നാരങ്ങയുടെ പുറംതൊലി ഇനി കളയണ്ട…….നാരങ്ങാത്തൊലി കാന്‍സറിനെ പ്രതിരോധിക്കുമെന്ന് പഠനം

നാരങ്ങയുടെ പുറംതൊലിയിൽനിന്ന് വേർതിരിച്ച സത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ രക്താർബുദ വിഭാഗത്തിൽപ്പെടുന്ന ലിംഫോമയെ തടയുമെന്ന് പഠനം. തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ജെ.എൻ.റ്റി.ബി.ജി.ആർ.ഐ) ഗവേഷകരാണ് ഗവേഷണത്തിനുപിന്നിൽ.

വ്യത്യസ്തങ്ങളായ ഏഴുതരം നാരങ്ങകളുടെ പുറംതോടിൽനിന്നുള്ള സത്തുപയോഗിച്ചാണ് ലിംഫോമ കോശങ്ങളിൽ പരീക്ഷണം നടത്തിയത്. അതിൽ സിട്രസ് റെറ്റിക്കുലേറ്റ (മന്ദാരിൻ ഓറഞ്ച്/കിനു ഓറഞ്ച്) എന്ന ഓറഞ്ചിന് ലിംഫോമ കോശങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്ന് കണ്ടെത്തിയതായി ഡയറക്ടർ ഡോ. പ്രകാശ്കുമാർ പറഞ്ഞു. എലികളിലാണ് പരീക്ഷണം നടത്തിയത്.

നെതർലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഫെറ്റോമെഡിസിൻ എന്ന അന്തർദേശീയ ജേണലിൽ ഗവേഷണഫലം പ്രസിദ്ധപ്പെടുത്തി.ജെ.എൻ.റ്റി.ബി.ജി.ആർ.ഐയിലെ ഫൈറ്റോ കെമിസ്ട്രി ആൻഡ് ഫൈറ്റോഫാർമക്കോളജി ഡിവിഷനിലെ ഡോ.ബി. സാബുലാൽ, ഡോ.എസ്. അജികുമാരൻ നായർ, എസ്.ആർ. രജനി കുറുപ്പ്, അഖില എസ്. നായർ എന്നിവരാണ് ഗവേഷകസംഘത്തിലുള്ളത്.

സിട്രസ് റെറ്റിക്കുലേറ്റയുടെ പുറം തോടിൽനിന്നുമുള്ള സത്ത് നൽകിയ എലികളിൽ പകുതിയും( അമ്പത് ശതമാനം) ലിംഫോമ കാൻസറിനെ പ്രതിരോധിക്കുന്നതായി കണ്ടെത്തി. ജെ.എൻ.റ്റി.ബി.ജി.ആർ.ഐയിൽ നടത്തിയ പരീക്ഷണങ്ങളിൽ സിട്രസ് മെഡിക്ക (മാതള നാരങ്ങ) യും ലിംഫോമ കോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മന്ദാരിൻ, കിനു വിഭാഗത്തിൽപ്പെട്ട നാരങ്ങയുടെ നീര് എടുത്ത ശേഷം നാം കളയുന്ന പുറംതോടിന് ലിംഫോമയെ തടയാനുള്ള ശേഷിയുള്ളതിനാൽ തോടോടുകൂടി അവ ഉപയോഗിക്കുന്നത് കാൻസർ പ്രതിരോധത്തിന് ഉത്തമമാണെന്ന് ഗവേഷകസംഘം പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം