ലോകത്താകെയുള്ള സ്ഥിതി അസ്വസ്ഥത ഉളവാക്കുന്നു – മുഖ്യമന്ത്രി

Loading...

 

 

തിരുവന്തപുരം: രോഗവ്യാപനം തടുത്തുനിര്‍ത്താന്‍ ഒരു പരിധിയോളം നമുക്ക് കഴിയുന്നുണ്ട്. പൊതുവെ സമൂഹത്തില്‍ സ്വീകരിച്ച നടപടികള്‍ അതിനു വലിയ കാരണവുമായിട്ടുണ്ട്. പക്ഷെ, ലോകത്താകെയുള്ള സ്ഥിതി അസ്വസ്ഥത ഉളവാക്കുന്നതാണ്. ഏറ്റവുമൊടുവില്‍ യുകെയില്‍നിന്ന് ഒരു മലയാളി കോവിഡ്-19 ബാധിച്ച് മരണമടഞ്ഞ വാര്‍ത്തയാണ് നാം കേട്ടത്. കേരളത്തിനു പുറത്ത് ഇതുവരെ ഈ വൈറസ് ബാധിച്ച് 18 മലയാളികള്‍ മരണമടഞ്ഞതായിട്ടാണ് കണക്ക്. എല്ലാ മേഖലകളില്‍ നിന്നും ഔദ്യോഗികമായി വിവരങ്ങള്‍ ലഭ്യമായാലേ ഈ കണക്ക് അന്തിമമായി പറയാന്‍ കഴിയൂ.

*കേരളത്തിന് പുറത്ത് കൊവിഡ്-19 ബാധിച്ച് മരിച്ച മലയാളികള്‍*

ഇന്ന് അമേരിക്കയില്‍ കൊട്ടരക്കര സ്വദേശി ഉമ്മന്‍ കുര്യന്‍, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ സ്വദേശിനി ശില്‍പ നായര്‍, ജോസഫ് തോമസ്, അജ്മാനില്‍  ആലഞ്ചേരി കൊളത്തായി സ്വദേശി ഹാരിസ്, യുകെയില്‍ കൊല്ലം സ്വദേശി ഇന്ദിര, കണ്ണൂര്‍ ഇരിട്ടി സ്വദേശി സിന്‍റോ ജോര്‍ജ് എന്നിവരാണ് മരിച്ചത്.

ഏപ്രില്‍ 5ന് അമേരിക്കയില്‍ തിരുവല്ല സ്വദേശി ഷോണ്‍ എസ്. എബ്രഹാം, തൊടുപുഴ സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്, അയര്‍ലണ്ടില്‍  കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോര്‍ജ്, സൗദിയില്‍ മലപ്പുറം തിരുരങ്ങാടി സ്വദേശി സഫ്വാന്‍ എന്നിവരാണ് മരിച്ചത്.

ഏപ്രില്‍ 4ന് സൗദിയില്‍ പാനൂര്‍ സ്വദേശി ഷബാനാസ്, കോട്ടയം സ്വദേശി ജോസഫ് കെ തോമസ് എന്നിവരും ഏപ്രില്‍ 2ന് ലണ്ടനില്‍ എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവല്‍, മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശി ഹംസ എന്നിവരാണ് മരിച്ചത്.

ഏപ്രില്‍ 1-ന് മുംബൈയില്‍ കണ്ണൂര്‍ കതിരൂര്‍ സ്വദേശി അശോകന്‍, ദുബായിയില്‍ തൃശൂര്‍ കയ്പമംഗലം സ്വദേശി പരീത്  എന്നിവരും മാര്‍ച്ച് 31ന് അമേരിക്കയില്‍  പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് എന്നിവരുമാണ് മരിച്ചത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം 7 പേര്‍. പ്രിയപ്പെട്ട ഈ സഹോദരങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

*സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്*

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1. ഇങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. കാസര്‍കോട്ടെ ആറുപേര്‍ വിദേശത്തുനിന്ന് വന്നതാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നതാണ്. കൊല്ലത്തും മലപ്പുറത്തുമുള്ളവര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്തു നിന്നാണ് രോഗബാധയുണ്ടായത്. ഇതുവരെ 327 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 266 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 1,52,804 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,52,009 പേര്‍ വീടുകളിലും 795 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 10,716 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 9,607 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി.

കാസര്‍കോട് മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങിയതാണ് ഇന്ന് നിങ്ങളോട് പങ്കിടാനുള്ള പ്രധാനപ്പെട്ട ഒരു വാര്‍ത്ത. നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിത്സാ കേന്ദ്രമായി പരിവര്‍ത്തിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടി  ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി ഉടന്‍ സജ്ജമാക്കും. ഏഴു കോടി രൂപയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിലേക്കെത്തിച്ചത്. കൂടാതെ ഇവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കെഎസ്ഇബി പത്ത് കോടി രൂപ സാമൂഹ്യ പ്രതിബദ്ധത ഫണ്ടില്‍ നിന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

26 പേരടങ്ങുന്ന വിദഗ്ധ സംഘം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തിയിട്ടുണ്ട്. പതിനൊന്ന് ഡോക്ടര്‍മാര്‍, പത്ത് സ്റ്റാഫ് നഴ്സ്,  അഞ്ച് അസിസ്റ്റന്‍റ് നഴ്സ് എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും.

കോവിഡ് 19ന്‍റെ ഏതു സാഹചര്യത്തേയും നേരിടാന്‍ സംസ്ഥാനം നേരത്തെ തന്നെ സന്നദ്ധമാണ്. ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ സര്‍ക്കാര്‍  സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്.

ഇതിനു പുറമെ പ്രത്യേക കൊറോണ കെയര്‍ സെന്‍ററുകളും ഉണ്ട്. കോവിഡ് പ്രതിരോധത്തിന് ത്രിതല സംവിധാനം ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 10,813 ഐസലേഷന്‍ ബെഡ് ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇതിനു പുറമെ 517 കൊറോണ കെയര്‍ സെന്‍ററുകളില്‍ 17,461 ഐസലേഷന്‍ ബെഡുകളും ഒരുക്കിയിട്ടുണ്ട്. പ്രത്യേക കൊറോണ കെയര്‍ ഹോസ്പിറ്റല്‍ തയ്യാറാക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. 38 കൊറോണ കെയര്‍ ആശുപത്രികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ ക്രൈസിസ് മാനേജ്മെന്‍റ് കമ്മിറ്റി ചേര്‍ന്ന് ഉടനെ നിശ്ചയിക്കും.

81.45 ശതമാനത്തിലധികം പേര്‍ സൗജന്യ റേഷന്‍ ഇതിനകം വാങ്ങിക്കഴിഞ്ഞു. കേരളത്തിന്‍റെ സമീപകാല ചരിത്രത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും പേര്‍ക്ക് റേഷന്‍ വിതരണം നടത്തുന്നത് ആദ്യമാണ്. ഇതിനായി പ്രയത്നിച്ച സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, റേഷന്‍ വ്യാപാരികള്‍, ഇതുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ അടക്കമുള്ള മറ്റുവിഭാഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ അഭിനന്ദിക്കുന്നു.

റേഷനുമായി ബന്ധപ്പെട്ട് അപൂര്‍വമായാണ് ചില പരാതികള്‍ ഉയര്‍ന്നുവന്നത്. ചിലരാകട്ടെ ബോധപൂര്‍വമായി റേഷന്‍ മോശമാണെന്നതടക്കമുള്ള പ്രചാരണം നടത്താന്‍ തുനിഞ്ഞു. എന്നാല്‍, സമൂഹം ആദരിക്കുന്ന ചിലര്‍ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് അവരുടെ അനുഭവത്തിലൂടെ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരുന്നു. ചലച്ചിത്ര നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു നടത്തിയ അഭിപ്രായ പ്രകടനം തന്നെ ഇതിന്‍റെയൊരു ഉദാഹരണമാണ്.
റേഷന്‍ കടകളില്‍ ആവശ്യമായ എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ജില്ല മാറി റേഷന്‍ ലഭ്യമാകുന്നില്ല എന്ന ഒരു പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആ പരാതി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി.

*എംഎല്‍എമാരുമായി വീഡിയോ കോണ്‍ഫറന്‍സ്*

നിയമസഭാ സമ്മേളനം പിരിഞ്ഞത് കോവിഡ് പ്രതിരോധ രംഗത്തേക്ക് ഒറ്റക്കെട്ടായി ഇറങ്ങാനുള്ള തീരുമാനവുമായാണ്. എംഎല്‍എമാര്‍ സ്വന്തം മണ്ഡലങ്ങളിലാണ്. അവരുമായി കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സ് നടത്തി. നമ്മുടെ പ്രവര്‍ത്തനങ്ങളാകെ വിലയിരുത്തുകയും അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ചര്‍ച്ച നടത്തിയത്.

