ന്യൂഡല്‍ഹി : അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു കടല്‍ തന്നെ ഇളകിവരും,എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും അത് പതിന്മടങ്ങ് ശക്തിയോടെ ആഞ്ഞുവീശൂ. അതെ ശക്തിയോടെ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ആന്മാവായ കര്‍ഷകരുടെ ശബ്ദം ഒരു ഇടിമുഴക്കംപോലെ ഉയരുകയാണ്.

ഈ കൊടുംതണുപ്പിലും എല്ലാ പ്രതിബദ്ധങ്ങളെയും തട്ടിമാറ്റികൊണ്ട് കാട്ടുതീപോലെ ജ്വലിക്കുകയും ആളിപ്പടരുകയുമാണ് രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍. ആളിപ്പടരുന്ന ഈ സമരപോരാട്ടം വിയോജിപ്പിന്റെ,അവകാശങ്ങളുടെ വിദൂരശബ്ദങ്ങള്‍പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിന്റെ രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
സമകാലിക ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ചരിത്രത്തിന്റെ ഏടുകളില്‍ രേഖപ്പെടാന്‍ പോകുന്ന സമരവിപ്ലവമായും ഈ പോരാട്ടത്തെ കാണേണ്ടിയിരിക്കുന്നു.സര്‍ക്കാറിനെതിരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ത്ഥികളെയും, മാധ്യമപ്രവര്‍ത്തകരെയുമടക്കം അടിച്ചമര്‍ത്തുന്ന പതിവ് രീതി കര്‍ഷകര്‍ക്ക് നേരെയും പ്രയോഗിച്ചെങ്കിലും എല്ലാത്തിനെയും അതിജീവിച്ച് അവര്‍ അണപൊട്ടി ഒഴുകുകയാണ്.
ഇവിടെ അനീതിക്കെതിരെ ഓരോ ശബ്ദം ഉയര്‍ന്നുവരുമ്പോഴും ജനാധിപത്യ ഇന്ത്യയെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് പടയോട്ടത്തിന്റെ തന്ത്രങ്ങളെല്ലാം ചീട്ട്കൊട്ടാരംപോലെ തകര്‍ന്നടിയും.കര്‍ഷക വിരുദ്ധ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നും,താങ്ങുവില നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച ലക്ഷ്യബോധത്തോടെ മുന്നോട്ട് നടന്നുനീങ്ങുകയാണ് അവര്‍.
പകലിലെ പൊരിവെയിലും രാത്രിയിലെ കൊടുംതണുപ്പുമെല്ലാം പാടത്ത് പണിയെടുക്കുന്ന ഇവര്‍ക്ക് സുപരിചിതമാണ്.അതുകൊണ്ട് തന്നെയാണ് തടസ്സങ്ങള്‍ ഒരുപാടുണ്ടായിട്ടും കര്‍ഷരുടെ എണ്ണം കടലുപോലെ നീണ്ടുവരുന്നത്. വാര്‍ദ്ധക്യം പോലും തളര്‍ത്താത്ത വിപ്ലവ വീര്യം ഓരോ സമരനേതാക്കളിലും പ്രതിഫലിച്ചുകൊണ്ടേയിരിക്കുന്നു.
രാജ്യത്തെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും എതിരായി ആറു കരിനിയമം നിശബ്ദരാക്കപ്പെട്ട പാര്‍ലമെന്റില്‍ പാസാക്കിയതിലൂടെഇന്ത്യന് പാര്‍ലമെന്ററി ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമാണ് രാജ്യത്തു കുറിക്കപ്പെട്ടത്. പാര്‍ലമെന്റിനെ നിശബ്ദമാക്കിയാലും തെരുവുകള്‍ നിശബ്ദമാകില്ലെന്ന് മോഡി കാണാന്‍പോകുന്ന നാളുകളാണ് ഇനി വരാന്‍ പോകുന്നത്.
രാഷ്ട്രീയമായി ബിജെപി ഇന്നുവരെ എടുത്തവയില്‍ ഏറ്റവും തിരിച്ചടിയുണ്ടാകാന്‍ പോകുന്ന തീരുമാനമാണ് കര്‍ഷക-തൊഴിലാളി വിരുദ്ധ നിയമങ്ങള്‍. പുതിയ നിയമം സ്വീകരിക്കപ്പെട്ടാല്‍ വന്‍കിട കമ്പനികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യം ലഭിക്കും. അങ്ങനെ വന്നാല്‍ അദാനി-വില്‍മാര്‍, റിലയന്‍സ് തുടങ്ങിയ കമ്പനികള്‍ക്ക് എത്ര ഭക്ഷ്യോല്പന്നങ്ങളും ശേഖരിച്ചുവെക്കാന്‍ ഈ നിയമമാറ്റത്തിലൂടെ കഴിയും.അവര്‍ക്ക് അത് ചെയ്യാനുള്ള സംഭരണശാലകള്‍ നിര്‍മിക്കാനും മാര്‍ക്കറ്റിനെ മൊത്തത്തില്‍ നിയന്ത്രിക്കാനും സാധിക്കും.
കര്‍ഷകരെ സ്വതന്ത്രമാക്കുന്നു എന്ന പുകമറ സൃഷ്ടിച്ചുകൊണ്ടാണ് വാസ്തവത്തില്‍ മോദി സര്‍ക്കാര്‍ കര്‍ഷകരെ നിരായുധരാക്കുന്നത്.ഇതെല്ലാം രാജ്യത്തെ നട്ടെല്ലായ കര്‍ഷകരുടെ വരുമാനത്തെയും നിലനില്‍പ്പിനെയും ബാധിക്കാനിടയുണ്ട്.
നാലു ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത രാജ്യമാണ് ഇന്ത്യ. ആ ഇന്ത്യയിലെ കര്‍ഷകരെ മുഴുവന്‍ കടക്കെണിയിലാക്കാനും ആന്മഹത്യലേക്ക് തള്ളിവിടാനും ഇടവരുത്താതിരിക്കാനായി അവര്‍ക്കൊപ്പം ശബ്ദമുയര്‍ത്തുകയാണ് മനുഷ്യത്തമുള്ളവര്‍ ഇനി ചെയ്യേണ്ടത്.
പട്ടിണിയില്ലാതെ ജനങ്ങളെ പോറ്റുന്ന കര്‍ഷകര്‍ക്ക് വേണ്ടി ജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക ഇതു മാത്രമായിരിക്കും.സമരത്തിന്റെ രാഷ്ട്രീയം എന്തുതന്നെ ആയാലും എത്ര രാവും പകലുമെന്നറിയാതെ പോരാടുന്ന കര്‍ഷരുടെ കൂടെ ഹൃദയം കൊണ്ടെങ്കിലും അവര്ക്കൊപ്പമുണ്ടാവുകയെന്നതാണ് രാഷ്ട്രീയം.
ജീവിക്കാന്‍ ഒരുഗതിയുമില്ലാതായ മനുഷ്യരുടെ അവസാനത്തെ ചെറുത്തുനില്‍പ്പാണ് ഈ സമരം. ഈ തീ അണയില്ല. ആളിപ്പടരുകതന്നെ ചെയ്യും.
– അർച്ചന വിനോദ്
News from our Regional Network
English summary: Farmers' testimony is that even if Parliament is silenced, the streets will not be silenced