കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കേരളത്തിലെ ബദൽ രാഷ്ട്രീയത്തിന്റെ സാധ്യത തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ (Arvind Kejriwal) കൊച്ചിയിലെത്തി.
നെടുമ്പാശ്ശേരി വിമാനത്താവളത്തെത്തിയ അരവിന്ദ് കെജ്രിവാളിന് ആം ആദ്മി പ്രവർത്തകരുടെ നേതൃത്തിൽ വമ്പൻ സ്വീകരണമാണ് നൽകിയത്. കിഴക്കമ്പലത്ത് നാളെ നടക്കുന്ന പൊതുസമ്മേളത്തിൽ കെജ്രിവാൾ പ്രസംഗിക്കും.
തൃക്കാക്കരയില്‍ ആർക്ക് വോട്ട് ചെയ്യണമെന്ന് ആം ആദ്മി-ട്വന്റി- 20 സഖ്യം നാളെ പ്രഖ്യാപിക്കാനിടയില്ലെന്നാണ് സൂചന. എന്നാല്‍, തൃക്കാക്കരയിൽ സഖ്യത്തിൻ്റെ രാഷ്ട്രീയ നിലപാട് നാളെയോടെ വ്യക്തമാക്കും.
പുതിയ ബദലിനുള്ള കളമൊരുക്കലാകും കെജ്രിവാളിന്റെ നാളത്തെ കിഴക്കമ്പലം പൊതുസമ്മേളനം. ദില്ലിക്ക് പുറമെ പഞ്ചാബും പിടിച്ച ശേഷമാണ് കേരളത്തിൽ ബദൽ നീക്കങ്ങൾ സജീവമാക്കാനുള്ള കെജ്രിവാളിന്റെ വരവ്.
മുന്നണികൾക്ക് ഭീഷണി ഉയർത്തി എറണാകുളത്ത് കരുത്ത് തെളിയിച്ച ട്വന്റി- 20യുമായാണ് ആദ്യ സഹകരണം. ഇരു കക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാർത്ഥിയെ തൃക്കാക്കരയിൽ നിർത്താൻ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു.
ഉപ തെരഞ്ഞെടുപ്പിനേക്കാൾ നിയമസഭാ ലോക് സഭാ തെരഞ്ഞെടുപ്പുകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അതിനാൽ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയുണ്ടാകില്ലെന്നുമാണ് ഇരു പാർട്ടികളും സംയുക്തമായി അറിയിച്ചത്.
Delhi Chief Minister Arvind Kejriwal arrives in Kochi; Decisive announcement tomorrow