തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഫേസ്ബുക്കിലൂടെയാണ് സ്പീക്കര്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കുത്തേറ്റ അഖിലിനോട് മാപ്പ് പറയണമെന്നും ഇത് ചരിത്രത്തിലെ അക്ഷരതെറ്റ് തന്നെയാണെന്നും സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണമെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
നിങ്ങള്‍ ഏതു തരക്കാരാണെന്നും എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാലയെന്നും
ഏതു പ്രത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍ നല്‍കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനും മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ അഖിലിന് കുത്തേറ്റത്. എസ്.എഫ്.ഐ പ്രവര്‍ത്തകായ ഏഴ് പ്രതികളും ഒളിവിലാണ്. ഇവരെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ് അറിയിച്ചിരുന്നു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.