മണ്ണിട്ട് പക തീർക്കുന്നവരോട്; കർണ്ണാടക ഇന്ത്യയിലല്ലേ?

Loading...

കോഴിക്കോട്: മഹാമാരിയുടെ ഭീഷണിയിൽ രാജ്യം വീർപ്പുമുട്ടുമ്പോൾ പരിഷ്കൃത സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത ക്രൂര നടപടികളുമായി ആരുണ്ടിവിടെ ചോദിക്കാനെന്ന ധിക്കാരഭാവത്തോടെ കർണ്ണാടക ഗവർമെൻ്റ് അതിർത്തിയടച്ച് ദേശത്തിന്റെ മാനം കെടുത്തുമ്പോൾ സ്വയം ചോദിച്ചു പോകുന്നു. കർണ്ണാടക ഇന്ത്യയിലല്ലേയെന്ന് ?
കുതിരക്കച്ചവടം നടത്തി അധികാരം പിടിച്ചെടുത്ത കോബ്രാ തമ്പുരാക്കൻമാർ കാസർക്കോട്ട് കാർക്ക് മുമ്പിൽ മണ്ണിട്ട് പക തീർക്കുകയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ ഭീകരവാദികളാക്കുമോ ആവോ? കർണ്ണാടക ഒന്നോർക്കുക, മഹാപ്രപഞ്ചത്തിലെ ഒരിടം മാത്രമാണ്മ് കർണ്ണാടക. കേരളത്തെ മാറ്റി നിർത്തി കർണ്ണാടകയ്ക്ക് എന്ത് കളം വരയ്ക്കാൻ കഴിയും.? മണ്ണിന്റെ മണമുള്ള മക്കൾ കാസർക്കോട്ടുമുണ്ട്. അവർ മണ്ണുണ്ണികളല്ലെന്നോർക്കുക. മനുഷ്യത്വവും സഹജീവി സ്നേഹവുമുള്ളവരാണവർ. അത് മംഗലാപുരത്തുകാർക്ക് നന്നായറിയാം.

ദേശ് വാസികളുടെ ക്ഷേമവും ജനതയുടെ ഐക്യവും ഭരണമുദ്രയാണെന്ന് അടിക്കടി വിളിച്ചു പറയുന്ന പ്രധാനമന്ത്രി പൊട്ടം കളിക്കുകയാണോ അതോ കർണ്ണാടക കൊണ്ട് കേരളത്തെ ശിക്ഷിക്കുകയാണോ? ലോകത്തിന് തന്നെ പലതുകൊണ്ടും മാതൃകയായ കേരളത്തോടാണീ കളിയെന്നത് ഗൌരവമുള്ള വിഷയമാണ്. രണ്ട് കഷ്ണം റൊട്ടിയും അരപ്ലെയിറ്റ് ദാലും നൽകിയാൽ ആശ്വാസം കൊള്ളുന്നവരാണ് മുഴുവൻ ഭാരതീയരുമെന്ന് ആരും കരുതരുത്. മനുഷ്യനെ ഒന്നായിക്കാണുന്ന കേരളീയ മനസ്സാക്ഷി യേയാണ് കർണ്ണാടക വേട്ടയാടുന്നത്. ലോകത്തിന് തന്നെ മഹത്തായ മാതൃകയായിമാറിയ കേരളം ഈ മഹാവിപത്തിനെതിരെ ഒരൊറ്റ മനസ്സും അതിശക്തമായപ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ശത്രുരാജ്യങ്ങളിൽ നിന്ന് പോലും പ്രതീക്ഷിക്കാത്ത പൈശാചിക നടപടി അയൽ സംസ്ഥാനത്ത് നിന്നുമുണ്ടാകുന്നത് എന്നത് സഹിക്കാവുന്നതിലപ്പുറമാണ്. മലയാളിയുടെ ക്ഷമയും സാമൂഹികബോധവും സഹനവും ആരും ബലഹീനമായി കാണേണ്ട.

പരശുരാമന്റെ മണ്ണിന് പലതുണ്ട് പറയാൻ.ഈ സമയം അതിനുള്ളതല്ലെന്നറിയാം,
കർണ്ണാടകയുടെ ഈ ജനദ്രോഹ നടപടി ലോക മാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.
സമത്വവും ബഹുസ്വരതയും
ഉയർത്തിപ്പിടിക്കുന്ന ഇന്ത്യക്കിത് നാണക്കേടാണെന്ന് മാധ്യങ്ങൾ വിധിയെഴുതുന്നു.
എന്ത് കേട്ടാലും നാണമില്ലാത്തവരോടെന്ത് പറയാൻ?.
ഞങ്ങൾ പ്രധാന മന്ത്രിയിൽ പ്രതീക്ഷയുണ്ട്. കേരള മുഖ്യമന്ത്രിയുടെ ഇടപെടൽ അതാണ് സൂചിപ്പിക്കുന്നത്.
അതിർത്തി അടയുന്തോറും രംഗം വഷളാവുകയാണ്,
ഇവിടെ മനുഷ്യർ തോറ്റു കൂടാ
രാജ്യവും,
ഇതുകൂടി പറഞ്ഞോട്ടെ,
മലയാളിക്ക് എന്നും പുത്തൻപുടവ കൊണ്ട് വിരുന്നൊരുക്കുന്നവരാണ് കാസർക്കോട്ടെ മനുഷ്യസ്നേഹികളായ വ്യവസായികൾ.
നാടും നഗരവ്യം അവർ വർണ്ണാഭമാക്കിക്കൊണ്ടിരിക്കുന്നു.സഹജീവികളെ അവർ മാറോടണയ്ക്കുന്നു. വേദനിക്കുന്നവരോടൊപ്പമാണവർ. നാട്ടിലും മറുനാട്ടിലും.
പക്ഷേ,, പറഞ്ഞിട്ടെന്ത്?
കാസർക്കോട്ടെ മണ്ണിൽ എല്ലാം ഉണ്ട്. ഒന്നൊഴികെ,
ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ?
അതിർത്തിയിൽ കരയാൻ കണ്ണീർകടം വാങ്ങി ആരാന്റെ അനുവാദവുംകാത്തിരിക്കുന്ന എന്റെ പെങ്ങൻമാരുടെ മൊഴിയടയാളങ്ങൾ തേങ്ങലുകളുയർത്തുമ്പോൾ മൌനിയാവാൻ കഴിയുന്നില്ല.

………മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സിവി എം വാണിമേൽ ആണ് ലേഖകൻ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം