Categories
traval

ഒരു യാത്രയുടെ ലഹരി തേടി നട്ടുപച്ചപ്പിലൂടെ……..

ഒരു യാത്രയുടെ ലഹരി തേടി നട്ടുപച്ചപ്പിലൂടെ…….. അകവും പുറവും അടച്ചു പൂട്ടി ഒരേ വീടിൻ്റെ ഒറ്റ നിറമുള്ള ചുവരുകൾക്കിടയിൽ കഴിയുമ്പോൾ നാം നമ്മോട് തന്നെ മുഷിഞ്ഞു തുടങ്ങും. അപ്പോൾ ഒന്ന് പുറത്തിറങ്ങണം. (മാസ്കും സാനിറ്റൈസറും കുടിവെള്ളവും മറക്കണ്ട!) എന്നിട്ടാ സൈക്കിളിലോ ടൂവീലറിലോ കയറണം. നീങ്ങിത്തുടങ്ങിയാൽ മതി. വഴികൾ വിളിച്ചോളും. ആ വിളി കേട്ടുകേട്ടു പോവണം.

അപ്പോഴറിയാം , ഒരു പുഴയിൽ രണ്ടു വട്ടം ഇറങ്ങാനാവില്ലെന്നതു പോലെ ഒരു വഴിയിലും രണ്ടു വട്ടം യാത്ര ചെയ്യാനാവില്ല.

അപ്പോഴറിയാം, അകലങ്ങളുടെ അക്കരപ്പച്ചയിൽ അറിയാതെ പോയ അടുത്തുള്ള ആനന്ദങ്ങൾ.

അപ്പോഴറിയാം, വിദൂരത്തിൻ്റെ വിളിയിൽ മുങ്ങിപ്പോയ സമീപസ്ഥമർമ്മരങ്ങൾ.

വീട്ടിൽ നിന്നും ഒരു പത്തുകിലോമീറ്റർ പരിധിയിലുള്ളവയാണ് ഈ കാഴ്ചകളൊക്കെ. പല തവണ കടന്നു പോയതാണിതിലെയെല്ലാം. അപ്പോഴൊന്നും ഇതൊന്നും കണ്ണിൽപ്പെട്ടില്ല.
അല്ല ! കണ്ടഭാവം നടിച്ചില്ല എന്നതാണ് നേര്. ഇതുവരെ മൈൻഡ് ചെയ്യാത്തതിൻ്റെ പരിഭവമൊന്നുമില്ലാതെ വഴിയോരത്തെ പുല്ലും പൂക്കളും പുഴയും തണലും ദേശാടനപക്ഷികളും ചിരിച്ചു തന്നെ വരവേറ്റു.
കുന്നിടിച്ചു തോളേറ്റിപ്പോവുന്ന ലോറികളുടെ എണ്ണവും വേഗവും പേടിപ്പിച്ചു. ഒറ്റക്കരിങ്കല്ലിൽ കൊത്തിയ ഒതുക്കുകല്ല് അത് കയറിയുമിറങ്ങിയും പോയ ഒട്ടേറെ മനുഷ്യരുടെ യാത്രങ്ങളും യാതനകളും ഓർമ്മിപ്പിച്ചു.

ഒറ്റയ്ക്കുള്ള ഓരോ യാത്രകളും ഓരോ ഏകാന്തധ്യാനങ്ങളാണ്. ആൾക്കൂട്ടയാത്രകളുടെ ആർഭാടമില്ലാതെ, സ്വന്തമുള്ളിലെ മറ്റൊരു സ്വന്തത്തെ മുന്നിലിരുത്തി ഒട്ടുമൊരു ധൃതിയില്ലാത്തൊരു സൈക്കിൾ യാത്ര. അല്ലെങ്കിൽ ഒരു നടത്തം. പതുക്കെ പതുക്കെ ആ പാവം സ്വന്തം നമ്മോട് തന്നെ മിണ്ടിത്തുടങ്ങും. എവിടെയായിരുന്നുവെന്ന് പരിഭവിക്കും.പിണങ്ങും. ചീത്ത വിളിക്കും.
നാം കരയുമ്പോൾ ചേർത്തു പിടിക്കും. ചിരിക്കുമ്പോൾപൊട്ടിച്ചിരിക്കും.കളിയാക്കും. ശൂന്യതയുടെ തുരങ്കം നൂണ്ട് ശുഭാപ്തി വിശ്വാസത്തിൻ്റെ പുനർജനിത്തണുപ്പ് ഉള്ള് പൊതിയും.
അപ്പോഴറിയാം,
പിന്നിട്ട ദൂരമല്ല, ഉള്ളം കൊണ്ട് എന്തറിഞ്ഞു, ഉള്ളിലെന്തു നിറഞ്ഞു എന്നതാണൊരു യാത്രയുടെ ലഹരിയെന്ന്..

വൈകിയില്ല,
ഇറങ്ങൂ..
ഒഴുകൂ..
ആശംസകൾ

ഷിജു ആർ

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Through the greenery in search of the intoxication of a journey ........