എറണാകുളം മണ്ഡലത്തിലെ കളമശ്ശേരി ബൂത്തില്‍ റീപോളിംഗ്

Loading...

KALEAMASSERYകൊച്ചി:എറണാകുളം മണ്ഡലത്തിലെ കളമശ്ശേരി പോളിടെക്‌നിക്കിലെ 118-ാം നമ്പര്‍ ബൂത്തില്‍ റീപോളിംഗ് നടക്കും. തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം അറിയിച്ചു. യന്ത്രത്തകരാര്‍ മൂലം വോട്ടിംഗ് രണ്ട് മണിക്കൂര്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വോട്ടിംഗ് വീണ്ടും നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
പത്താം തീയതി നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ചൂല്‍ ചിഹ്നത്തിന് നേരെയുള്ള ബട്ടണ്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് രണ്ട് മണിക്കൂര്‍ വോട്ടിംഗ് നിര്‍ത്തിവെച്ചത്. വോട്ടിംഗ് ആരംഭിച്ച് 9.30 ഓടെയാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. ആം ആദ്മി പ്രവര്‍ത്തകര്‍ക്കാണ് സ്വന്തം സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനാകാതെ വന്നത്. തുടര്‍ന്ന് 10.20 ഓടെ വോട്ടിംഗ് നിര്‍ത്തിവെക്കുകയായിരുന്നു. വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനരഹിതമായിട്ടും വോട്ടിംഗ് തുടര്‍ന്നതിനെതിരേയും ബൂത്തില്‍ റീപോളിംഗ് വേണമെന്നാവശ്യപ്പെട്ടുമാണ് എ എ പി സ്ഥാനാര്‍ഥി അനിതാ പ്രതാപ് പരാതി നല്‍കിയത്.
തകരാറിലായ മെഷീനില്‍ 315 വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നു. ആകെ 1172 വോട്ടര്‍മാര്‍ക്കാണ് 118-ാം ബൂത്തില്‍ വോട്ടുള്ളത്. 860 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്യപ്പെട്ടത്.

Loading...