നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം;ഒരു സ്ത്രീയടക്കം മൂന്നംഗസംഘമാണ് എത്തിയതെന്ന് പ്രദേശവാസികള്‍

Loading...

കണ്ണൂര്‍ അമ്പായത്തോട്ടില്‍ മാവോയിസ്റ്റുകാര്‍ എത്തിയതിന് പിന്നാലെ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ലിന് സമീപം വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മേലേമുണ്ടേരിയിലാണ് മാവോയിറ്റ് സംഘമെത്തിയത്.

ഒരു സ്ത്രീയടക്കം മൂന്നംഗ മാവോയിസ്റ്റ് സംഘമാണ് എത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവര്‍ വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. കൂടാതെ വീടുകളില്‍ നിന്ന് അരിയും വാങ്ങിയാണ് ഇവര്‍ മടങ്ങിയതെന്ന് പൊലീസ് അറിയിച്ചു.

വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് പ്രദേശത്ത് എത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വനമേഖലയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാസമാണ് കണ്ണൂര്‍ അമ്പായത്തോടില്‍ മാവോയിസ്റ്റുകള്‍ എത്തിയത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും താഴെ പാല്‍ചുരം റോഡിലൂടെ ആയിരുന്നു നാലംഗ മാവോയിസ്റ്റ് സംഘം അമ്പായത്തോട് ടൗണില്‍ എത്തിയത്. ഒരു സ്ത്രീയും മൂന്ന് പുരുഷന്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ടൗണില്‍ പോസ്റ്ററുകള്‍ പതിച്ച ശേഷം ലഘുലേഖകളും വിതരണം ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരേ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ മെയ്തിന്‍,രാമു തുടങ്ങി നാല് പേര്‍ക്കെതിരെയാണ് കേളകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുഎപിഎ യുടെ വിവിധ വകുപ്പുകള്‍, ആയുധ നിയമം, ഐപിസിയുടെ വിവിധ വകുപ്പുകള്‍ എന്നിവയുള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Loading...