മൂന്ന് ദിനം കൊണ്ട് വേലി ചാടി ടോം വടക്കൻ: അമ്പരപ്പ് മാറാത കോണ്‍ഗ്രസ് നേതൃത്വം

Loading...

ദില്ലി: ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അര്‍ജ്ജുന്‍ സിംഗ് ബിജെപിയില്‍ ചേരുന്ന ചടങ്ങ്  റിപ്പോര്‍ട്ട് ചെയ്യുന്നതിനായാണ് ദേശീയമാധ്യമങ്ങളടക്കമുള്ളവര്‍ ദില്ലിയിലെ ബിജെപി ആസ്ഥാനത്തെ പ്രസ് കോൺഫറസ് ഹാളിൽ വ്യാഴാഴ്ച്ച ഉച്ചയോടെ എത്തിയത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് അര്‍ജ്ജുന്‍സിംഗിനെ സ്വാ​ഗതം ചെയ്യാനായി വേദിയിലുണ്ടായിരുന്നത്. അർജ്ജുൻ സിം​ഗിനെ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്തു സംസാരിച്ച രവിശങ്കർ പ്രസാദ് ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് ഒരു ട്രെയിലര്‍ മാത്രമാണെന്നും യഥാര്‍ത്ഥ സിനിമ വരാനിരിക്കുന്നതേയുള്ളൂ എന്നും മാധ്യമങ്ങളോട് പറഞ്ഞു.

ഭാവിയില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ നേതാക്കളെ കൊണ്ടു വരുന്നതിനെപ്പറ്റിയാവാം ബിജെപി നേതാവ് പറഞ്ഞതെന്നാണ് സ്വാഭാവികമായും മാധ്യമങ്ങള്‍ കരുതിയത്. എന്നാല്‍ അര്‍ജ്ജുന്‍ സിംഗിനെ ബിജെപിയിലേക്ക് സ്വീകരിച്ച ശേഷം പിരിഞ്ഞു പോവാന്‍ നിന്ന മാധ്യമങ്ങളോട് പരിപാടി കഴിഞ്ഞില്ലെന്നും ഒരാള്‍ കൂടി ഇപ്പോള്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇതിനു പിന്നാലെയാണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് എഐസിസിസി വക്താവ് ടോം വടക്കന്‍ വേദിയിലേക്ക് കടന്നു വന്നത്.

ടോം വടക്കന്‍ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്നും ചാടിപ്പോയ വിവരം കോണ്‍ഗ്രസുകാര്‍ പോലും അറിയുന്നത് അദ്ദേഹം രവിശങ്കര്‍ പ്രസാദില്‍ നിന്നും അംഗത്വം സ്വീകരിക്കുന്നതിന്‍റെ തത്സമയദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ മാത്രമാണ്. പാര്‍ട്ടി നേതൃത്വത്തോടോ പാര്‍ട്ടി നയങ്ങളോടെ എന്തെങ്കിലും എതിര്‍പ്പോ അനിഷ്ടമോ അദ്ദേഹത്തിന് ഉള്ളതായി ദില്ലിയിലെ നേതാക്കള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ സൂചന ഇല്ലായിരുന്നു. എഐസിസി വക്താവ് എന്ന നിലയില്‍ മൂന്ന് ദിവസം മുന്‍പ് വരെ അദ്ദേഹം കോണ്‍ഗ്രസിനെ പ്രതിരോധിച്ചും ബിജെപിയെ ആക്രമിച്ചും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തതാണ്. അങ്ങനെയൊരു നേതാവാണ് എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് പൊടുന്നനെ മറുകണ്ടം ചാടിയത്.

​ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ…

മലയാളിയാണെങ്കിലും ദില്ലിയാണ് ടോം വടക്കന്റെ പ്രവർത്തനമണ്ഡലം.കേരളത്തിലെ അണികൾക്ക് അപരിചതനെങ്കിലും ദില്ലിയിൽ ഹൈക്കമാൻഡിൽ നിർണായക സ്വാധീനമാണ് വടക്കനുള്ളത്. യുപിഎ അധ്യക്ഷ സോണിയാ ​ഗാന്ധിയുമായി അടുത്ത ബന്ധം അ​ദ്ദേഹത്തിനുണ്ടായിരുന്നു. 2004,2009,2014 വർഷങ്ങളിൽ കേരളത്തിൽ ഒരു ലോക്സഭാ സീറ്റോ രാജ്യസഭാ സീറ്റോ തരപ്പെടുത്താൻ ശക്തമായ നീക്കങ്ങൾ ടോം വടക്കൻ നടത്തിയിരുന്നു. 2009-ൽ തൃശ്ശൂരിലോ ചാലക്കുടിയിലോ ടോം വടക്കന് സീറ്റ് നൽകാൻ ഹൈക്കമാൻഡിൽ ധാരണയാവുകയും ചെയ്തതാണ്.

എന്നാൽ കേരളത്തിൽ നിന്നുള്ള നേതാക്കളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ആ നീക്കം പാളി. 2009-ലാണ് ആദ്യമായി ശശി തരൂർ തിരുവനന്തപുരത്ത് നിന്നും മത്സരിച്ചത്. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിം​ഗിന്റെ ശക്തമായ പിന്തുണയോടെയാണ് ശശി തരൂർ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായി മാറുന്നത്. പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെട്ടതോടെ തിരുവനന്തപുരം ഡിസിസിയുടേയും കെപിസിസിയുടേയും അതൃപ്തി അവ​ഗണിച്ചും ഹൈക്കമാൻഡ് തരൂരിനെ മത്സരിപ്പിച്ചു.

എന്നാൽ അതോടെ തരൂരിനൊപ്പം മറ്റൊരാളെ കൂടി കേരളത്തിൽ ഇറക്കാനുള്ള ധൈര്യം ഹൈക്കമാൻഡിന് ഇല്ലാതെയായി. ദില്ലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പിസി ചാക്കോയും ഈ ഘട്ടത്തിൽ തൃശ്ശൂരിന് വേണ്ടി രം​ഗത്തു വന്നിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന എഐസിസി സമ്മേളനത്തിൽ ദില്ലിയിൽ നിന്നും സ്ഥാനാർത്ഥികളെ കെട്ടിയിറക്കിയാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേരളത്തിലെ നേതാക്കൾ തുറന്നടിച്ചു. ടോം വടക്കനടക്കമുള്ളവരെ ലക്ഷ്യമിട്ട് തന്നെയായിരുന്നു കേരളനേതാക്കളുടെ ഈ നീക്കം. അത് ഫലം കണ്ടു. ടോം വടക്കന് സീറ്റ് കിട്ടിയില്ല. ചാലക്കുടിയിൽ കെപി ധനപാലനും തൃശ്ശൂർ പിസി ചാക്കോയ്ക്കും അന്ന് നറുക്കുവീണു.

പിന്നെയൊരിക്കലും ടോം വടക്കനെ ഒരു ലോക്സഭാ സീറ്റിലേക്കോ രാജ്യസഭാ സീറ്റിലേക്കോ പാർട്ടി സജീവമായി പരി​ഗണിച്ചിട്ടില്ല. 2013-ൽ കോൺ​ഗ്രസ് ഉപാധ്യക്ഷനായി രാഹുൽ വന്നതോടെ ടോം വടക്കന് ഹൈക്കമാൻഡിലുള്ള പിടി അയഞ്ഞു. 2017-ൽ രാഹുൽ പാർട്ടി അധ്യക്ഷനാവുകയും സോണിയ അണിയറയിലേക്ക് മാറുകയും ചെയ്തതോടെ എഐസിസി വക്താവ് മാത്രമായി ടോം വടക്കന്റെ രാഷ്ട്രീയ സ്വാധീനവും ഒതുങ്ങി.

എങ്കിലും ഈ കാലത്തും അദ്ദേഹം മലയാളമാധ്യമങ്ങളിലടക്കം കോൺ​ഗ്രസിന്റെ ശബ്ദമായി എത്തി. ദേശീയ വിഷയങ്ങളിൽ പാർട്ടിയുടെ നയങ്ങളും നിലപാടുകളും വിശദീകരിക്കാൻ വടക്കൻ സജീവമായി യത്നിച്ചു. മൂന്ന് ദിവസം മുൻപ് വരെ ടോം വടക്കാൻ സജീവമായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുകയും വിവിധ മാധ്യമങ്ങളിൽ കോൺ​ഗ്രസ് വക്താവായി പാർട്ടി നിലപാടുകൾ വിശദീകരിക്കുകയും ചെയ്തിരുന്നു.

ഇക്കുറിയും തൃശ്ശൂരിലൊരു സീറ്റൊപ്പിക്കാൻ ടോം വടക്കൻ നീക്കം നടത്തിയിരുന്നുവെന്നാണ് അറിയുന്നത്. എന്നാൽ മുളയിലെ തന്നെ ഈ നീക്കം ഹൈക്കമാൻഡ് തള്ളി. സ്ഥാനാർത്ഥികളെ കെപിസിസി നിശ്ചയിക്കട്ടെ എന്ന നിലപാടാണ് രാഹുൽ സ്വീകരിച്ചത്. വീണ്ടും അവ​ഗണിക്കപ്പെട്ടതോടെ ടോം വടക്കനുണ്ടായ അതൃപ്തി ബിജെപി തിരിച്ചറിഞ്ഞു നടത്തിയ നീക്കങ്ങളാവാം ഇപ്പോഴത്തെ സംഭവവികാസങ്ങളിലേക്ക് നയിച്ചത് എന്നാണ് സൂചന.

തൃശ്ശൂരിൽ മത്സരിക്കുക എന്നത് അദ്ദേഹത്തിന്റെ ദീർഘകാലമായുള്ള മോഹമാണ്. ഹൈക്കമാൻഡ് ഇനിയൊരവസരം ടോം വടക്കന് നൽകിയിരുന്നുവെങ്കിൽ പോലും അദ്ദേഹത്തെ തൃശ്ശൂരിലെ കോൺ​ഗ്രസുകാർ കാലുവാരുമെന്നുറപ്പാണ്. ഏതൊക്കെ കാലത്ത് ടോം വടക്കന്റെ പേര് സ്ഥാനാർഥിയായി കേട്ടിട്ടുണ്ടോ ആ സമയത്തൊക്കെ ദില്ലിയിൽ നിന്നും സ്ഥാനാർത്ഥികളെ കെട്ടിയിറക്കുന്നതിനെതിരെ തൃശ്ശൂരിലെ ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.

എ-ഐ ​ഗ്രൂപ്പ് സംവിധാനം സജീവമായ തൃശ്ശൂരിൽ രണ്ട് കൂട്ടരും അം​ഗീകരിക്കാത്ത ഒരാൾക്ക് സ്ഥാനാർത്ഥിയാവുക എന്നത് അസാധ്യമാണ്. മാത്രമല്ല സാമുദായിക സമവാക്യങ്ങളും ഇവിടെ പ്രസക്തമാണ്. തൃശ്ശൂരിലും ചാലക്കുടിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുപ്പോൾ ഇക്കാര്യം  എല്ലാക്കാലത്തും പരി​ഗണയിൽ എടുത്തിട്ടുണ്ട്. തൃശ്ശൂരിൽ ഹൈന്ദവസമുദായത്തിൽ നിന്നാണെങ്കിൽ ചാലക്കുടിയിൽ ക്രൈസ്തവ സമുദായത്തിലെ ഒരാളെയാവും സ്ഥാനാർത്ഥിയാക്കുക. അല്ലെങ്കിൽ നേരെ തിരിച്ചും. ഇതെല്ലാം അവ​ഗണിച്ചു കൊണ്ടൊരാളെ അവിടെ കെട്ടിയിറക്കുക തിരിച്ചടിയാവും. 2014-ൽ ഇക്കാര്യം കോൺ​ഗ്രസിന് ബോധ്യപ്പെട്ടതാണ്.

പാർട്ടിക്കുള്ളിലെ അവ​ഗണനയും സീറ്റ് നിഷേധവും തന്നെയാണ് ടോം വടക്കന്റെ പുറത്തു പോകലിന് വഴിയൊരുക്കിയത് എന്ന് വ്യക്തമാണ്. എന്നാൽ പുല്‍വാമ ഭീകരാക്രമണത്തിലെ കോണ്‍ഗ്രസ്  നയവും, മോദിയുടെ നേതൃശേഷിയോടുള്ള മികവുമാണ് തന്നെ ബിജെപിയേക്ക് ആകര്‍ഷിച്ചതെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.

എങ്കിലും കൃത്യമായ ചില ഉറപ്പുകൾ നേടിയെടുത്ത ശേഷമാണ് വടക്കൻ ബിജെപി അം​ഗത്വം സ്വീകരിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. കേരളത്തിൽ പ്രത്യേകിച്ച് തൃശ്ശൂരിലോ അല്ലെങ്കിൽ ചാലക്കുടിയിലോ ബിജെപി സ്ഥാനാർത്ഥിയായി ഇക്കുറി ടോം വടക്കൻ മത്സരിച്ചേക്കും എന്നാണ് സൂചന. തൃശ്ശൂർ സീറ്റിനായി കെ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും പരി​ഗണിക്കപ്പെടുന്ന സാഹചര്യത്തിൽ ചാലക്കുടി സീറ്റിലാണ് വടക്കന് കൂടതൽ സാധ്യത.

രണ്ട് കാര്യങ്ങളാണ് ടോംവടക്കനെ തങ്ങളുടെ ക്യാംപിലെത്തിക്കുക വഴി ബിജെപി നേടിയെടുക്കുന്നത്. ഒന്ന് കോൺ​ഗ്രസ് വക്താവിനെ തന്നെ ബിജെപിയിലെത്തിച്ചു കൊണ്ട് ആ പാർട്ടിക്കൊരു ഷോക്ക് ട്രീറ്റ്മെന്റ് നൽകുക, കോൺ​ഗ്രസ് നേതാക്കൾക്ക് സ്വന്തം പാർട്ടിയോടുള്ള കൂറ് ചോദ്യം ചെയ്യുക. ടോം വടക്കന് കത്തോലിക്കാ സഭയിലുള്ള സ്വാധീനം ഭാവിയിൽ കേരളത്തിലും വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലും പാർട്ടി ഉപയോ​ഗപ്പെടുത്തിയേക്കും.

അതേസമയം ടോം വടക്കന്റ പുറത്തുപോകൽ സം​ഘടനാപരമായി കേരളത്തിലെ കോൺ​ഗ്രസിനെ ബാധിക്കാൻ ഇടയില്ല. സംസ്ഥാന നേതാക്കൾക്കും കേരളത്തിലെ കോൺ​ഗ്രസ് പ്രവർത്തകർക്കും ദില്ലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടോം വടക്കനുമായി വലിയ ബന്ധമില്ല. അന്യതാ മനോഭാവത്തോടെയാണ് കേരളത്തിലെ എ-ഐ ​ഗ്രൂപ്പുകളും വടക്കനെ സമീപിക്കുന്നത്. അതേസമയം ദേശീയവക്താവ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന്റെ ചീത്തപ്പേര് പാർട്ടിക്ക് പൊതുവിൽ ക്ഷീണം ചെയ്യും. പ്രത്യേകിച്ച് ഈ തെര‍‍ഞ്ഞെടുപ്പ് കാലത്ത്.

ടോവടക്കനെ കൂടി ഇപ്പുറത്ത് എത്തിക്കുന്നതോടെ ബിജെപിയുടെ ആളെ ചേർക്കൽ ഓപ്പറേഷൻ പുതിയ തലത്തിലേക്ക് കടക്കുകയാണ്. കോൺ​ഗ്രസടക്കമുള്ള എതിർപാർട്ടികളിലെ അതൃപ്തരായ നേതാക്കളെ തങ്ങളുടെ ക്യാംപിലെത്തിക്കാൻ ബിജെപി രാജ്യവ്യാപകമായി ശ്രമിക്കുന്നുണ്ട്. കർണാടക, ​ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ കോൺ​ഗ്രസിന്റെ സിറ്റിം​ഗ് എംഎൽഎമാരേയും മറ്റു പ്രമുഖ നേതാക്കളേയും ബിജെപി ഇതിനോടകം മറുകണ്ടം ചാടിച്ചു.

ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും നേതാക്കൾ ഇതിനോടകം ഇപ്പുറം എത്തിയിട്ടുണ്ട്. ബിഎസ്പി, എസ്.പി തുടങ്ങി പ്രമുഖ പാർട്ടികളിൽ നിന്നെല്ലാം നേതാക്കളെ ചാടിക്കുകയോ അതിനുള്ള അണിയറ നീക്കങ്ങൾ നടക്കുകയോ ചെയ്യുന്നുണ്ട്. കേരളത്തിൽ ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടെ നേതൃത്വത്തിലും ഓപ്പേറഷന് തുടരുകയാണ്. കോൺ​ഗ്രസിന്റേയും സിപിഎമ്മിന്റേയും നേതാക്കളെ ഇങ്ങനെ ചാടിക്കാനുള്ള നീക്കം സജീവമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം