വ്യത്യസ്ത മതത്തിലുള്ളവര്‍ കിടക്ക പങ്കിടുന്നു… ബിഗ് ബോസ് നിരോധിക്കണമെന്ന് ബിജെപി എംഎല്‍എ

Loading...

ന്യൂഡല്‍ഹി : ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ആമസോണിനും നെറ്റ്ഫ്‌ളിക്‌സിനും പിന്നാലെ ബിഗ് ബോസിനെതിരെ ബിജെപി. നേരത്തെ ആര്‍എസ്‌എസായിരുന്നു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. വ്യത്യസ്ത മതത്തിലുള്ളവര്‍ തമ്മില്‍ കിടക്ക പങ്കിടുന്ന പരിപാടിയാണ് ബിഗ് ബോസെന്ന് ബിജെപി എംഎല്‍എ കിഷോര്‍ ഗുജ്ജര്‍ ആരോപിച്ചു. ഗാസിയാബാദില്‍ നിന്നുള്ള എംഎല്‍എയായ കിഷോര്‍ വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തയച്ചു.

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ബിഗ് ബോസിന്റെ അവതാരകന്‍. ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് കിഷോര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിഗ് ബോസ് വളരെ മോശമായ കാര്യങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതേയല്ല ഇത്. കുടുംബങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും, കിഷോര്‍ പറയുന്നു.

ഇന്ത്യയുടെ സംസ്‌കാരങ്ങള്‍ക്ക് എതിരെയാണ് ഈ പരിപാടി. ലൈംഗികതയുടെ അതിപ്രസരമാണ് ബിഗ്‌ബോസില്‍ നടക്കുന്നത്. പല വിഭാഗത്തിലുള്ളവര്‍ കിടപ്പറയില്‍ പങ്കാളികളെ പോലെ കഴിയുകയാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വശത്ത് രാജ്യത്തിന്റെ പ്രശസ്തി മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യ അതിന്റെ നഷ്ടപ്രതാപം തിരിച്ച്‌ പിടിച്ച്‌ കൊണ്ടിരിക്കുകയാണ്. ഇത്തരം പരിപാടികള്‍ നമ്മുടെ സംസ്‌കാരത്തിന് എതിരാണെന്നും കിഷോര്‍ പറഞ്ഞു.

അതേസമയം ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് മുമ്ബ് സെന്‍സര്‍ ചെയ്യേണ്ടതുണ്ടെന്നും കിഷോര്‍ ആവശ്യപ്പെട്ടു. കുട്ടികളും പ്രായപൂര്‍ത്തിയാവാത്തവരും ഇത്തരം പരിപാടികള്‍ യഥേഷ്ടം കാണുന്നുണ്ട്. ഇന്റര്‍നെറ്റിലും ഇത് ലഭ്യമാണ്. അതുകൊണ്ട് ഇത് നിരോധിക്കണമെന്നും കിഷോര്‍ പറഞ്ഞു. നേരത്തെ ആര്‍എസ്‌എസ് ഇന്ത്യാവിരുദ്ധവും, ഹിന്ദുവിരുദ്ധവുമായ കാര്യങ്ങള്‍ നെറ്റ്ഫ്‌ളിക്‌സിലും ആമസോണിലും സംപ്രേഷണം ചെയ്യുന്നുണ്ടെന്നും നിരോധിക്കണമെന്നും പറഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം