അദ്ഭുതത്തോടെയാണ് ഞാന്‍ പാര്‍വതിയെ വീക്ഷിക്കാറുള്ളത്.ഇത്ര നിസ്വാര്‍ത്ഥമായി പെരുമാറാന്‍ മനുഷ്യരെക്കൊണ്ട് സാധിക്കുമോ എന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ട്.സ്വന്തം നിലനില്‍പ്പിന്റെ കാര്യം വരുമ്ബോള്‍ മിക്ക ആളുകളും ആദര്‍ശങ്ങളില്‍ കുറച്ച്‌ വെള്ളം ചേര്‍ക്കാറുണ്ട്. പക്ഷേ പാര്‍വതി അവിടെയും വ്യത്യസ്തയാകുന്നു !

പാര്‍വതി ചെയ്തുവെച്ചിട്ടുള്ള കഥാപാത്രങ്ങള്‍ ഒന്ന് പരിശോധിച്ചുനോക്കൂ.അനശ്വരപ്രണയത്തിന്റെ പ്രതീകമായ കാഞ്ചനമാല,നഴ്സുമാര്‍ക്ക് അഭിമാനപൂര്‍വ്വം ചൂണ്ടിക്കാട്ടാവുന്ന സമീറ,ആസിഡ് ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്ന പെണ്‍കുട്ടികളെ പ്രചോദിപ്പിക്കുന്ന ഉയരെ…

എണ്ണത്തില്‍ കുറവാണെങ്കിലും നിലവാരത്തിന്റെ കാര്യത്തില്‍ പാര്‍വതിയുടെ കഥാപാത്രങ്ങള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നു. ഒട്ടുമിക്ക ചലച്ചിത്രമേളകളിലും പാര്‍വതിയുടെ സിനിമകള്‍ അംഗീകരിക്കപ്പെടാറുണ്ട്.ചെറിയൊരു കാലയളവുകൊണ്ട് എണ്ണമറ്റ അവാര്‍ഡുകള്‍ അവര്‍ വാരിക്കൂട്ടിയിട്ടുമുണ്ട്.

പാര്‍വതിയുടെ യാത്ര ഒട്ടും സുഗമമായിരുന്നില്ല. തന്റെ പ്രാരംഭ കാലത്തെക്കുറിച്ച്‌ ആരും സംസാരിക്കാറില്ല എന്ന് പാര്‍വതി തന്നെ പറഞ്ഞിട്ടുണ്ട്.’ബാംഗ്ലൂര്‍ ഡെയ്സ് ‘ എന്ന സിനിമ മുതല്‍ക്കാണ് മലയാളികള്‍ ആ നടിയെ ശ്രദ്ധിച്ചുതുടങ്ങിയത്.സിനിമയുടെ പിന്നാമ്ബുറങ്ങളില്‍ ഏതാണ്ട് ഒരു പതിറ്റാണ്ട് കഴിച്ചുകൂട്ടിയ വ്യക്തിയാണ് പാര്‍വതി.

അഭിനയസിദ്ധിയിലൂടെ ലോകം കീഴടക്കാന്‍ പാര്‍വതിക്കു സാധിക്കും. ആ സ്ഥാനം അവര്‍ വളരെയേറെ കഷ്ടപ്പെട്ട് നേടിയതുമാണ്.ഇത്തരമൊരു സാഹചര്യത്തില്‍ സാധാരണ മനുഷ്യര്‍ എന്താണ് ചെയ്യുക?’കുഴപ്പങ്ങളിലൊന്നും’ ചെന്ന് ചാടാതെ സ്വന്തം കരിയറില്‍ മാത്രം ശ്രദ്ധിച്ച്‌ മുന്നോട്ടുപോകും.പക്ഷേ പാര്‍വതി ചെയ്തത് എന്താണ്?

‘കസബ’ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയെ നിശിതമായി എതിര്‍ത്തു. മമ്മൂട്ടിയെപ്പോലൊരു വലിയ താരത്തിന്റെ സിനിമയെ വിമര്‍ശിച്ചാല്‍ കരിയര്‍ തന്നെ അപകടത്തിലാവുമെന്ന് അറിയാഞ്ഞിട്ടല്ല. ചില സത്യങ്ങള്‍ പറയാനുള്ളതാണ് എന്ന നിലപാടില്‍ പാര്‍വതി ഉറച്ചുനിന്നു.

മലയാളസിനിമയിലെ ഒരു മുന്‍നിര നായിക പൈശാചികമായ രീതിയില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’ എന്ന താരസംഘടന കൈക്കൊണ്ട പരിഹാസ്യമായ സമീപനങ്ങള്‍ ഒരാള്‍ക്കും മറക്കാനാവില്ല.പക്ഷേ പാര്‍വതി ‘പക്ഷേ’കളില്ലാതെ തന്റെ കൂട്ടുകാരിക്കൊപ്പം നിലകൊണ്ടു.

ഈ രണ്ട് തീരുമാനങ്ങളുടെ പേരില്‍ പാര്‍വതിക്കു ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കീബോര്‍ഡ് പടയാളികള്‍ അവര്‍ക്കുചുറ്റും നിന്ന് ആക്രമിച്ചിട്ടുണ്ട്.പക്ഷേ പാര്‍വതി ഒരിഞ്ചുപോലും മാറിയില്ല. പണ്ട് പറഞ്ഞ കാര്യങ്ങള്‍ അതേപടി ഇപ്പോഴും പറയാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല.’അര്‍ജ്ജുന്‍ റെഡ്ഢി’ വിമര്‍ശനം അതിന്റെ വ്യക്തമായ സൂചനയാണ്.

പാര്‍വതിയെ അധിക്ഷേപിച്ചു എന്ന കുറ്റത്തിന് ഒരാളെ പൊലീസ് ഈയിടെ പിടികൂടിയിരുന്നു.ആ വിഡ്ഢി പാര്‍വതിയുടെ വീട്ടില്‍ പോയി പാര്‍വതിയുടെ അമ്മയെ ഉപദേശിച്ചുവെത്രേ ! പാര്‍വതിയുടെ ധീരമായ തുറന്നുപറച്ചിലുകള്‍ ഇവിടത്തെ യാഥാസ്ഥിതികരായ പുരുഷകേസരികളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.

‘നീ വെറും പെണ്ണാണ് ‘ എന്ന് ആണയിട്ടുകൊണ്ടിരുന്ന ഒരിടമായിരുന്നു മലയാളസിനിമ. മെയില്‍ ഷോവനിസ്റ്റുകളെക്കൊണ്ട് നിറഞ്ഞ ഒരു വ്യവസായം. ആണധികാരങ്ങളുടെ ശവപ്പെട്ടിയില്‍ പാര്‍വതിയെപ്പോലുള്ളവര്‍ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞു.ആ ഇരുണ്ട കാലത്തേക്ക് ഇനിയൊരിക്കലും മലയാളസിനിമ മടങ്ങിപ്പോകില്ല.

രാജ്യം ഒരു വലിയ പ്രതിസന്ധിയിലേക്ക് സഞ്ചരിച്ചുതുടങ്ങിയപ്പോള്‍ മിക്ക സിനിമാക്കാരും മൗനത്തിലായിരുന്നു.ചിലര്‍ ഇപ്പോഴും മിണ്ടിയിട്ടില്ല. കുറച്ചുപേര്‍ വൈകിയാണ് പ്രതികരിച്ചത്. പക്ഷേ പാര്‍വതി ആരംഭത്തില്‍ തന്നെ തന്റെ നിലപാട് കൃത്യമായും വ്യക്തമായും പറഞ്ഞിരുന്നു.

ഈ പ്രവൃത്തിയുടെ പേരില്‍ പാര്‍വതിക്കു പല പുരസ്കാരങ്ങളും കൈമോശം വന്നേക്കാം. പക്ഷേ പാര്‍വ്വതിയ്ക്ക് സ്വന്തം കാര്യമല്ല പ്രധാനം. അവര്‍ ഒരു മനുഷ്യസ്നേഹിയാണ്.ഈ രാജ്യത്തെ സാധുമനുഷ്യരെക്കുറിച്ച്‌ അവര്‍ക്ക് ആശങ്കയുണ്ട്.

ഇതിനെയും ചിലര്‍ ‘പബ്ലിസിറ്റി സ്റ്റണ്ട് ‘ എന്ന് വിശേഷിപ്പിച്ചുകണ്ടു.അവരോട് ഒന്നേ പറയാനുള്ളൂ. നട്ടെല്ലുള്ള നടിയാണ് പാര്‍വതി.നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവര്‍ക്ക് അവരെ ഒരുകാലത്തും മനസ്സിലാകാന്‍ പോകുന്നില്ല…’-സന്ദീപ് ദാസ് പറയുന്നു.

നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതി രംഗത്തെത്തിയിരുന്നു. ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ക്കെതിരേ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുന്നതിന്റെ വീഡിയോയ്‌ക്കൊപ്പമായിരുന്നു പാര്‍വ്വതി തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തത്. പൊലീസ് നടത്തുന്നതാണ് ‘തീവ്രവാദം’ എന്ന നിലയ്ക്കായിരുന്നു പോസ്റ്റ്. ഒപ്പം ‘ജാമിയയ്‌ക്കൊപ്പം നില്‍ക്കുക’ എന്ന ഹാഷ് ടാഗും പാര്‍വ്വതി ഉപയോഗിച്ചു

അതേസമയം ഇന്ന് മുംബൈയില്‍ നടന്ന പ്രതിഷേധ സായാഹ്നത്തില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ഫര്‍ഹാന്‍ അക്തര്‍, അനുരാഗ് കശ്യപ്, നന്ദിത ദാസ്, കൊങ്കണ സെന്‍ ശര്‍മ്മ, സുശാന്ത് സിങ്, സ്വര ഭാസ്‌കര്‍, അദിതി റാവു ഹൈദരി, ഹുമ ഖുറേഷി, ജാവേദ് ജെഫ്രി, രാകേഷ് ഓംപ്രകാശ് മെഹ്‌റ, അര്‍ജുന്‍ മാത്തൂര്‍, കൗസര്‍ മുനീര്‍, കബീര്‍ ഖാന്‍, മിനി മാത്തൂര്‍, നിഖില്‍ അദ്വാനി, സാക്വിബ് സലിം, രാജ് ബബ്ബാര്‍, സഞ്ജയ് സൂരി, അനുപ്രിയ ഗോയങ്ക തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേരിട്ടെത്തി. ശബാന ആസ്മി, ദിയ മിര്‍സ, റിച്ച ഛദ്ദ തുടങ്ങി നിരവധി പേര്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാതിരിക്കുന്നതിന്റെ കാരണം പറഞ്ഞ് പിന്തുണയുമായി രംഗത്തെത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം