ന്യൂയോർക്ക് :(truevisionnews.com)യുഎസ് സർവകലാശാലകളിൽ പടരുന്ന ഗാസാ യുദ്ധവിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ പൊലീസും അധികൃതരും നടപടികൾ കടുപ്പിച്ചു.
വിഖ്യാതമായ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വംശജ അടക്കം 2 ബിരുദവിദ്യാർഥികൾ അറസ്റ്റിലായി; ഇവരെ ക്യാംപസിൽനിന്നു വിലക്കി. കോയമ്പത്തൂരിൽ ജനിച്ച് കൊളംബസിൽ വളർന്ന അചിന്ത്യ ശിവലിംഗമാണ് അച്ചടക്കനടപടി നേരിട്ട ഇന്ത്യൻ വിദ്യാർഥിനി.
രാവിലെയാണു നൂറിലേറെ വിദ്യാർഥികൾ സമരപ്പന്തൽ കെട്ടി പലസ്തീൻ അനുകൂല ധർണ തുടങ്ങിയത്. ഇസ്രയേലിൽനിന്നുള്ള പണം സ്വീകരിക്കുന്നതു സർവകലാശാല നിർത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. തുടർന്നാണു അചിന്ത്യ, ഹസൻ സായിദ് എന്നിവരെ അറസ്റ്റ് ചെയ്തത്.
മറ്റുള്ളവരെ ബലം പ്രയോഗിച്ചു ഒഴിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ യുഎസിലെങ്ങും യുദ്ധവിരുദ്ധ സമരങ്ങളിൽ 550 വിദ്യാർഥികൾ അറസ്റ്റിലായി. അറസ്റ്റുകളെ അപലപിച്ച മനുഷ്യാവകാശ സംഘടനകളായ ഹ്യുമൻ റൈറ്റ്സ് വാച്ചും അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും സമരക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണമെന്ന് ആവശ്യപ്പെട്ടു.
ക്യാപസിൽ ജൂതവിദ്യാർഥികൾക്കുനേരെ അതിക്രമം നടക്കുന്നുവെന്ന ആശങ്ക റിപ്പബ്ലിക്കൻ നേതാക്കൾ യുഎസ് കോൺഗ്രസിൽ ഉയർത്തി.
#Anti-#war #protest: #Indian #student #arrested #US