എംഎല്‍എമാര്‍ ജില്ലാ കലക്ടറേറ്റുകളിലെത്തിയാണ് പങ്കെടുത്തത്. സ്പീക്കറും പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. നിയമസഭാ സമ്മേളനം ചേര്‍ന്നാലുണ്ടാകുന്ന അതേ പ്രതീതിയാണുണ്ടായത്. നാം ഇപ്പോള്‍ നടത്തുന്ന ഇടപെടലുകളില്‍ എല്ലാവരും സംതൃപ്തി രേഖപ്പെടുത്തി.

*പ്രവാസികളുമായി*

തുടക്കത്തില്‍ പറഞ്ഞതുപോലെ പ്രവാസലോകത്തെക്കുറിച്ച് നാമെല്ലാവരും ഉല്‍ക്കണ്ഠാകുലരാണ്. ലോകത്താകെ വ്യാപിച്ചുകിടക്കുന്ന മലയാളിസമൂഹം എങ്ങനെ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യുന്നു എന്ന് അറിയാനും അവരെ സഹായിക്കാനും നമുക്കാകെ ഉത്തരവാദിത്തമുണ്ട്. അതോടൊപ്പം പ്രവാസികള്‍ക്ക് കേരളത്തില്‍ നടക്കുന്ന കാര്യങ്ങളും അറിയേണ്ടതുണ്ട്. പ്രവാസിസമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായി കഴിഞ്ഞദിവസം വീഡിയോ കോണ്‍ഫറന്‍സ് നടത്തി.

22 രാജ്യങ്ങളില്‍നിന്നുള്ള 30 പ്രവാസി മലയാളികളാണ് സംസാരിച്ചത്. ലോക കേരള സഭാംഗങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ പങ്കെടുത്തു. ഓരോ മേഖലയിലും വ്യത്യസ്ത വിഷയങ്ങളാണ്. യാത്രാവിലക്കും നിയന്ത്രണങ്ങളും പ്രവാസജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി ആ കോണ്‍ഫറന്‍സില്‍ പ്രതിപാദിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങളും എംബസികള്‍ മുഖേന ചെയ്യേണ്ടതും പ്രവാസികള്‍ ചൂണ്ടിക്കാട്ടി.

എല്ലാ പ്രവാസി മലയാളികളുമായും നേരിട്ട് സംവദിക്കണമെന്ന താല്‍പര്യമാണുള്ളത്. പരമാവധി ആളുകളെ പങ്കെടുപ്പിച്ചാണ് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. എന്നാല്‍, അതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. ചിലരെ ഉള്‍പ്പെടുത്താനും കഴിഞ്ഞില്ല. പ്രവാസി സമൂഹവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. പുതിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അവര്‍ക്കുവേണ്ടി ചെയ്യാനാകുന്നതെല്ലാം ചെയ്യും.

ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂളുകളില്‍ പഠനം നടക്കുന്നില്ല. ആ കാലയളവിലും ഫീസ് നല്‍കേണ്ടിവരുന്നത് പ്രവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തി. വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി മാനേജ്മെന്‍റുകളുമായി ഇക്കാര്യം സംസാരിക്കണം എന്ന അഭ്യര്‍ത്ഥനയാണ് അവര്‍ നടത്തിയത്. അതടക്കമുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കും. അവര്‍ ഓരോരുത്തരുമായും സംസാരിക്കാന്‍ ശ്രമിക്കാം. ഇപ്പോള്‍ ഇതിലൂടെ ഒരു പരസ്യ അഭ്യര്‍ത്ഥന നടത്തുകയാണ്. അതത് രാജ്യത്തിലായാലും എവിടെയായാലും ഈ കാലം ഒരു ദുര്‍ഘടകാലമാണ്. നേരത്തെ പ്രവാസികള്‍ സാമ്പത്തികമായി ശേഷിയുള്ളവരായിരുന്നെങ്കിലും ഇപ്പോള്‍ ഒട്ടുമിക്കവരും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. എല്ലായിടത്തും ഇത്തരം ഫീസുകള്‍ അടക്കല്‍ മാറ്റിവെച്ചിരിക്കുകയാണ്. അത് മാനിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂള്‍ മാനേജ്മെന്‍റുകള്‍ ഫീസ് അടക്കുന്നതിന് ഇപ്പോള്‍ നിര്‍ബന്ധിക്കരുതെന്നും ഫീസ് അടക്കാനുള്ള സമയം നീട്ടിവെക്കണമെന്നും എല്ലാവരോടുമായി ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കുകയാണ്.

കോവിഡ് രോഗബാധയോ സംശയമോ ഉള്ള പ്രവാസികള്‍ക്ക് ആവശ്യമായ ക്വാറന്‍റൈന്‍ സംവിധാനം ഉറപ്പാക്കല്‍ ഒരു പ്രധാന ആവശ്യമായി വരികയുണ്ടായി. ഇന്ന് അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഇത്തരമൊരു ഘട്ടത്തില്‍ ഓരോ രാജ്യത്തും അവിടെയുള്ള സംഘടനകള്‍ ചേര്‍ന്നുകൊണ്ട് ഈ വിധത്തില്‍ പ്രയാസമനുഭവിക്കുന്ന ആളുകള്‍ക്ക്  ക്വാറന്‍റൈന്‍ സംവിധാനത്തിനായി പ്രത്യേക കെട്ടിടങ്ങള്‍ ഏര്‍പ്പാട് ചെയ്യാനാകുമോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ എല്ലാവരും അക്കാര്യം പരശോധിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതോടൊപ്പം ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട കാര്യം രോഗബാധ സംശയിക്കപ്പെടുന്ന, നിരീക്ഷണത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി പ്രത്യേക ക്വാറന്‍റൈന്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്. പ്രവാസി മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറാകുന്ന സഹോദരങ്ങള്‍ ആ കാര്യവും ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്‍റെ ഇടപെടലിനായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിനെ കത്ത് മുഖേന ബന്ധപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിസ കാലാവധി ആറുമാസം കൂടി വര്‍ധിപ്പിച്ചു നല്‍കേണ്ടതിന്‍റെയും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കേണ്ടതിന്‍റെയും ആവശ്യകതയും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ തിരിച്ച് കേരളത്തിലേക്കെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതു സംബന്ധിച്ച് പ്രോട്ടോകോള്‍ വേണ്ടതിന്‍റെ ആവശ്യകതയും കത്തില്‍ ചൂണ്ടിക്കാട്ടി. ലോക്ഡൗണ്‍ കഴിയുമ്പോള്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങളെ കുറിച്ച് ശുപാര്‍ശ നല്‍കാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടു പരിശോധിച്ചതിനു ശേഷം ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനമെടുക്കും.

കുവൈറ്റില്‍ ഏപ്രില്‍ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിന്‍റെ ആനുകൂല്യം ലഭ്യമാകുന്നതിന് ഇന്ത്യന്‍ എംബസി നല്‍കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്‍റെ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ജയ്ശങ്കറിന് കത്തയച്ചിട്ടുണ്ട്. അഞ്ച് കുവൈറ്റ് ദിനാറാണ് ഇന്ത്യന്‍ എമ്പസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് ഈടാക്കുന്നത്. ഇത് റദ്ദാക്കിയാല്‍ 40,000 ഇന്ത്യക്കാര്‍ക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭ്യമാകുക.

ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ റവന്യു വരുമാനം, ചെലവ് എന്നിവയെപ്പറ്റി പ്രത്യേക പരിശോധന നടത്തും. പ്ലാനിംഗ് ബോര്‍ഡ് ഇക്കാര്യത്തില്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം ഇത് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍റ് ടാക്സേഷനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ചരക്കുനീക്കത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അവശ്യ സാധനങ്ങളുമായി 1981 ലോറികള്‍ വന്നു. കര്‍ണാടക അതിര്‍ത്തിയില്‍നിന്ന് 649ഉം തമിഴ്നാട് അതിര്‍ത്തിയില്‍നിന്ന് 1332ഉം ലോറികളാണ് വന്നത്.

കര്‍ണാടകത്തിലെ ആശുപത്രികളിലേക്ക് കോവിഡ് ബാധയില്ലാത്ത രോഗികളുമായി ആംബുലന്‍സ് കടത്തിവിടാന്‍ അനുവാദമായിട്ടുണ്ട്. തലപ്പാടി ചെക്ക്പോസ്റ്റില്‍ കര്‍ണാടകത്തിന്‍റെ മെഡിക്കല്‍ ടീം ഉണ്ടാകും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളോടെ ഏത് ആശുപത്രിയിലാണ് പോകുന്നത് എന്ന്  നിശ്ചയിച്ച് അനുവാദം നല്‍കാമെന്നാണ് കര്‍ണാടകം അറിയിച്ചത്.

കര്‍ണാടക-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലെ ആളുകള്‍ക്ക് വയനാട് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയ്ക്കെത്താനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. കര്‍ണാടകത്തിന്‍റെ ബൈരക്കുപ്പ, മച്ചൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും തമിഴ്നാട്ടിലെ പന്തല്ലൂര്‍, ഗൂഡല്ലൂര്‍ താലൂക്കില്‍ നിന്നുമുള്ളവരാണ് വയനാട് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നത്. ബൈരക്കുപ്പിയില്‍നിന്നും 29 പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്ന് 44 പേരാണ് ചികിത്സയ്ക്ക് വന്നത്. കേരളത്തിന്‍റെ നിലപാട് ഇതാണ്.

രജിസ്റ്റര്‍ ചെയ്ത സന്നദ്ധം വളണ്ടിയര്‍മാരുടെ എണ്ണം 2.49 ലക്ഷമായി ഉയര്‍ന്നു.

പിഎസ്സി അഡ്വൈസ് മെമ്മോ ലഭിച്ച പലര്‍ക്കും ലോക്ക്ഡൗണ്‍ കാരണം ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അക്കാര്യത്തില്‍ വകുപ്പ് മേധാവികളും പിഎസ്സിയുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങള്‍ ചെയ്യും.

മുംബൈയില്‍ 46 മലയാളി നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് വാര്‍ത്ത. 150ലേറെ നഴ്സുമാര്‍ അവിടെ നിരീക്ഷണത്തിലാണ്. ഡെല്‍ഹിയില്‍ ഏറ്റവുമൊടുവില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ച് മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലിചെയ്യേണ്ടിവരുന്നു എന്ന പരാതി വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്ര, ഡെല്‍ഹി മുഖ്യമന്ത്രിമാരുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടു. പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ ഈ വിഷയം പെടുത്തി കത്തയച്ചിട്ടുണ്ട്.

ജോലിക്കു പോകുന്ന ആശുപത്രി ജീവനക്കാരെയും അവരെ കൊണ്ടുവിടുന്നവരെയും ഔഷധവില്‍പനശാലാ തൊഴിലാളികളെയും റോഡില്‍ തടയരുതെന്ന് പൊലീസിന് ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തടയുമ്പോള്‍ തന്നെ കാര്യം മനസ്സിലാക്കി അവരെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന നില പോലീസ് സ്വീകരിക്കണം.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. മോഷ്ടാവിന്‍റെയും അജ്ഞാതജീവിയുടെയുമൊക്കെ പേരു പറഞ്ഞ് ഭയപ്പെടുത്തി ആള്‍ക്കാരെ പുറത്തിറക്കുകയാണ് ഇത്തരം സന്ദേശങ്ങളുടെ ലക്ഷ്യം. ഇത് കണ്ടെത്തി തടയുന്നതിന് നടപടി ശക്തിപ്പെടുത്തും. ഇതിന്‍റെ ഉറവിടം കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കി.

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിമാന ടിക്കറ്റ് കാന്‍സല്‍ ചെയ്യുമ്പോള്‍ യാത്രക്കാരന് റീഫണ്ട് ലഭിക്കുന്നില്ല എന്ന പ്രശ്നം വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും.

കോവിഡിന്‍റെ  പശ്ചാത്തലത്തില്‍ സൗജന്യ റേഷന്‍ പരിധിയില്‍ അനാഥാലയങ്ങള്‍, പെര്‍മിറ്റ് പ്രകാരം റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്ന കോണ്‍വന്‍റുകള്‍, ആശ്രമങ്ങള്‍, മഠങ്ങള്‍, വൃദ്ധസദനങ്ങള്‍ പോലുള്ള സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തും. 3000 അതിഥി മന്ദിരങ്ങളിലായി 42,602 അന്തേവാസികളുണ്ട്. ഇവര്‍ക്ക് സൗജന്യമായി അരി നല്‍കും. നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിലും സൗജന്യമായി വിതരണം ചെയ്യും.

പ്രൊഫഷണല്‍ നാടകസമിതികള്‍, ഗാനമേള ട്രൂപ്പുകള്‍, മിമിക്രി കലാകാരന്മാര്‍, ചിത്ര-ശില്‍പകലാകാരന്മാർ, തെയ്യക്കോലങ്ങളുമായി ബന്ധപ്പെട്ട കലാകാരന്മാര്‍ തുടങ്ങിയവര്‍ പ്രതിസന്ധിയിലാണ്. അവരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കും.

സംസ്ഥാനത്ത് അത്യാവശ്യ ഘട്ടം വന്നാല്‍ ആളുകളെ കിടത്തിച്ചികിത്സിക്കാനുള്ള 1,53,000 കിടക്കകള്‍ പൊതുമരാമത്ത് വകുപ്പ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില എന്നിവ തടയാന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 289 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 103 സ്ഥാപനങ്ങള്‍ക്കെതിരെ വിജിലന്‍സ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കമ്പ്യൂട്ടര്‍, സ്പെയര്‍ പാര്‍ട്ട്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്‍ററുകള്‍ ഇവയൊക്കെ ആഴ്ചയില്‍ ഏതെങ്കിലും ദിവസം തുറക്കുന്ന കാര്യം ആലോചിക്കും.

വാഹനങ്ങള്‍ നന്നാക്കാനുള്ള വര്‍ക്ക്ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കും.

സര്‍ക്കാര്‍ കുടുംബശ്രീയിലൂടെ നല്‍കുന്ന 2000 കോടി രൂപയുടെ വായ്പ കേരള ബാങ്കിന്‍റെ എല്ലാ ശാഖകളിലൂടെയും നല്‍കും.

ഇന്‍കം സപ്പോട്ട് പദ്ധതിയില്‍ ഖാദി തൊഴിലാളികള്‍ക്ക് 14 കോടി രൂപ അനുവദിച്ചു.

അണ്‍ അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികള്‍ക്ക് വേതനനഷ്ടം പരിഹരിക്കുന്നതിന് 24 കോടി രൂപ വേതന അഡ്വാന്‍സ് നല്‍കാന്‍ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചു. അതിനുപുറമെ 12 കോടി രൂപ റിക്കവറി ഇളവു നല്‍കും.

തൃശൂര്‍ ജില്ലയില്‍ 5250 റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിന് തൃശൂര്‍ എംപി ടി.എന്‍. പ്രതാപന്‍റെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്. എല്ലാവരും ഈ മാതൃക സ്വീകരിക്കണമെന്ന് പൊതുവില്‍ അഭ്യര്‍ത്ഥിക്കാനിരുന്നതാണ്. ഇത്തരം ഫണ്ടുകളില്‍ വെട്ടിക്കുറവ് കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്നതായി ഇന്ന് വാര്‍ത്ത വരുന്നുണ്ട്. അതെങ്ങനെയാണ് ബാധിക്കുക എന്ന് പിന്നീട് വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. ഏതായാലും ഈ നിലപാട് സ്വാഗതാര്‍ഹമാണ്. എല്ലാവരും മാതൃകയാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

മാര്‍ച്ച് 1 മുതല്‍ 20 വരെ ക്ഷീരസംഘങ്ങളില്‍ പാലളന്ന എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അളന്ന  ഓരോ ലിറ്റര്‍ പാലിനും 1 രൂപ വീതം ആശ്വാസ ധനമായി ക്ഷേമനിധി ബോര്‍ഡ് ക്ഷീരസംഘങ്ങള്‍ക്ക് നല്‍കും. ഒരു ക്ഷീരകര്‍ഷകനു കുറഞ്ഞത് 250 രൂപയും പരമാവധി 1000 രൂപയുമാണ് ഇങ്ങനെ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന തീയതിക്ക് മുന്‍പ് നല്‍കുക.

കോവിഡ് ബാധിതരായ ക്ഷീരകര്‍ഷകര്‍ക്ക് ഓരോരുത്തര്‍ക്കും 10,000 രൂപയും നിരീക്ഷണത്തിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് 2000 രൂപയും ധനസഹായം നല്‍കും. ക്ഷേമനിധി അംഗങ്ങള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം.

കലാകാരന്മാരുടെ ഈ മാസത്തെ പെന്‍ഷന്‍ തുക നാളെ മുതല്‍ അക്കൗണ്ടുകളില്‍ എത്തും. ഈ മാസം പുതുതായി 158 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്. സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ഏപ്രില്‍ മാസത്തെ പെന്‍ഷന്‍, ചികിത്സാ സഹായം എന്നിവ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തു. ക്ഷേമനിധി ബോര്‍ഡ് ഒരുകോടി രൂപയാണ് കലാകാരډാര്‍ക്ക് വിതരണം ചെയ്യുന്നത്.

*സഹായം*

കാസര്‍കോട്ട് 450 പേര്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യവും 750 ഐസൊലേഷന്‍ കിടക്കകളും അടങ്ങുന്ന സംവിധാനം ടാറ്റാ ഗ്രൂപ്പ് സജ്ജീകരിക്കും. അതിനാവശ്യമായ നടപടികള്‍ പെട്ടെന്ന് സ്വീകരിക്കും. ഇതിനു നേതൃത്വം കൊടുക്കാനുള്ള ടീം നാളെ തന്നെ കാസര്‍കോട് എത്തും. വലിയൊരു ടീം അവിടെ നിന്നുകൊണ്ടു തന്നെ ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആയിരം പ്രൊട്ടക്ടീവ് ഷീല്‍ഡ് നല്‍കാമെന്ന് അറിയിച്ചു.

*ദുരിതാശ്വാസനിധി*

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തുനിന്നും സഹകരണം ലഭിക്കുകയാണ്.

കേരളാ ബാങ്ക് ജീവനക്കാരുടെ ശമ്പളത്തില്‍നിന്നും ആദ്യ ഗഡുവായി 15 കോടി രൂപ സംഭാവന ലഭിച്ചു. എല്ലാ ജില്ലകളിലെയും ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെയാണ് ഇത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ രണ്ടുകോടി രൂപ നല്‍കി.

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി രണ്ടുകോടി രൂപ.

അഡ്വ. ജനറല്‍, അഡീഷണല്‍ എജിമാര്‍, ഡിജിപി, അഡീഷണല്‍ ഡിജിപിമാര്‍, സ്റ്റേറ്റ് അറ്റോണി, ഹൈക്കോടതിയിലെ ഗവ. പ്ലീഡര്‍മാര്‍ എന്നിവര്‍ ഒരുമാസത്തെ ശമ്പളത്തുക ഒരു കോടി 53 ലക്ഷം നല്‍കി.

സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) ഒരുകോടി അഞ്ചുലക്ഷം രൂപ നല്‍കി.

കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ആദ്യ ഗഡുവായി ഒരു കോടി നല്‍കി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ.

സിന്തൈറ്റ് ഇന്‍റസ്ട്രി ഒരുകോടി രൂപ.

ഏറാമല സര്‍വീസ് സഹകരണ ബാങ്ക് 50 ലക്ഷം.

ഏഷ്യന്‍ പെയിന്‍റ്സ് 50 ലക്ഷം രൂപ.

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 50 ലക്ഷം.

കാഞ്ഞങ്ങാട് നഗരസഭ 50 ലക്ഷം രൂപ.

സംസ്ഥാന സഹകരണ യൂണിയന്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും മാനേജ്മെന്‍റ് വിഹിതവും ചേര്‍ത്ത് 50 ലക്ഷം രൂപ കൈമാറി.

ചേര്‍ത്തല ഗവ. സര്‍വന്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് 35 ലക്ഷം രൂപ.

ചിറയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് 30 ലക്ഷം.

കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയീസ് ഹൗസിങ് സൊസൈറ്റി 25 ലക്ഷം നല്‍കി.

നദുവത്തുല്‍ മുജാഹിദ് പ്രസിഡന്‍റ് ടി പി അബ്ദുള്ളകോയ മദനി ആദ്യ ഗഡുവായി 20 ലക്ഷം.

ആലുവ തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് 10 ലക്ഷം രൂപ.

എല്ലാ നഗരസഭാ ചെയര്‍മാൻമാരും ഒരു മാസത്തെ ഓണറേറിയം സംഭാവന ചെയ്യുമെന്ന് ചെയര്‍മാന്‍സ് ചേംബര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം