വയനാട്ടില്‍ വിഷമദ്യം കഴിച്ച് 3 പേര്‍ മരിച്ച സംഭവം;മദ്യത്തിൽ സയനൈഡ് കലർത്തിയ ആൾ പിടിയിൽ

Loading...

വയനാട്: വെള്ളമുണ്ടയില്‍ പൊട്ടാസ്യം സയനേഡ് കലര്‍ന്ന മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവം ആളുമാറിയുള്ള കൊലപാതകമെന്ന് പൊലീസ്. മദ്യത്തില്‍ വിഷം കലര്‍ത്തിയ സ്വര്‍ണപ്പണിക്കാരനായ സന്തോഷ് പൊലീസ് പിടിയിലായി. സുഹൃത്തിനെ കൊല്ലാനായി വിഷം കലര്‍ത്തി നല്‍കിയ മദ്യമാണ് മൂന്ന് പേരുടെ കൊലപാതകത്തിന് കാരണമായതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

മാനന്തവാടിയിലെ സ്വര്‍ണപ്പണിക്കാരനാണ് സന്തോഷ്. ഇയാള്‍ അടുത്ത സുഹൃത്തായ സജിത്തിനെ കൊലപ്പെടുത്താനായി മദ്യത്തില്‍ പൊട്ടാസ്യം സയനേഡ് കലര്‍ത്തി നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സന്തോഷിന്റെ ഭാര്യയുമായി സജിത്തിന് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ കൊലപ്പെടുത്താനായി സന്തോഷ് തീരുമാനിച്ചത്.

ഇടയ്ക്കിടെ സന്തോഷിന്റെ കയ്യില്‍ നിന്ന് മദ്യം വാങ്ങി കഴിക്കുന്ന ശീലം സജിത്തിനുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സന്തോഷില്‍ നിന്ന്‌ വാങ്ങിവച്ച മദ്യം മകളുടെ പേടി മാറ്റാനായി ഒരു പൂജക്ക് പോകുന്ന സമയത്ത് പൂജാരിക്ക് കൊടുക്കാനായി കയ്യില്‍ കരുതുകയായിരുന്നു. ഇത്തരത്തില്‍ വാരമ്പറ്റയിലെ തികിനായി എന്ന പൂജാരിയുടെ അടുത്ത് മകളുമായി ഇയാള്‍ എത്തുകയും പൂജക്ക് ശേഷം മദ്യം പൂജാരിയായ തികിനായിക്ക് നല്‍കുകയും ചെയ്തു.

പൂജക്ക് ശേഷം തികിനായി അല്‍പം മദ്യം കഴിക്കുകയും ഉടന്‍തന്നെ കുഴഞ്ഞു വീണ്‌ മരിക്കുകയായിരുന്നു. എന്നാല്‍ അപ്പോള്‍ മദ്യം കഴിച്ചത് മൂലമാണ് ഇയാള്‍ മരണപ്പെട്ടത് എന്ന് ബന്ധുക്കള്‍ക്ക് മനസ്സിലായില്ല. പ്രായാധിക്യം മൂലമോ മറ്റ് അസുഖം മൂലമോ ഇയാള്‍ മരിച്ചു എന്നാണ് എല്ലാവരും കരുതിയിരുന്നത്.

പിന്നീട് അന്ന് രാത്രി മകന്‍ പ്രമോദും ബന്ധുവായ പ്രസാദും ഈ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്ന മദ്യം കഴിക്കുകയായിരുന്നു. കഴിച്ച ഉടനെ ഇവരും കുഴഞ്ഞുവീണു മരിച്ചു. അപ്പോഴാണ് മദ്യമാണ് ഇവരുടെ മരണകാരണമെന്ന് ബന്ധുക്കള്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം