കലാപകാരികള്‍ കൊന്ന  സുബോധ് സിങ്ങിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ യോഗി;പശുക്കളെ കൊന്നവരെ അറസ്റ്റ് ചെയ്യാന്‍ ആഹ്വാനം

ഗോവധം നടത്തിയവരെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ കലാപകാരികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുബോധ് സിങ്ങിനെ കുറിച്ച് ഒരക്ഷരം പോലും യോഗി മിണ്ടിയില്ല. കലാപം ആസൂത്രിതമാണെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്തവരെ അറസ്റ്റ് ചെയ്യാന്‍ യോഗി ആവശ്യപ്പെട്ടില്ല.

ബുലന്ദ്ശഹറിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് പശുക്കളെ കശാപ്പ് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ യോഗി പൊലീസിനോട് ആവശ്യപ്പെട്ടത്. സംഭവത്തിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുള്ളതായാണ് മുഖ്യമന്ത്രി കരുതുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനിഷ് അവാസ്തി പറഞ്ഞു. സംഭവത്തെ കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം നടത്തി പശുക്കളെ കൊന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് യോഗിയുടെ നിര്‍ദ്ദേശം.

എന്നാല്‍ ആക്രമികള്‍ പിന്തുടര്‍ന്ന് കല്ലെറിഞ്ഞ് അവശനാക്കിയും തലയ്ക്ക് വെടിയുതിര്‍ത്തും കൊന്ന പൊലീസ് ഇന്‍സ്‌പെകടര്‍ സുഭോധ് കുമാര്‍ സിങ്ങിന്റെ മരണത്തെ കുറിച്ച് യോഗി മൗനം പാലിച്ചു. ഇദ്ദേഹത്തെ കൊന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുമില്ല. പൊലീസ് വാഹനങ്ങള്‍ തീയിട്ടതിനെ കുറിച്ചും ഒന്നും മിണ്ടിയില്ല.

സുബോധ് കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബജ്റംഗദള്‍ ജില്ലാ നേതാവ് യോഗേഷ് രാജ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപത്തിന് പിന്നില്‍ ബജ്റംഗദള്‍, ബിജെപി, വിഎച്ച്പി, ശിവസേന, ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാന്‍ പോലും യോഗി തയ്യാറായില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം