Categories
Cinema

നമുക്കിനി മതിലുകൾ വേണ്ട ; പടുത്തുയർത്താം പുതിയൊരു കേരളത്തെ ; സന്തോഷ് കീഴാറ്റൂർ

നമ്മൾ എപ്പോഴും പല കാരണങ്ങളുടെ പേരിൽ കുറ്റപ്പെടുത്തുന്ന നമ്മുടെ യുവത ഏറ്റവും കർമ്മ നിരതരായി ഓരോ ക്യാമ്പിലും ഉണ്ടായിരുന്നു

Spread the love

മഹാപ്രളയം കേരളത്തിൽ ദുരിതം വിതച്ച നാളുകളിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ അഭയം തേടേണ്ടി വന്നവർ ലക്ഷക്കണക്കിനാണ്. സ്വന്തം വീടുകളും സമ്പാദ്യങ്ങളും വെള്ളത്തിൽ മുങ്ങിപ്പോയവർ നിരവധിയാണ്. ഈ ഘട്ടങ്ങളിലെല്ലാം ദുരിത ബാധിതർക്കൊപ്പം കൈമെയ് മറന്ന് കേരളം ഉണ്ടായിരുന്നു. യാതൊരു ഭിന്ന ചിന്തകൾക്കും ഇട നൽകാതെ സഹായത്തിന്റെ കരങ്ങൾ നീട്ടിയ പതിനായിരങ്ങൾ..അതിൽ എല്ലാ വിഭാഗം ജനങ്ങളും ഉണ്ടായിരുന്നു..അവരോട് ഈ നാട് കടപ്പെട്ടിരിക്കുന്നു…അങ്ങനെ ദുരിതാശ്വാസ ക്യാമ്പുകളിലും പ്രളയ ബാധിത മേഖലകളിലും സഹായവുമായി എത്തിയവരിൽ നടൻ സന്തോഷ് കീഴാറ്റൂ രുമുണ്ടായിരുന്നു…എറണാകുളത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്തോഷും സുഹൃത്തുക്കളും സഹായവുമായി എത്തി..ക്യാമ്പുകളിൽ കണ്ട അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സന്തോഷ് കീഴാറ്റൂർ.

മസ്കറ്റിൽ നിന്ന് കൊച്ചിയിൽ തിരിച്ചെത്തിയപ്പോൾ കണ്ടത്

നാടകം അവതരിപ്പിക്കുന്നതിനായി മസ്കറ്റിൽ പോയതായിരുന്നു ഞാൻ. പ്രോഗ്രാമൊക്കെ കഴിഞ്ഞു കൊച്ചിയിൽ തിരിച്ച് വിമാനമിറങ്ങുമ്പോൾ കണ്ടതും കേട്ടതും കേരളത്തെ പ്രളയം വന്ന് പിടിമുറുക്കുന്ന വാർത്തകളായിരുന്നു. അപ്പോൾ തന്നെ ഏകദേശം എയർപോർട്ടിലൊക്കെ വെള്ളം കയറിക്കൊണ്ടിരുന്നു. അവിടുന്ന് ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ പോയി. മഴ കാരണം എറണാകുളത്തെ ഷൂട്ടിംഗ് ഒക്കെ നിർത്തിയിരുന്നു. പിറ്റേന്ന് രാവിലെ സെന്റ് ആൽബർട്സ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയി. അവിടെ പോയപ്പോഴാണ് മനസ്സിലായത് മഴ ദുരിതമായി പെയ്തതിന്റെ വ്യാപ്തി. അത്രേം പാവങ്ങളായ കുറെ മനുഷ്യർ നനഞ്ഞ വസ്ത്രങ്ങളോടെ തണുത്ത് വിറങ്ങലിച്ചു നിൽക്കുന്നു. നമുക്കെന്ത് ചെയ്യാനാവും എന്ന് സ്വയം ചോദിച്ചു പോകുന്ന നിമിഷങ്ങൾ ആയിരുന്നു. എവിടെ പോകും ? എങ്ങനെ പോകാനാവും ? ഒന്നുമറിയില്ല. എന്റെ കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. അങ്ങനെ ഒരു ക്‌ളാസ് റൂമിലെ ക്യാമ്പിൽ പോയി നോക്കിയപ്പോൾ വെറും നിലത്ത് പ്രായമുള്ള അമ്മമാരും മറ്റും വിറങ്ങലിച്ചു കിടക്കുന്നു. അതൊരു വല്ലാത്ത അവസ്ഥ ആയിരുന്നു. എന്റെ കയ്യിൽ അപ്പോൾ രണ്ടായിരം രൂപയെ ഉണ്ടായിരുന്നുള്ളൂ. അവർക്ക് ബെഡ്ഷീറ്റ് എങ്കിലും കൊടുക്കാൻ അവിടെ ഉണ്ടായിരുന്ന ഒരാളോട് അഭ്യർത്ഥിച്ചു.’അതൊക്കെ ഉത്തരവാദപ്പെട്ടവർ കൊടുത്തോളും ഓരോ റൂമിലെയും കണക്ക് എടുത്തു വരുന്നെയുള്ളൂ’ എന്ന മറുപടിയാണ് അവരിൽ നിന്നുണ്ടായത്. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. അവരെ കുറ്റം പറയാൻ പറ്റില്ല. നൂറ് കണക്കിന് ആളുകൾ ക്യാമ്പിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. അപ്പോൾ ആശയക്കുഴപ്പങ്ങൾ വന്നേക്കാം.

Image may contain: 3 people, people standing and outdoor

എല്ലാം തടസ്സപ്പെടുന്ന അവസ്ഥ തരണം ചെയ്തതിങ്ങനെ

എന്റെ കയ്യിലുണ്ടായിരുന്ന രണ്ടായിരം രൂപയ്ക്ക് കിട്ടാവുന്ന ബെഡ്ഷീറ്റുകൾ കടയിൽ പോയി വാങ്ങി. എ ടി എമ്മിൽ പോയി പണം എടുക്കാൻ ശ്രമിച്ചെങ്കിലും അത് വർക്ക് ചെയ്യുന്നില്ല. കുറച്ച് ദൂരെയാണ് എന്റെ ഫ്‌ളാറ്റ്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് അവിടെ പോയി ഫ്‌ളാറ്റിൽ ഉള്ള ബെഡ്ഷീറ്റും തലയിണയും കൊണ്ടുവരാൻ പറഞ്ഞു. അങ്ങനെ ആ അമ്മമാർക്ക് അതെല്ലാം കൊണ്ട് കൊടുത്തു. അതിൽ ഒരു അമ്മയെ സഹായിച്ചു കൊണ്ടിരിക്കുമ്പോഴാണ് അറിയുന്നത് അവർ ഒരു കാൻസർ രോഗി ആയിരുന്നു എന്നത്. വല്ലാത്ത വേദന തോന്നി അവരുടെ അവസ്ഥ കണ്ടപ്പോൾ. പകച്ചു പോകുന്ന സന്ദർഭം. പല രോഗങ്ങൾ ഉള്ളവരായിരുന്നു മിക്കവരും. മരുന്നൊന്നും കിട്ടുന്നില്ല.

Image may contain: 2 people

സഹായങ്ങൾ എത്തിക്കാനായി ഇടപെടുന്നു

എന്റെ നാടകം മസ്കറ്റിൽ സംഘടിപ്പിച്ച സ്പോൺസർ ഉണ്ടായിരുന്നു. സുധീർ കരുനാഗപ്പള്ളി. അദ്ദേഹത്തെ ഫേസ്ബുക് വഴി വിവരം അറിയിച്ചു. എങ്ങനെയെങ്കിലും കഴിയാവുന്ന സഹായം എത്തിക്കണം. അങ്ങനെ കരുനാഗപ്പള്ളിയിൽ നിന്ന് കുറച്ചു സാധനങ്ങൾ എത്തിക്കാമെന്നു അദ്ദേഹം ഏറ്റു. വേറെ ഒരു സുഹൃത്തിൽ നിന്ന് പതിനായിരം രൂപ സംഘടിപ്പിച്ചു. അങ്ങനെ സാധനങ്ങൾ വാങ്ങി ശേഖരിച്ച് ക്യാമ്പുകളിലേക്ക് പോയി. കൂടെ രണ്ടു സുഹൃത്തുക്കളും.

കൂനമ്മാവ് ക്യാമ്പിലെ ദുരിതങ്ങൾ

സിറ്റിക്കകത്തുള്ള ക്യാമ്പുകളിൽ സാധനങ്ങൾ എത്തുന്നതിനും മറ്റും തടസ്സം ഉണ്ടായിരുന്നില്ല. എന്നാൽ കൂനമ്മവിലെ ക്യാമ്പിൽ എല്ലാം ‘സിസ്റ്റമാറ്റിക്’ ആയിരുന്നു. ഓർഡർ പ്രകാരമേ സാധനങ്ങൾ കൊടുക്കുന്നുള്ളൂ..! ഞങ്ങൾ അവിടെ എത്തി. അപ്പോഴേക്കും ഞങ്ങൾ ഒൻപത് പേരുള്ള സംഘമായി മാറിയിരുന്നു. ഒരു വാഹനം സംഘടിപ്പിച്ചാണ് അവിടെ എത്തിയത്. തന്റെ മകൻ എവിടെയോ ഒറ്റപ്പെട്ട് കിടക്കുകയാണെന്നു ക്യാമ്പിലെ ഒരാൾ വന്നു പറഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. പ്രസവിച്ചു കിടക്കുന്ന ഒരു സ്ത്രീയും യുണ്ടായിരുന്നു ആ ക്യാമ്പിൽ. അവർക് ആവശ്യമായ മരുന്നോ, പരിചരണമോ ലഭിക്കുന്നില്ല.

Image may contain: 12 people, people smiling, people standing and outdoor

പ്രളയ ബാധിത പ്രദേശങ്ങൾ ഒക്കെ സിനിമയിൽ കണ്ടതെ ഉണ്ടായിരുന്നുള്ളൂ

കൂനമ്മവിലെ കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. ഒരു ഗ്രാമം മുഴുവൻ വെള്ളത്തിൽ. ഞങ്ങൾ ക്യാമ്പിൽ പോയപ്പോൾ ഇടപെടാൻ പ്രാദേശികമായ തടസ്സങ്ങൾ ഒക്കെ ഉണ്ടായിരുന്നു. എന്റെ കൂടെ സുധി അന്ന എന്ന സംവിധായകനും ഉണ്ടായിരുന്നു. ചില സിനിമകളിലൊക്കെ എന്നെ കണ്ട പരിചയത്താൽ ക്യാമ്പിൽ ഇടപെടാൻ അവസരമൊരുങ്ങി. അങ്ങനെ ഈ ക്യാമ്പ് ഞങ്ങൾ കോർഡിനേറ്റ് ചെയ്യാം എന്ന് പറഞ്ഞു. പ്രസവിച്ചു കിടന്ന ആ സ്ത്രീക്ക് മരുന്നൊക്കെ ഞങ്ങൾ എത്തിച്ചു കൊടുത്തു.

സഹായങ്ങളുമായി കൂടുതൽ പേർ എത്തുന്നു

ആ ക്യാമ്പിൽ സഹായങ്ങൾ ലഭ്യമാക്കി തുടങ്ങിയപ്പോൾ നടൻ ആസിഫലി കുറെ ഭക്ഷണ പൊതികളുമായി അവിടെ എത്തി. കൂടെ നടൻ ബാലു വർഗീസും ഉണ്ടായിരുന്നു. ആസിഫിനോട് ഞാൻ പറഞ്ഞു. ഭക്ഷണത്തെക്കാളും ഇവർക്ക് അത്യാവശ്യം വേണ്ടത് വസ്ത്രങ്ങളായിരുന്നു. മൂന്ന് ദിവസമായി തുണി ഒന്നും മാറാതെ തണുത്ത് വിറച്ചു നിൽക്കുകയാണ്. ഭക്ഷണം കൃത്യമായി ലഭിക്കുന്നുണ്ട്. ആസിഫ് അതിനുള്ള കാര്യങ്ങളും ചെയ്യാമെന്നേറ്റു. ഒരു പരിചയവും ഇല്ലാത്ത ആൾ പോലും വിളിച്ച് സഹായങ്ങൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയപ്പോൾ ആത്മാവിശ്വാസമായി.

മാനുഷികത നേരിൽ അനുഭവപ്പെട്ട മണിക്കൂറുകൾ

മാനുഷികതയും നന്മയും ഒക്കെ പ്രസംഗിച്ചു കേട്ടിട്ടേ ഉള്ളൂ..നേരിൽ കാണുകയായിരുന്നു അവിടെ. ആ ആറ് ദിവസങ്ങൾ ഒരിക്കലും മറക്കാൻ ആവാത്തതാണ്. ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ആ ദിവസങ്ങളിലാണ് ഓരോ മനുഷ്യന്റെയും ഉള്ളിലെ നന്മ തിരിച്ചറിയുന്നത്. ക്യാമ്പിൽ മരുന്നുകളും ആവശ്യമുണ്ട്. അതിനിടെ ആസിഫ് അലിയും ബാലുവും ഒരു മണിക്കൂറിനകം എവിടെ നിന്നോ കുറെ വസ്ത്രങ്ങളുമായി വീണ്ടും ക്യാമ്പിലെത്തി. അത് വിതരണം ചെയ്തു. ഒരു ദുരന്തത്തെ നമ്മൾ ഫേസ് ചെയ്യുമ്പോഴാണ് അതിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്നത് നമ്മൾ തിരിച്ചറിയുക.കുറച്ചു കഴിഞ്ഞപ്പോൾ അവിടെ ഒരു ഫാദർ വന്നു. അടുത്തുള്ള പള്ളിയിലേക്ക് കുറെ പേരെ മാറ്റാം എന്ന് പറഞ്ഞു. അങ്ങനെ 250 ഓളം പേരെ തേവരയിലെ പള്ളിയിലേക്ക് മാറ്റി. കിട്ടാവുന്ന സാധനങ്ങൾ എല്ലാം ശേഖരിച്ച് വിതരണം ചെയ്തു.

Image may contain: one or more people

പറവൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ

പിറ്റേന്നാണ് ഞങ്ങൾ പരവൂർ ഭാഗത്തേക്ക് പോയത്. വരാപ്പുഴയിലും പോയി. നാലായിരത്തോളം ആളുകൾ ക്യാമ്പുകളിൽ ഉണ്ട്. ആപ്പിഴേക്കും ഗായിക സായനോര യുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് കലക്ട് ചെയ്ത സാധനങ്ങൾ എത്തി. ഒരു ലോറി നിറയെ സാധനങ്ങൾ..ഇവ എവിടെ സൂക്ഷിക്കും..അപ്പോഴാണ് സുഹൃത്തും പ്രൊഡ്യൂസറുമായ ജോളി ജോസഫിന്റെ വീട്ടിൽ സൗകര്യമുണ്ടെന്നു അറിയുന്നത്. സാധനങ്ങൾ അവിടെ സൂക്ഷിച്ചു ക്യാമ്പുകളിൽ വിതരണം ചെയ്യാൻ ഏർപ്പാട് ആക്കി. പിറ്റേന്നും ഒരു ടോറസ് നിറയെ കണ്ണൂരിൽ നിന്ന് സാധനങ്ങൾ വന്നു.

ന്യൂജൻ ആത്മാർത്ഥത ഉള്ളവരാണ്

നമ്മൾ എപ്പോഴും പല കാരണങ്ങളുടെ പേരിൽ കുറ്റപ്പെടുത്തുന്ന നമ്മുടെ യുവത ഏറ്റവും കർമ്മ നിരതരായി ഓരോ ക്യാമ്പിലും ഉണ്ടായിരുന്നു. 24 മണിക്കൂറും സേവന സജ്ജരായി. അവരോട് പറഞ്ഞാൽ തീരാത്ത സ്നേഹവും നന്ദിയും ഉണ്ട്.

Image may contain: one or more people and people sitting

ദുരന്തങ്ങൾക്കിടയിലും സ്വന്തം നേട്ടം കൊതിച്ചവരും !

ജോളി ജോസഫിന്റെ വീട്ടിൽ കണ്ണൂരിൽ നിന്ന് എത്തിയ സാധനങ്ങൾ സൂക്ഷിച്ചിരുന്നു എന്ന് പറഞ്ഞല്ലോ..അവിടെ നിന്ന് സാധനങ്ങൾ തന്ത്രപരമായി അടിച്ചുമാറ്റാൻ ഒരു സംഘം എവിടെ നിന്നോ എത്തിയിരുന്നു. ചില ക്യാമ്പുകളിൽ പക്ഷഭേദം ഉണ്ടായിരുന്നു. ജാതി,മത,രാഷ്ട്രീയ പരിഗണനകൾ തല പൊക്കി തുടങ്ങിയിരുന്നു. അതും ഇതിനിടയിൽ കാണാനായി !

സിനിമാ രംഗവും കടുത്ത പ്രതിസന്ധിയിൽ

ഒരുപാട് പേര് ജീവിക്കുന്ന തൊഴിൽ രംഗമാണ് സിനിമ. എല്ലാം മുടങ്ങിയിരിക്കുകയാണ്. മറ്റെല്ലാ മേഖലയും പോലെ തന്നെ..ദുരന്ത മേഖലയിൽ കണ്ട മറ്റൊരു കാര്യം..ഓരോ വീടിനും വലിയ മതിലുകൾ ആണ്. വെള്ളം ഒഴുകി പോകാൻ ഇതും തടസ്സമായിരുന്നു. രക്ഷാപ്രവർത്തനത്തിനും തടസ്സം ആയിരുന്നു. നമുക്കെന്തിനാണ് ഇങ്ങനെ മതിലുകൾ ? ഒരു മതിലും ഇല്ലാത്ത പുതിയൊരു കേരളമാണ് ഇനി പടുത്തുയർത്തേണ്ടത്..

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP