ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തില്‍ കേരളം ആകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു….മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്‍റെ പൂര്‍ണ്ണ രൂപം വായിക്കാം

Loading...

സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ആറുപേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് (വിദേശം അഞ്ച്, സമ്പര്‍ക്കം ഒന്ന്). 21 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി (കാസര്‍കോട് 19, ആലപ്പുഴ 2). ഇതുവരെ 408 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 114 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 46,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 45,925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു 62 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 19,074 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ ക്വാറന്‍റൈനിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നത്. പരിശോധന രണ്ടുമൂന്നു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയും.

കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ടുള്ള ദിവസങ്ങളില്‍ ഇനി കാണാം എന്നു പറഞ്ഞുകൊണ്ടായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ അതത് ദിവസങ്ങളിലെ പ്രധാന സംഭവങ്ങളാണ് എടുത്തു പറഞ്ഞിരുന്നത്. നമ്മുടെ പ്രവര്‍ത്തനത്തിന്‍റെ ഏതെങ്കിലും തരത്തിലുള്ള ഒരു പൊങ്ങച്ചം അവതരിപ്പിക്കാന്‍ വാര്‍ത്താസമ്മേളനം ഉപയോഗിച്ചിരുന്നില്ല.

ഇവിടെ ചില കാര്യങ്ങള്‍ നമ്മള്‍ ഈ ഘട്ടത്തില്‍ ഓര്‍ത്തുപോകുന്നത് നന്നായിരിക്കും. ജനുവരി 30ന് ആദ്യത്തെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തശേഷം നാം മുള്‍മുനയിലാണ് നിന്നത്. രാജ്യത്ത് ആദ്യത്തെ കോവിഡ്-19 ബാധ ഇവിടെയായിരുന്നു. ചൈനയിലെ വുഹാനില്‍നിന്നു വന്ന വിദ്യാര്‍ത്ഥി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തില്‍ കേരളം ആകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിക്കപ്പെട്ടു. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സംവിധാനങ്ങളും രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കാനുള്ള നിര്‍ദേശവും നല്‍കി. ഫെബ്രുവരി രണ്ടിന് ആലപ്പുഴയിലും മൂന്നിന് കാസര്‍കോട്ടും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൂന്നുപേരെയും ചികിത്സിച്ച് ഭേദപ്പെടുത്താനും കൂടുതല്‍ ആളുകളിലേക്ക് പടരാതെ ശ്രദ്ധിക്കാനും നമുക്ക് കഴിഞ്ഞു.

ആദ്യഘട്ടത്തിലെ കോവിഡ് 19 പ്രതിരോധത്തിന്‍റെ വിജയമായിരുന്നു അത്. എന്നാല്‍, ഫെബ്രുവരി 19ന് സംസ്ഥാനത്ത് വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്നു വന്ന ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കാണ് രോഗമുണ്ടായത്. അതിനു മുമ്പുതന്നെ നാം സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങളും നല്‍കിയിരുന്നു.  എന്നിട്ടും അഞ്ചുപേര്‍ക്ക് രോഗബാധ ഉണ്ടായത് രണ്ടാംഘട്ട വൈറസ് വ്യാപനത്തിന്‍റെ ഭീഷണിയാണ് നമുക്കുമുന്നില്‍ ഉയര്‍ത്തിയത്.

അതോടെ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി. സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും സഹയാത്രികരെയും കണ്ടെത്തി പരിശോധന നടത്തി. ശാസ്ത്രീയമായ റൂട്ട്മാപ്പ് തയ്യാറാക്കി. വിമാനത്താവളങ്ങളില്‍ പ്രാഥമിക പരിശോധന നിര്‍ബന്ധമാക്കി. വിമാനം ഇറങ്ങുന്നവരെ വീടുകളിലേക്കോ ആശുപത്രികളിലേക്കാ നിരീക്ഷണത്തില്‍ കഴിയാന്‍ അയച്ചു.

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ആള്‍ക്കൂട്ടങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും സാംസ്കാരിക രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ചു. പൊതുപരിപാടികള്‍ ആകെ റദ്ദുചെയ്യുകയും സിനിമാ തിയറ്ററുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആശാ വര്‍ക്കര്‍മാരും സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും സന്നദ്ധ സേവകരും സര്‍ക്കാര്‍ സംവിധാനങ്ങളാകെയും ഒറ്റക്കെട്ടായി രോഗപ്രതിരോധത്തിന് രംഗത്തിറങ്ങുകയാണുണ്ടായത്. ഒരു ഭേദചിന്തയുമില്ലാതെ സംവിധാനമാകെ ഒറ്റ ലക്ഷ്യത്തിനുവേണ്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന അനുഭവമാണുണ്ടായത്.

വ്യക്തിശുചികരണം, അണുമുക്തമാകാനുള്ള സാനിറ്റൈസറുകളുടെ ഉപയോഗം, ശാരീരിക അകലം പാലിക്കല്‍ തുടങ്ങിയവ കര്‍ക്കശമായി സംസ്ഥാനം നടപ്പാക്കി.  ലോക്ക്ഡൗണ്‍ രാജ്യവ്യാപകമായി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കേരളത്തില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചു. മാസ്ക്കുകളുടെ ഉപയോഗം വ്യാപകമാക്കി. കുറഞ്ഞ ചെലവില്‍ സാനിറ്റൈസറും മാസ്ക്കും ഉല്‍പാദിപ്പിച്ച് ജനങ്ങളില്‍ എത്തിക്കാന്‍ തുടങ്ങി. വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ വര്‍ധിച്ച ഇന്‍റര്‍നെറ്റ് സേവനം ഉറപ്പാക്കി.

പെട്ടെന്ന് സ്തംഭിച്ചുപോയ നാടിനെയും ജനജീവിതത്തെയും തിരികെ പിടിക്കാന്‍ 20,000 കോടി രൂപയുടെ സ്പെഷ്യല്‍ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു. വിദേശങ്ങളില്‍നിന്ന് പ്രവാസികള്‍ തിരിച്ചെത്തുവാന്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയ്ക്കെതിരെ സംസ്ഥാന നിയമസഭ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.

പഴുതടച്ചുള്ള ഇടപെടലുകളാണ് നാം നടത്തിയത്. ഇന്ത്യയിലെ രോഗികളുടെ എണ്ണത്തില്‍ ഒന്നാമതായിരുന്നു ആദ്യഘട്ടത്തില്‍ നാം. ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും നമ്മുടേതാണ്. കേരളം കോവിഡിന്‍റെ നാട് എന്നു പറഞ്ഞാണ് അയല്‍സംസ്ഥാനം റോഡ് മണ്ണിട്ടു മൂടിയത്.

ഫെബ്രുവരി ഒന്നിന് സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം 1471 ആയിരുന്നു. ആ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 36. മാര്‍ച്ച് 26 ആയപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 1,01,285. അത് ഏപ്രില്‍ നാലാകുമ്പോള്‍ 1,71,355 വരെയെത്തി. ഏപ്രില്‍ നാലിന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 174 പേരെയാണ്. അന്ന് ആശുപത്രിയില്‍ 734 പേര്‍ ഉണ്ടായിരുന്നു. ആശുപത്രികളില്‍ കിടക്കുന്നവരുടെ എണ്ണം ഏപ്രില്‍ 11ന് 814 ആയി ഉയര്‍ന്നു. ആ ദിവസം ആശുപത്രിയില്‍ എത്തിയവര്‍ 126 ആണ്.

കൈവിട്ടുപോകുമെന്നു കരുതിയ അവസ്ഥ ഒരുഘട്ടത്തിലുണ്ടായി. ഒരു രോഗി ഒറ്റയടിക്ക് രോഗം പകര്‍ന്നുനല്‍കിയത് 23 പേര്‍ക്കാണ്. ആയാളില്‍ നിന്ന് പകര്‍ന്നവരിലൂടെ 12 പേര്‍ക്കും രോഗബാധയുണ്ടായി. അത് ഒരു ലക്ഷണമായെടുത്താല്‍ ഒരുപക്ഷെ കേരളം ഭയാനകമായ അവസ്ഥയിലേക്ക് പോകുമായിരുന്നു. ഓരോ രോഗിയെയും കണ്ടെത്തുകയും അവര്‍ സഞ്ചരിച്ച വഴികളിലൂടെ ചെന്ന് പകരാന്‍ സാധ്യതയുള്ളവരെ തെരഞ്ഞുപിടിക്കുകയും ഐസൊലേഷനിലാക്കുകയും ചെയ്തു.

ഇപ്പോള്‍ നമുക്ക് ആശ്വസിക്കാനും അഭിമാനിക്കാനുമുള്ള വകയുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,71,355ല്‍നിന്ന് 46,323 ആയി കുറഞ്ഞിരിക്കുന്നു.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോക ശരാശരി 5.75 ശതമാനമാണ്. ഇന്ത്യയിലെ നില നോക്കിയാല്‍ അത് 2.83 ശതമാനം. കേരളത്തിലേത് 0.58 ശതമാനമാണ്.

ജനസംഖ്യാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 പരിശോധനാ സംവിധാനമുള്ളത് നമ്മുടെ സംസ്ഥാനത്താണ്. കോവിഡ് ടെസ്റ്റിങ് കിയോസ്ക് രാജ്യത്ത് ആദ്യം സ്ഥാപിച്ചത് ഇവിടെയാണ്. രാജ്യത്ത് പ്ലാസ്മാ തെറാപ്പി ആരംഭിക്കുന്നത് കേരളമാണ്. നമുക്കിപ്പോള്‍ 38 കോവിഡ് സ്പെഷ്യല്‍ ആശുപത്രികളുണ്ട്. കേരളമാണ് കോവിഡ് പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം.

സംസ്ഥാനത്ത് 1296 ഗവണ്‍മെന്‍റ് ആശുപത്രികളിലായി കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് 49,702 കിടക്കകള്‍ ഇപ്പോള്‍ സജ്ജമാക്കിയിട്ടുണ്ട്. ഐസിയുവില്‍ 1369 രോഗികളെ ചികിത്സിക്കാം. 800 വെന്‍റിലേറ്ററുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാണ്. ഇതിനുപുറമെ 866 സ്വകാര്യ ആശുപത്രികളിലായി 81,904 ബെഡ്ഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിലായി 6059 ഐസിയു ബെഡ്ഡുകളും 1578 വെന്‍റിലേറ്ററുകളും സജ്ജമാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഇപ്പോള്‍ തന്നെ നാം തയ്യാറാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

1205-ലധികം കമ്യൂണിറ്റി കിച്ചണുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളില്‍നിന്ന് നിരീക്ഷണത്തിലുള്ളവര്‍ക്കും ആവശ്യക്കാര്‍ക്കും സൗജന്യമായും അല്ലാതെയും ഭക്ഷണം നല്‍കുന്നു. 331 കുടുംബശ്രീ ജനകീയ ഹോട്ടലുകളിലൂടെ 20 രൂപയ്ക്ക് നാം ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു. കേരളമൊഴികെ രാജ്യത്താകെ അതിഥി തൊഴിലാളികള്‍ക്കായി 22,567 ക്യാമ്പുകളുള്ളപ്പോള്‍ കേരളത്തില്‍ മാത്രം 19,902 ക്യാമ്പുകളുണ്ട്. ഇവിടെ 3,52,515 അതിഥി തൊഴിലാളികള്‍ സുരക്ഷിതരായി താമസിക്കുന്നു. അഗതികള്‍, തെരുവില്‍ ഉറങ്ങുന്നവര്‍ എന്നിവര്‍ക്ക് നാം താമസവും ഭക്ഷണവും നല്‍കുന്നു. സര്‍ക്കാര്‍ 3685 പേരെയാണ് ഇങ്ങനെ പുനഃരധിവസിപ്പിച്ചത്.

കേരളം കോവിഡ് പ്രതിരോധത്തിനായി 300ലധികം ഡോക്ടര്‍മാരെയും 400ലേറെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും യുദ്ധകാലാടിസ്ഥാനത്തില്‍ നിയമിച്ചു. എപിഎല്‍/ബിപിഎല്‍ വ്യത്യാസമില്ലാതെ സൗജന്യ റേഷന്‍ കൊടുത്തു. സൗജന്യ കിറ്റുകള്‍ വിതരണം നടന്നുവരുന്നു. നമ്മുടെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ വലിയ സ്വീകാര്യത നേടി. കാന്‍സര്‍ രോഗികള്‍ക്ക് മരുന്നും ചികിത്സയും മുടങ്ങാതിരിക്കാന്‍ ചികിത്സാ സൗകര്യം ജില്ലാതലത്തില്‍ കേരളം ഏര്‍പ്പെടുത്തി.

കേരളത്തിന്‍റെ ചികിത്സാ സംവിധാനങ്ങളുടെ മേډയും കരുത്തും ഇവിടെനിന്ന് കോവിഡ് രോഗം ഭേദപ്പെട്ട് തിരിച്ചുപോയ എട്ട് വിദേശികള്‍ മറയില്ലാതെ പറഞ്ഞിട്ടുണ്ട്. 93ഉം 88ഉം വയസ്സായ വൈറസ് ബാധിതരെ ചികിത്സിച്ച് ഭേദപ്പെടുത്തി പൂര്‍ണ ആരോഗ്യവാډാരായി തിരിച്ച് വീട്ടിലെത്തിക്കാന്‍ നമുക്ക് കഴിഞ്ഞു.

ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കും ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കും നമുക്ക് സാധ്യമായത് ഏതെങ്കിലും ഇന്ദ്രജാലം കൊണ്ടല്ല. നമ്മുടെയെല്ലാം കൂട്ടായ പ്രയത്നത്തിന്‍റെ ഫലമായാണ്. ഐക്യത്തിന്‍റെയും ഒരുമയുടെയും ഫലമാണ്. അതുകൊണ്ടാണ് ലോകവ്യാപകമായി കേരളം അഭിനന്ദിക്കപ്പെടുന്നത്. ലോകപ്രശസ്തരായ മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും മുഖപ്രസംഗമെഴുതിയും ഫീച്ചറുകള്‍ എഴുതിയും കേരളത്തിന്‍റെ മാതൃകയെക്കുറിച്ച് പറയുന്നത് ഈ അനുഭവം കൊണ്ടാണ്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെ സംസ്ഥാനത്തിന് നല്‍കിയ പ്രശംസ സ്വന്തം ജീവന്‍ പണയംവെച്ച് രോഗപ്രതിരോധ രംഗത്തുള്ള ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ളതാണ്. ഐസി യൂണിറ്റിലെ രാപ്പകല്‍ പരിചരിക്കുന്നവരും ഭക്ഷ്യവസ്തുക്കള്‍ ലോറിയില്‍ കയറ്റുന്നവരും ശുചീകരണ തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും മന്ത്രിയും മുഖ്യമന്ത്രിയും എല്ലാമടങ്ങുന്ന കേരളത്തിന്‍റെ സേനയാണ് ഈ യുദ്ധമുഖത്തുള്ളത്.

ഏതു പ്രതിസന്ധിയും മറികടക്കാന്‍ നമുക്ക് മറ്റൊന്നും തടസ്സമല്ല എന്നാണ് തെളിയിക്കപ്പെട്ടത്. അതിന്‍റെ ഫലമാണ് ഇപ്പോള്‍ നമുക്ക് ശ്വാസംവിടാമല്ലോ എന്ന തോന്നലിലേക്ക് നമ്മളെ എത്തിച്ചത്. എന്നാല്‍, ഇത് ശ്വാസംവിടാനുള്ള സമയമല്ല എന്നതും ഇതോടൊപ്പം നാം തിരിച്ചറിയണം.

പ്രവാസികളുടെ പ്രശ്നം

കോവിഡ് 19 വ്യാപനം നമ്മുടെ പ്രവാസി സഹോദരങ്ങളെ വലിയ ആശങ്കയിലും വിഷമത്തിലുമാക്കിയിരിക്കുന്നു. അവരുടെ നാട്ടിലെ കുടുംബാംഗങ്ങളും ആശങ്കാകുലരാണ്. പ്രവാസികളില്‍ വലിയ പങ്ക് ഗള്‍ഫ് നാടുകളിലാണ്; ഏകദേശം 20 ലക്ഷം പേര്‍. രോഗബാധയുണ്ടായി മലയാളി സഹോദരങ്ങള്‍ മരണപ്പെടുന്ന സ്ഥിതി കൂടിവന്നതോടെ ആശങ്ക വര്‍ധിക്കുന്നത് സ്വാഭാവികമാണ്.

ഗള്‍ഫില്‍ ജീവിക്കുന്ന മലയാളികളില്‍ ബഹുഭൂരിഭാഗവും ചെറിയ വരുമാനക്കാരും പരിമിതമായ സൗകര്യങ്ങളില്‍ കഴിഞ്ഞുവരുന്നവരുമാണ്. മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ കൂടുതല്‍ പ്രയാസപ്പെടുന്നത് ഇത്തരക്കാരായിരിക്കും. ഇന്ത്യന്‍ എംബസികളുമായും മലയാളികളുടെ സംഘടനകളുമായും ബന്ധപ്പെട്ട് ഇവര്‍ക്ക് പരമാവധി സഹായവും പിന്തുണയും ലഭ്യമാക്കാന്‍ നോര്‍ക്കയിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

വിവിധ കാരങ്ങളാല്‍ എത്രയും പെട്ടെന്ന് നാട്ടില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളമുണ്ട്. സന്ദര്‍ശക വിസയില്‍ പോയി അവിടെ കുടുങ്ങിപ്പോയവര്‍ക്കും എത്രയും പെട്ടെന്ന് തിരിച്ചെത്തണം. പലരും മക്കളെ കാണാന്‍ പോയവരാണ്. മറ്റു ചിലര്‍ ബിസിനസ് ആവശ്യങ്ങള്‍ക്കോ അക്കാദമിക് ആവശ്യങ്ങള്‍ക്കോ ചുരുങ്ങിയ കാലത്തെ വിസയില്‍ പോയവരാണ്. അതുകൊണ്ടാണ് അടിയന്തരമായി തിരിച്ചുവരേണ്ടവരെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കണമെന്ന് സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്.

ഇവര്‍ക്ക് തിരിച്ചുവരാനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അവര്‍ ഇവിടെ എത്തുമ്പോഴുള്ള മുഴുവന്‍ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മുഴുവന്‍ പേരെയും പരിശോധിക്കാനും വിമാനത്താവളത്തിന് സമീപം തന്നെ ക്വാറന്‍റൈന്‍ ചെയ്യാനും രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനുമാണ് തയ്യാറാകുക. ഇതിനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. രണ്ടുലക്ഷത്തിലേറെ പേരെ ക്വാറന്‍റൈന്‍ ചെയ്യാനുള്ള സംവിധാനം ഇപ്പോള്‍ തന്നെ നാം ഒരുക്കുകയാണ്. അതിലേറെ ആളുകള്‍ വന്നാല്‍ സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള പദ്ധതിയും നമുക്കുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കുകയാണെങ്കില്‍ വിസിറ്റിങ് വിസയില്‍ പോയവര്‍ക്കും പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും കോവിഡ് അല്ലാത്ത മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ക്കും മുന്‍ഗണന നല്‍കേണ്ടിവരും. ഇവര്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ ക്വാറന്‍റൈന്‍ മുതല്‍ വീട്ടില്‍ എത്തിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും ചെയ്യേണ്ടതായിട്ടുമുണ്ട്.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതുവരെ പ്രവാസികള്‍ അതതു നാട്ടില്‍ അതത് സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് കഴിയണമെന്ന അഭ്യര്‍ത്ഥനയാണുള്ളത്. ഈ ഘട്ടത്തില്‍ നമ്മുടെ പ്രവാസി സംഘടനകള്‍ അവര്‍ക്ക് കാര്യമായ പിന്തുണയും സഹായവും ഉറപ്പാക്കണം. നോര്‍ക്ക എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ച് സഹായം നല്‍കുന്നുണ്ട്.

കേരളത്തിനു പുറത്തുനിന്ന് കോവിഡ് ബാധയുടെ അസുഖകരമായ വാര്‍ത്തകള്‍ അനുദിനം വരുന്നുണ്ട്. അത് വിദേശ രാജ്യങ്ങളില്‍നിന്നുണ്ട്, രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍നിന്നുമുണ്ട്. ഡെല്‍ഹിയിലും മുംബൈയിലും മറ്റും മലയാളി നഴ്സുമാര്‍ കൂട്ടത്തോടെ രോഗം ബാധിച്ച് വിഷമിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ രോഗബാധ അനിയന്ത്രിതമായി മാറുന്നു. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഘട്ടം വന്നാല്‍ പ്രവാസി മലയാളികളില്‍ പലരും ഇങ്ങോട്ടെത്തും. യാത്രാസംവിധാനങ്ങള്‍ ആരംഭിച്ചാല്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ആളുകള്‍ വരും. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ദിവസങ്ങള്‍ നമുക്ക് വിശ്രമിക്കാനുള്ളതല്ല. ഓരോ നിമിഷവും അതീവ ജാഗ്രതയോടെ നില്‍ക്കാനുള്ളതാണ്. ഒരു നേരിയ അശ്രദ്ധപോലും അപകടത്തിലേക്ക് നയിക്കും.

കാസര്‍കോട് ജില്ല ഒരു ഘട്ടത്തില്‍ എങ്ങനെയായിരുന്നു എന്നത് ഓര്‍ക്കണം. രണ്ടുമാസത്തിലേറെയായി കോവിഡിനെതിരെ പടപൊരുതുന്ന ആ ജില്ല  ഇപ്പോള്‍  ആശ്വാസത്തിന്‍റെ വക്കിലാണ്. അവിടെ രോഗം സ്ഥിരീകരിച്ച 169 പേരില്‍ 142 പേര്‍ രോഗമുക്തരായി. ഇപ്പോള്‍ ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല.

മാര്‍ച്ച് 21 മുതല്‍ ജില്ല മുഴുവനായും അടച്ചിട്ടു. എന്നാല്‍ അതിനു മുമ്പുതന്നെ അവിടെ നിയന്ത്രണങ്ങള്‍ നടപ്പാക്കി. 144 പ്രഖ്യാപിച്ചു. കര്‍ക്കശമായ നിയന്ത്രണങ്ങള്‍, പരിശോധന, ചികിത്സാ സംവിധാനം – ഇങ്ങനെയുള്ള വിവിധ നടപടികള്‍ സ്വീകരിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് കാസര്‍കോടിന് രാജ്യം അംഗീകരിക്കുന്ന മാതൃകയായി മാറാന്‍ കഴിഞ്ഞത്. കാസര്‍കോട് ഇപ്പോള്‍ 4754 പേര്‍ നിരീക്ഷണത്തിലാണുള്ളത്. ഇന്ന് ആറുപേരെയാണ് നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27 പേരാണ് വൈറസ് ബാധയേറ്റ് ചികിത്സയിലുള്ള കാസര്‍കോട് ജില്ലക്കാര്‍. ഈ സംഖ്യ ഇത്രയും കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് വലിയ വിജയം തന്നെയാണ്. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ജനങ്ങളും ഇക്കാര്യത്തില്‍ നല്ല രീതിയില്‍ സഹകരച്ചു. വലിയ തോതില്‍ പ്രയാസങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ടെന്ന് അറിയാം. അതെല്ലാം നാടിന്‍റെ പൊതുവായ നډയ്ക്കുവേണ്ടിയായിരുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈ നില കൈവരിക്കാന്‍ കഴിഞ്ഞതില്‍ ആശ്വസിച്ചുകൊണ്ടും തുടര്‍ന്ന് ഈ അനുഭവത്തില്‍ ജാഗ്രതയും കരുതലും കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നാണ് കാസര്‍കോടുകാരോട് പ്രത്യേകമായി അഭ്യര്‍ത്ഥിക്കാനുള്ളത്.

കണ്ണൂര്‍ ജില്ലയിലെ 54 പേര്‍ക്ക് ഇപ്പോള്‍ രോഗബാധയുണ്ട്. അവിടെയും കടുത്ത നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ പോവുകയാണ്.

ഇത്രയും ഇവിടെ ഞാന്‍ വിശദീകരിച്ചത് നാം ഇപ്പോള്‍ വളരെ സുരക്ഷിതമായ അവസ്ഥയിലാണ് എന്ന് ചിലരൊക്കെ ധരിച്ചതുകൊണ്ടാണ്. അങ്ങനെയല്ല അവസ്ഥ. നാമിപ്പോഴും നിതാന്ത ജാഗ്രതയും കണ്ണിമയ്ക്കാത്ത ശ്രദ്ധയും വേണ്ട സമയത്തിലൂടെ തന്നെയാണ് കടന്നുപോകുന്നത്.

ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വാഹനങ്ങള്‍ ക്രമാതീതമായി നിരത്തുകളിലെത്തിയിട്ടുണ്ട്. വല്ലാതെ തിരക്കുണ്ടായതായി പല കേന്ദ്രങ്ങളില്‍നിന്നും റിപ്പോര്‍ട്ട് വന്നു. ഇക്കാര്യത്തില്‍ കാര്‍ക്കശ്യം വേണ്ടിടത്ത് കാണിക്കാന്‍ തന്നെയാണ് തീരുമാനം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേരളം ഇളവ് വരുത്തി എന്ന വാദമുണ്ടായി. നാം പൊതുവില്‍ കാര്യങ്ങള്‍ വിലയിരുത്തിയാണ് നിയന്ത്രണങ്ങള്‍ തുടരുക. സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ല. പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷന്‍ തല്‍ക്കാലം ഉണ്ടാകില്ല. വ്യവസായ മാനേജ്മെന്‍റുകള്‍ക്ക് ആവശ്യത്തിന് ജോലിക്കാരെ എത്തിക്കാന്‍ സുരക്ഷാ മാനദണ്ഡം പാലിച്ച് പ്രത്യേക ബസുകള്‍ അനുവദിക്കാന്‍ പറഞ്ഞ കാര്യം തെറ്റിദ്ധരിക്കപ്പെട്ടതാണ്.

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ അടുത്ത് താമസിക്കുന്നവര്‍ക്ക് സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്നുണ്ട്. അത് അടുത്ത ജില്ലയില്‍ നിന്നായാലും അനുവദിക്കേണ്ടിവരും.

കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ നിലവില്‍ അനുമതി നല്‍കിയിട്ടുണ്ട്.

റെഡ്സോണ്‍ ജില്ലകളിലും എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് ബാങ്കുകള്‍ ഇത്തരവിട്ടതായി വന്ന വാര്‍ത്ത പരിശോധിക്കും. ആവശ്യമായ ജീവനക്കാര്‍ മാത്രം മതി എന്ന രീതിയില്‍ ക്രമീകരിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടും.

ലോക്ക്ഡൗണിനിടയില്‍ പൊന്നാനി ഹാര്‍ബറില്‍ ഒരു മാസമായി മൂന്നു തൊഴിലാളികള്‍ ബോട്ടില്‍ കുടുങ്ങിക്കിടക്കുന്ന സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകും. ബോട്ടില്‍ കഴിയുന്ന നില ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണിനെ തുടര്‍ന്ന്  ഭിന്നശേഷിക്കാരായ 50 ഓളം കുട്ടികളും അവരുടെ കുടുംബവും മൈസുരുവില്‍ കുടുങ്ങി കിടക്കുന്നുണ്ട്. സ്പീച്ച് ആന്‍ഡ് ഹിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടര്‍ ചികിത്സയ്ക്ക് എത്തിയതാണിവര്‍. അവരുടെ കാര്യം പ്രത്യേകം പരിഗണിക്കും.

ദില്ലിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടുടമകളുടെ ഭീഷണിയെന്ന വാര്‍ത്ത ഗൗരവമായെടുക്കുന്നു. ഇക്കാര്യത്തില്‍ ഡെല്‍ഹി സര്‍ക്കാരുമായി സംസാരിച്ച് പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കും.

മെഡിക്കല്‍ സ്റ്റോറുകളില്‍ ഇന്‍സുലിന്‍ ലഭ്യമാക്കാന്‍ നടപടി എടുക്കും.

നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ എക്കല്‍ നീക്കാന്‍ ഉടന്‍ നടപടിക്ക് നിര്‍ദേശം നല്‍കി. മഴ വന്നാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാനാണിത്.

സ്റ്റാമ്പ് വെണ്ടര്‍മാരുടെ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം ഇളവു നല്‍കും.

ഡെല്‍ഹിയിലും മറ്റും സേവനം അനുഷ്ഠിക്കുന്ന നഴ്സുമാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ സൂചിപ്പിച്ചിരുന്നു. ഡെല്‍ഹി കേരള ഹൗസില്‍ ഇതിനായി ഹെല്‍പ്പ്ലൈന്‍ ആരംഭിച്ചു. നഴ്സുമാര്‍ക്ക് ഓഡിയോ-വീഡിയോ കോളിലൂടെ കൗണ്‍സിലര്‍മാരോട് സംസാരിക്കാം. 35 കൗണ്‍സിലര്‍മാരുടെ സേവനം രാവിലെ പത്തുമുതല്‍ 5 മണി വരെ ലഭ്യമാക്കും.

രക്തദാനത്തിന് എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. രക്തദാന ക്യാമ്പുകള്‍ നടത്താന്‍ പറ്റുന്നുമില്ല. എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാരെയും രക്തദാനത്തിന് ഉപയോഗപ്പെടുത്തും. ബ്ലഡ് ബാങ്കുകളില്‍ ആവശ്യത്തിന് രക്തമെത്താനുള്ള നടപടിയുണ്ടാവും.

സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും കോളനികളില്‍ പ്രശ്നങ്ങളുണ്ടോ എന്ന് പ്രത്യേക പരിശോധന നടത്തും.

കേരളത്തിനു പുറത്തുനിന്ന് ഇവിടേക്ക് കടന്നുവരാനുള്ള റോഡുകള്‍ അടച്ചിട്ടാണുള്ളത്. എന്നാല്‍, മറ്റു പല വഴികളും ഉണ്ടാകാം. അത്തരം വഴികള്‍ വാട്സാപ്പിലൂടെയും മറ്റും കൈമാറി ആളുകള്‍ വരുന്നുണ്ട് എന്ന വിവരമുണ്ട്. കഴിഞ്ഞദിവസം അങ്ങനെ നാലുപേര്‍ എത്തി. ഇത്തരം കാട്ടുപാതകളും ഇടവഴികളും മറ്റും പരിശോധിച്ച് ആളുകളുടെ സംസ്ഥാനാന്തര യാത്ര തടയാനുള്ള സംവിധാനമുണ്ടാക്കും. പരിശോധനകളില്ലാതെ ഇങ്ങനെ ആരു വരുന്നതും അപകടകരമാണ്.

വാഹനപരിശോധന ശക്തമായി തുടരാനാണ് തീരുമാനം. പ്രത്യേകിച്ച് ഹോട്ട്സ്പോട്ടുകളില്‍.

ഈ ഘട്ടത്തില്‍ ചരക്കുഗതാഗതം പ്രധാനമാണ്. അത് തസ്സപ്പെടുത്തുന്ന ഒരു ഇടപെടലും അനുവദിക്കില്ല. കയറ്റിറക്കം സംബന്ധിച്ച തര്‍ക്കങ്ങളും ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ല എന്ന് ആവര്‍ത്തിച്ചു പറയുകയാണ്. ഇത് കര്‍ക്കശമായി പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടുണ്ട്. അതിന് എല്ലാവരേയും അഭിനന്ദിക്കുന്നതോടൊപ്പം തുടര്‍ന്നും അതേ നില സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മത്സ്യലേലം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് നിറം നല്‍കാന്‍ ചില ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. അപകടകരമായ അത്തരം രീതികള്‍ മുളയിലേ നുള്ളിക്കളയുന്ന രീതിയില്‍ ഇടപെടാനാകണം. സംസ്ഥാനത്താകെമത്സ്യലേലം സംബന്ധിച്ച് എടുത്ത പൊതു നിലപാടില്‍ നില്‍ക്കാന്‍ എല്ലാവരും സന്നദ്ധരാവണം.

ബാര്‍ബര്‍ ഷോപ്പുകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നതിന് ഉദ്ദേശിച്ചിരുന്നു. വ്യത്യസ്ത അഭിപ്രായം വന്നതിനാല്‍ വിശദമായ പരിശോധന ആവശ്യമാണ്. അതുകൊണ്ട് ഇനിയൊരു അറിയിപ്പു വരെ സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ല.

കോവിഡ്-19ന്‍റെ ഭീഷണി പെട്ടെന്ന് ഒഴിഞ്ഞുപോകുമെന്ന് നമുക്ക് കരുതാനാവില്ല. അതിനാല്‍ രോഗപ്രതിരോധത്തിനാവശ്യമായ പുതിയ ശീലങ്ങള്‍ നാം വളര്‍ത്തിയെടുക്കണം. അത് കുട്ടികളില്‍നിന്നു തന്നെ ആരംഭിക്കണം. ബാര്‍ബര്‍ ഷോപ്പില്‍ ഇന്നത്തെപ്പോലെ ഒരേ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും ഒരേ ടൗവ്വല്‍ പലര്‍ക്കായി ഉപയോഗിക്കുന്നതും ആരോഗ്യകരമായ ശീലമല്ല. പുതിയ സാഹചര്യത്തില്‍ ഇതെല്ലാം നാം മാറ്റിയെടുക്കേണ്ടതുണ്ട്.

കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെയും ഇതിന് പ്രയോജനപ്പെടുത്തുന്നു.

പ്ലാസ്മാ തെറാപ്പിയുടെ ട്രയല്‍ തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഐസിഎംആറിന്‍റെയും ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെയും അനുമതിക്ക് കാത്തിരിക്കുകയാണ്. രോഗവിമുക്തി നേടിയവരുടെ രക്തത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മയില്‍ വൈറസിനെതിരെയുള്ള പ്രതിപദാര്‍ത്ഥങ്ങള്‍ (ആന്‍റിബോഡി) ഉണ്ടാകും. ഇതു നല്‍കി ചികിത്സ നടത്തുന്നത് രോഗം സുഖപ്പെടുത്താന്‍ സഹായകമാകും എന്ന ശാസ്ത്രീയ നിഗമനമാണ് പ്ലാസ്മാ തെറാപ്പിയുടെ അടിസ്ഥാനം.

സംസ്ഥാനത്തിന് പിപിഇ കിറ്റുകളും റാപ്പിഡ് ടെസ്റ്റ് കിറ്റും (ആന്‍റിബോഡി) എന്‍-95 മാസ്ക്കും അടക്കം കേന്ദ്ര സര്‍ക്കാരില്‍നിന്ന് കിട്ടിയിട്ടുണ്ട്.

ബൈക്കപകടത്തില്‍ വര്‍ക്കല ഒറ്റൂരില്‍ മാതൃകാ കര്‍ഷകനും കാര്‍ഷിക മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന എസ്. ശ്രീകുമാറിന് മസ്തിഷ്ക മരണം സംഭവിച്ചു. അദ്ദേഹത്തിന്‍റെ അവയവങ്ങള്‍ ദാനം ചെയ്തു. ഈ ദുരന്തകാലത്തും മൃതസഞ്ജീവനി വഴി അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന്‍റെ മഹാമനസ്കതയെ അംഗീകരിക്കുകയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അംഗത്വം

ഇന്ന് നിങ്ങളുമായി പങ്കിടാനുള്ള ഒരു സന്തോഷവാര്‍ത്ത നമ്മുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്കില്‍ അംഗത്വം ലഭിച്ചു എന്നതാണ്. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ലോക വൈറോളജി നെറ്റ്വര്‍ക്കില്‍ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ്. ഇതുവഴി ലോക നെറ്റ്വര്‍ക്കിന്‍റെ 29 രാജ്യങ്ങളിലെ 45 കേന്ദ്രങ്ങളിലുള്ള ഗവേഷകരുമായി രോഗനിര്‍ണയം, ഗവേഷണം തുടങ്ങിയ കാര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ കേരളത്തിന് അവസരം ലഭിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം