ചിരിയുടെ അമ്പിളിച്ചന്തമായ ജഗതി ശ്രീകുമാറിന് ഇന്ന് 68-ാം പിറന്നാള്‍

Loading...

മലയാളസിനിമയിലെ ചിരിയുടെ അമ്പിളിച്ചന്തമായ ജഗതി ശ്രീകുമാറിന് ഇന്ന് 68-ാം പിറന്നാള്‍. സിനിമയിലെ പ്രധാന താരത്തിനേക്കാള്‍ അഭിനയം കൊണ്ടും കോമഡികള്‍ കൊണ്ടും കൈയടി വാങ്ങുന്ന താരമായിരുന്നു ജഗതി. വാഹനാപകടത്തില്‍പ്പെട്ട് വെള്ളിത്തിരയില്‍ നിന്ന് നീണ്ടനാളുകളായി വിട്ടു നില്‍ക്കുമ്പോഴും ജഗതിയ്ക്ക് ഒരു പകരക്കാരന്‍ മലയാള സിനിമയില്‍ ഇതുവരെ ഉദയം ചെയ്തിട്ടില്ല.

ആറ് വര്‍ഷമായി ജഗതി സിനിമയില്‍ നിന്നും മാറി നില്ക്കുകയാണ് എന്ന് പ്രേക്ഷകര്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല. കാരണം അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ട്രോളന്മാരിലൂടെ ഇപ്പോഴും സജീവമാണ്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ജഗതി ശ്രീകുമാറിന് ആശംസകളുമായി ആരാധകരും താരങ്ങളുമെല്ലാം രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. അച്ഛന് പിറന്നാല്‍ ആശംസ നേര്‍ന്ന് മക്കളായ ശ്രീലക്ഷ്മിയും പാര്‍വതിയുമെത്തി.

2012 മാര്‍ച്ച് മാസത്തില്‍ ഉണ്ടായ വാഹനാപകടമാണ് ജഗതിയെ സിനിമയില്‍ നിന്ന് അകറ്റിയത്. എന്നിരുന്നാലും ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും. അടുത്തിടെ ഇന്നസെന്റ്, ജഗദീഷ്, റിമി ടോമി എന്നിവര്‍ കോമഡി സ്റ്റാര്‍സില്‍ നിന്നും ജഗതിയെ കാണാനെത്തിയിരുന്നു. പാട്ടുകള്‍ പാടി താരത്തെ പഴയ ഓര്‍മ്മകളിലേക്ക് എത്തിച്ചിരുന്നു.

ഇവരെ പോലെ നടി നവ്യ നായരും ജഗതി ശ്രീകുമാറിനെ കാണാന്‍ വീട്ടിലെത്തിയിരുന്നു. ഇവര്‍ക്കൊപ്പം പാട്ട് പാടന്‍ ശ്രമിക്കുന്നതും നവരസങ്ങള്‍ അവതരിപ്പിക്കാനുമൊക്കെ ശ്രമിക്കുന്ന ജഗതിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. പതുക്കെ ആണെങ്കിലും സാധാരണ ജീവിതഗതിയിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് ജഗതി. ആരോഗ്യകരമായ ഓരോ പുരോഗതിയും വലിയ പ്രതീക്ഷയാണ് ആരാധകരില്‍ ഉയര്‍ത്തുന്നത്.

Loading...