(truevisionnews.com) കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുകയാണ്. 2.77 കോടി വോട്ടർമാർ ഇന്ന് ഏറ്റവും വലിയ അവകാശമായ സമ്മതിദാനാവകാശം വിനിയോഗിക്കും.
ഓരോ വോട്ടർമാരും അവരവരുടെ പേര് ഇലക്ടറൽ റോളിലുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റ് പ്രയോജനപ്പെടുത്താം.
ഒപ്പം വോട്ടർ ഐഡിയോ, പകരം ഉപയോഗിക്കാവുന്ന മറ്റ് തിരിച്ചറിയൽ രേഖയോ കൈവശം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
വോട്ട് രേഖപ്പെടുത്താൻ വോട്ടേഴ്‌സ് ഐഡിയില്ലെങ്കിൽ മറ്റെന്തെല്ലാം രേഖകൾ ഉപയോഗിക്കാം ? വോട്ടേഴ്‌സ് ഐഡി ഇല്ലാത്തവർക്ക് പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ്, MNREGA ജോബ് കാർഡ് എന്നിവയിലേതെങ്കിലും ഉപയോഗിക്കാം.
ഫോട്ടോ പതിപ്പിച്ച സ്റ്റേറ്റ് ബാങ്ക് പാസ് ബുക്കോ, പോസ്റ്റ് ഓഫിസ് പാസ് ബുക്കോ രേഖയായി ഉപയോഗിക്കാം. ഇതുമല്ലെങ്കിൽ ഫോട്ടോ പതിപ്പിച്ച പെൻഷൻ രേഖയോ, കേന്ദ്ര/സംസ്ഥാന സർക്കാരുകൾ ജീവനക്കാർക്ക് നൽകിയ ഫോട്ടോ പതിപ്പിച്ച സർവീസ് ഐഡന്റിറ്റി കാർഡുകളോ, തൊഴിൽ വകുപ്പിന് കീഴിൽ പുറത്തിറക്കിയ ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡോ രേഖയായി ഉപയോഗിക്കാം.
ബൂത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
പോളിങ് സ്റ്റേഷനിലെത്തിയാൽ സമ്മതിദായകർ ക്യൂ പാലിക്കണം. ഒന്നാം പോളിങ് ഓഫീസർ വോട്ടർ പട്ടികയിൽ പേരും തിരിച്ചറിയൽ രേഖയും പരിശോധിക്കും.
രണ്ടാം പോളിങ് ഓഫീസർ ഇടതു കൈയിലെ ചൂണ്ടു വിരലിൽ, മായാത്ത മഷി പുരട്ടുകയും വോട്ടേഴ്‌സ് സ്ലിപ്പ് നൽകുകയും ഒപ്പ് വാങ്ങിക്കുകയും ചെയ്യും.
മൂന്നാം പോളിങ് ഓഫീസർ സ്ലിപ്പ് സ്വീകരിക്കുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിന് സജ്ജമാക്കുകയും ചെയ്യും.
ഇനി വോട്ടിങ് കംപാർട്ട്‌മെന്റിലേക്ക്. ഇവിഎമ്മിൽ സ്ഥാനാർത്ഥിക്കു നേരെയോ നോട്ടയ്ക്കു നേരെയോ ഉള്ള നീല ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താം.
‘നോട്ട അഥവാ ഇവരിൽ ആരുമല്ല’ എന്നത് ഇ വി എം മെഷീനിൽ അവസാന ഓപ്ഷനാണ്. നീല ബട്ടൺ അമർത്തിയാൽ, സ്ഥാനാർത്ഥിയുടെ നേരെയോ നോട്ടയ്ക്ക് നേരെയോ ഉള്ള ചുവന്ന ലൈറ്റ് തെളിയും.
തെരഞ്ഞെടുത്ത സ്ഥാനാർത്ഥിയുടെ ക്രമനമ്പർ, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവി പാറ്റ് പ്രിന്റ് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും. കൺട്രോൾ യൂണിറ്റിൽ നിന്നുള്ള ബീപ് ശബ്ദം വോട്ട് വിജയകരമായി രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തുന്നു.
#documents #used #instead #VotersID? #Things #keep #mind #voting