റിവ്യൂ ഹര്‍ജിയും തള്ളി: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചേ പറ്റൂ

Loading...

ന്യൂഡല്‍ഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശനിയമം ലംഘിച്ച്‌ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിക്കാനുള്ള വിധിക്കെതിരെ നിര്‍മ്മാതാക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഹര്‍ജികളും അനുബന്ധ രേഖകളും സസൂക്ഷമം പരിശോധിച്ചെന്ന് വ്യക്തമാക്കിയ ജസ്റ്റിസ്‌മാരായ അരുണ്‍ മിശ്ര, നവീന്‍സിന്‍ഹ എന്നിവരുടെ ബെഞ്ച് വിധി പുനഃപരിശോധിക്കാന്‍ സാധൂകരിക്കാവുന്ന കാരണങ്ങളില്ലെന്ന് നിരീക്ഷിച്ചാണ് തള്ളിയത്. റിവ്യൂഹര്‍ജി തുറന്നകോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

ഇനി തിരുത്തല്‍ ഹര്‍ജി നല്‍കാനുള്ള അവസരമുണ്ടെങ്കിലും അപൂര്‍വം സന്ദര്‍ഭങ്ങളിലേ അത് കോടതി അനുവദിച്ചിട്ടുള്ളൂ.

തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കാന്‍ മേയ് എട്ടിനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഈ കാലാവധി ജൂണ്‍ എട്ടിന് അവസാനിച്ചിരുന്നു. റിവ്യൂ ഹര്‍ജി കൂടി തള്ളിയ സാഹചര്യത്തില്‍ കെട്ടിടം പൊളിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദമേറി.

കാലാവധി നീട്ടണമെന്ന ഫ്ലാറ്റുടമകളുടെ ആവശ്യം അരുണ്‍മിശ്രയുടെ ബെഞ്ച് തന്നെ മേയ് 22ന് തള്ളി.തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ 10ന് താമസക്കാര്‍ ജസ്റ്റിസ്‌മാരായ ഇന്ദിരാ ബാനര്‍ജി, അജോയ് രസ്തോഗി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചില്‍ നിന്ന് ആറാഴ്ചത്തേക്ക് സ്റ്റേ നേടി. ഇത് ജൂലായ് അഞ്ചിന് അരുണ്‍മിശ്രയുടെ ബെഞ്ച് നീക്കി.

ഉടമകള്‍ക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ കേരള തീരദേശപരിപാലന അതോറിട്ടി നല്‍കിയ അപ്പീലിലാണ് മേയ് എട്ടിന് സുപ്രീംകോടതി വിധി പറഞ്ഞത്.

വാദവും പ്രതിവാദവും

2006ല്‍ മരട് പഞ്ചായത്തായിരിക്കെ സി.ആര്‍ സോണ്‍ മൂന്നില്‍ പെട്ട പ്രദേശത്താണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. അപ്പാര്‍ട്ട്മെന്റുകളുള്ള സ്ഥലം സി.ആര്‍ സോണ്‍ 2ലാണെന്നും നിര്‍മ്മാണങ്ങള്‍ക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമാണ് കെട്ടിട ഉടമകളുടെ നിലപാട്. നിര്‍മ്മാണ അനുമതി ലഭിക്കുമ്ബോള്‍ സ്ഥലം സി.ആര്‍ സോണ്‍ മൂന്നില്‍ ആയിരുന്നതിനാല്‍ അനുമതി നിര്‍ബന്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം