സമരച്ചൂടില്‍ ഫ്രാന്‍സ്; കത്തിപ്പടര്‍ന്ന് മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം

Loading...


പാരീസ് :  
ഫ്രാന്‍സില്‍ വീണ്ടും ആരംഭിച്ച മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം കത്തിപ്പടരുന്നു. തെരുവുകളില്‍ ഇറങ്ങിയ ജനങ്ങളെ കണ്ണീര്‍വാതകവും ജലപീരങ്കിയുമപയോഗിച്ചാണ് പൊലീസ് നേരിടുന്നത്. മുന്നൂറോളം പേര്‍ അറസ്റ്റിലാകുകയും ഇരുന്നൂറിലേറെപ്പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ ഒന്‍പതാമത്തെ ആഴ്ച്ചയാണ് മഞ്ഞക്കുപ്പായക്കാര്‍ സമരത്തിനിറങ്ങുന്നത്.

പാരീസിനു പുറമെ മറ്റ് നഗരങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. ഈ ആഴ്ച്ച സമരക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം പ്രക്ഷോഭകരുടെ വക്താവായ എറിക്  ഡ്രൗട്ടിനെ അറസ്റ്റ് ചെയ്‌തത് അണികളെ പ്രകോപിതരാക്കി. അടുത്തിടെ നടന്ന ജനഹിത പരിശോധനയില്‍ 55 ശതമാനം ജനങ്ങള്‍ മഞ്ഞക്കുപ്പായക്കാരുടെ സമരത്തെ പിന്തുണയ്‌‌ക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു.

ഇന്ധനവില കുത്തനെ കൂട്ടിയതിനെതിരെയുള്ള മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭമാണിപ്പോള്‍ ഫ്രാന്‍സിനെ വിറപ്പിക്കുന്നത്. ഈ വര്‍ഷംമാത്രം 14 ശതമാനമാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന് (കാര്‍ബണ്‍ ടാക്‌സ്) എന്നുപറഞ്ഞാണ് ഏറ്റവും അവസാനമായി ഇന്ധനവില വര്‍ധിപ്പിച്ചത്.

ശരാശരി ഫ്രഞ്ചുകാരന് ഒരുമാസത്തില്‍ കിട്ടുന്ന വേതനം 1200 യൂറോയാണ്. ഇതില്‍ 200 മുതല്‍ 300 യൂറോവരെ ഗതാഗതത്തിനായി ചെലവഴിക്കേണ്ടിവരുന്നു. ബാക്കി തുക കൊണ്ട് ജീവിതം അസാധ്യമായപ്പോഴാണ് ഫ്രാന്‍സിലെ ജനങ്ങള്‍ സ്വയമേവ പ്രക്ഷോഭരംഗത്തേക്ക് എടുത്തുചാടിയത്.

Loading...